കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചത്; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

വിക്രം സെയ്നി

മുസഫര്‍നഗര്‍: ഒന്നിനു പിറകെ ഒന്നായി വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുകയാണ് ബിജെപി നേതാക്കള്‍. കഴിവുകെട്ട നേതാക്കളാണ് താടിക്കാരെ സംരക്ഷിച്ചതെന്ന് ബിജെപി എംഎല്‍എയായ വിക്രം സെയ്നി ഒരു പ്രസംഗത്തിനിടെ പറഞ്ഞതാണ് ഇപ്പോഴുള്ള വിവാദം. ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രമുള്ളതാണ് ഇന്ത്യയെന്നും സെയ്നി പറഞ്ഞിരുന്നു.

താടി നീട്ടിവളര്‍ത്തിയവര്‍ ഇന്ത്യ വിടുന്നത് കുറെ കഴിവുകെട്ട നേതാക്കള്‍ തടഞ്ഞു. താടിവെച്ചവര്‍ നമ്മുടെ സ്വത്തും ഭൂമിയും എല്ലാം കൈക്കലാക്കി. അതെല്ലാം നമ്മുടേതായിരുന്നുവെന്നും സെയ്‌നി പറഞ്ഞു. എന്നാല്‍ വിഭജനത്തെക്കുറിച്ച് പറഞ്ഞ പ്രസ്താവന വിവാദമായതോടെ എംഎല്‍എ തന്നെ തന്റെ നിലപാട് മാറ്റി.

ഞാന്‍ ഒരു ഉറച്ച ഹിന്ദുവാണ്. ഹിന്ദുത്വം എന്നത് എന്റെ വ്യക്തിത്വം ആണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും സെയ്‌നി പറഞ്ഞു. സെയ്‌നിയുടെ പ്രസംഗം സമൂമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ഒരുപാടു പേര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സെയ്‌നി തന്നെ രംഗത്തെത്തി. പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം കാണിച്ച് തന്നെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് സെയ്‌നി പറഞ്ഞത്. കൂടാതെ വിഭജനസമയത്തെ ഒരു കാര്യങ്ങളും താന്‍ പറഞ്ഞിട്ടില്ലെന്നും സെയ്‌നി പറഞ്ഞു.

പ്രസംഗത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെയും സെയ്‌നി വിമര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക വിഭാഗങ്ങളുടെ വികസനത്തിനാണ് ഊന്നല്‍ നല്‍കിയത്. താടിയുടെ നീളം കൂടുന്നതിനനുസരിച്ച് അവര്‍ക്ക് പണവും കൂടുതല്‍ നല്‍കിയിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അങ്ങനെയല്ല. എല്ലാവരുടെയും ക്ഷേമത്തിനാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും സെയ്‌നി പറഞ്ഞു.

DONT MISS
Top