ശബരിമല; മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു, നടവരവില്‍ വന്‍വര്‍ധന

ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങിയശേഷം നടവരവില്‍ വന്‍വര്‍ധന. നട തുറന്നശേഷം പന്ത്രണ്ട് കോടി രൂപ നടവരവായി ലഭിച്ചു. അതേസമയം മകരവിളക്കിന് എല്ലാ ഒരുക്കങ്ങളും പത്താം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു.

മണ്ഡലകാലത്തെ റെക്കോര്‍ഡ് വരുമാനത്തിന് പിന്നാലെയാണ് മകരവിളക്ക് തീര്‍ത്ഥാടനകാലത്തും വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 30ന് ശബരിമല നട തുറന്ന ശേഷം നാല് ദിവസത്തെ നടവരവ് മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയാണ്. മകരവിളക്ക് ദര്‍ശനത്തിന് പ്രധാനമായും 8 സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ തടിച്ചുകൂടുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ബാരിക്കേഡ് വയ്ക്കുന്ന പണികള്‍ ഈ മാസം പത്തിന് പൂര്‍ത്തിയാക്കും.

മകരവിളക്ക് കാലത്ത് പമ്പയിലും സന്നിധാനത്തുമായി 3000 പൊലീസുകാരെ വിന്യസിക്കും. സുരക്ഷയ്ക്കായി സൈനിക അര്‍ധസൈനിക വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. പന്തളത്തും ഒരുക്കങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

DONT MISS
Top