മറാത്താ-ദലിത് സംഘര്‍ഷം; ബന്ദില്‍ മുംബെെ നഗരം ഭാഗികമായി സ്തംഭിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. ഭീമ കൊറിഗേവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദലിത് സംഘടകള്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തത്.

ദലിത്-മറാത്താ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ബന്ദിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ദലിത് വിഭാഗക്കാര്‍ ട്രെയിന്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിരവധി ബസുകള്‍ തകര്‍ത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല. ബന്ദ് മൂലം വിമാനത്താവളത്തിലേക്കെത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത്-മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് കഴിഞ് ദിവസം മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്കും കൂടി വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാക്കേറ്റവും കൈയേറ്റവും പൊടുന്നനെ വലിയ സംഘര്‍ഷത്തിലേക്ക് മാറുകയും സ്ഥിതി നിയന്ത്രണാതീതം ആവുകയുമായിരുന്നു.

അതേസമയം മറാത്താ-ദലിത് കലാപം പാര്‍ലമെന്റെ നടപടികളെയും സ്തംഭിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തിലാണ് പാര്‍ലമെന്റ് നടപടികള്‍ തടസപെട്ടത്. അതേസമയം, കലാപത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരും ആരോപിച്ചു.

DONT MISS
Top