വ്യാജ വാര്‍ത്തകള്‍ക്ക് സമ്മാനം; വളച്ചൊടിച്ച വാര്‍ത്തകള്‍ക്ക് ‘ഫേക്ക് ന്യൂസ് ട്രോഫി’ നല്‍കുമെന്ന് ട്രംപ്

അഴിമതിക്കാരായ മാധ്യമങ്ങള്‍ക്ക് ഇനി സന്തോഷിക്കാം. അഴിമതിക്കാരെ ആദരിച്ച് ലോകത്തെ ഏറ്റവും വ്യത്യസ്ഥമായ അവാര്‍ഡ് നല്‍കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാജവാര്‍ത്തകള്‍ക്കും സത്യസന്ധമല്ലാത്തതും വളച്ചൊടിച്ചതുമായ റിപ്പോര്‍ട്ടുകള്‍ക്കുമാണ് അവാര്‍ഡ് സമ്മാനിക്കുക.

‘ഫേക്ക് ന്യൂസ് ട്രോഫി’ എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡ് ഈ മാസം എട്ടിന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തയ്ക്ക് അവാര്‍ഡ് നല്‍കുന്ന കാര്യം നവംബര്‍ മാസത്തിലാണ് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടിന് സമ്മാനത്തിനായുള്ള നോമിനേഷനുകള്‍ ക്ഷണിക്കുന്നതായും അറിയിച്ചിരുന്നു.

വ്യാജ വാര്‍ത്തകള്‍ക്ക് സമ്മാനം നല്‍കുന്നതിനൊപ്പം ഏറ്റവും സത്യവിരുദ്ധമായ വാര്‍ത്തയ്ക്ക് പ്രത്യേകമായി ‘കിങ്ങ് ഓഫ് ഫേക്ക് ന്യൂസ’ അവാര്‍ഡും നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍, എബിസി ന്യൂസ്, ടൈം മാഗസിന്‍ തുടങ്ങിയ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിക്കുക. വ്യാജ വാര്‍ത്ത, സത്യസന്ധതയില്ലാത്ത വാര്‍ത്ത, മോശം വാര്‍ത്ത എന്നിങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം അവാര്‍ഡ് നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

അവസരങ്ങള്‍ക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റിന് എട്ടിന്റെ പണി കൊടുത്ത അന്താരാഷ്ട്ര മാധ്യങ്ങള്‍ക്കുള്ള മറുപണിയാണോ ട്രംപിന്റെ ഫേക്ക് ന്യൂസ് അവാര്‍ഡ് എന്ന സംശയത്തിലാണ് നിരീക്ഷകരില്‍ പലരും. സത്യവിരുദ്ധമെന്ന് കണ്ടെത്തി ട്രംപ് ഏത് ന്യൂസാണ് തിരഞ്ഞെടുക്കുകയെന്ന കാര്യത്തില്‍ യാതൊരു ഐഡിയയുമില്ലാത്തതിനാല്‍ അവാര്‍ഡ് പ്രഖ്യാപന ദിവസത്തിനായി കാത്തിരിക്കുകയാണ് മാധ്യമങ്ങളും പൊതുജനങ്ങളും.

DONT MISS
Top