നിയമസഭ വജ്രജൂബിലി ആഘോഷം;കാസര്‍ഗോഡ് ജില്ലാതല പരിപാടികള്‍ ഇന്നും നാളെയും

കാസര്‍ഗോഡ് : സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാസര്‍കോട് ജില്ലാതല പരിപാടികള്‍ ഇന്നും നാളെയും (4, 5) നീലേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നടക്കും. നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭാ ചരിത്രപ്രദര്‍ശനം, ഇ.എം.എസ് സ്മൃതി സംഗമംപ്രദര്‍ശനം, മുന്‍നിയമസഭാംഗങ്ങളെ ആദരിക്കല്‍, സെമിനാര്‍, മാതൃകാ നിയമസഭ എന്നിവ നടക്കും.

നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10.30ന് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. നിയമസഭാ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന നിയമസഭാ ചരിത്രപ്രദര്‍ശനം, ഹ്രസ്വചിത്രപ്രദര്‍ശനം ‘നമ്മുടെ നിയമസഭ’, ‘വജ്ര കേരളം’, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഇ.എം.എസ് സ്മൃതി പ്രദര്‍ശനം, മഞ്ചേശ്വരത്ത് ജനുവരി ഒന്നിന് സംഘടിപ്പിച്ച ചിത്രമേളയില്‍ രചിക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും. ഇന്ന് രാത്രി എട്ടു മണിവരെയും നാളെ(5) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയും പ്രദര്‍ശനങ്ങള്‍ കാണുവാന്‍ സൗകര്യമുണ്ടായിരിക്കും.

ഇന്ന് രാവിലെ 11ന് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇ എം എസ് സ്മൃതി സംഗമവും നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജില്ലയിലെ മണ്‍മറഞ്ഞ നിയമ സഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി, മുന്‍ നിയമസഭാംഗങ്ങളെ ആദരിക്കല്‍, സ്വാതന്ത്ര്യ സമരസേനാനികളേയും ആദ്യനിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെയും ആദരിക്കല്‍ എന്നിവ നടക്കും.

റിച്ചാര്‍ഡ് ഹേ എം.പി, എംഎല്‍എമാരായ എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, മുന്‍നിയമസഭാംഗങ്ങളുടെ ഫോറം ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ. കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന കലാ സന്ധ്യ നടക്കും.
നാളെ രാവിലെ 10.30ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ‘അധികാരവികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍’സെമിനാര്‍ നടക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും.

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. വിഷയാവതരണം മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി നടത്തും. ഉച്ചയ്ക്ക് 1.30ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളജ്‌സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ‘മാതൃക നിയമസഭ’ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് സുഭാഷ് അറുകര അവതരിപ്പിക്കുന്ന പഴമയുടെ പാട്ടുകള്‍.

DONT MISS
Top