‘ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം’ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദിലീപ്

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ദിലീപ് തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപ് സമൂഹമാധ്യമം വഴി ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് കമ്മാരസംഭവത്തിന്റെതടക്കം റിലീസ് പ്രതിസന്ധിയിലാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടതോടെ അത്തരം വാര്‍ത്തകളെല്ലാം അവസാനിച്ചിരിക്കുകയാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച രാമലീലയാണ് അവസാനമായി തിയേറ്ററിലെത്തിയ ദിലീപ് ചിത്രം.

ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്,

പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ. ഏത്‌ പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി. തുടർന്നും നിങ്ങളുടെ സ്നേഹവും കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവർഷം നേർന്ന് കൊണ്ടും എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം. 
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്… സമർപ്പിതം.
#കമ്മാരസംഭവം

DONT MISS
Top