പാതിവഴിയില്‍ മ്യുലന്‍സ്റ്റീന്‍ പടിയിറങ്ങുമ്പോള്‍

റെനെ മ്യുലന്‍സ്റ്റീന്‍

പന്ത്രണ്ട് വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സഹായിയായി വിജയം വരിച്ചെങ്കിലും ഒറ്റയ്‌ക്കൊരു ടീമിനെ പരിശീലിപ്പിച്ചപ്പോഴെല്ലാം പരാജയമായിരുന്നു മ്യുലന്‍സ്റ്റീന്‍. ബ്ലാസ്റ്റേഴ്‌സില്‍ വരുന്നതിന് തൊട്ടുമുമ്പ് മക്കാബി ഹായിഫയുടെ പരിശീലകനായിരുന്നു. പക്ഷേ ആറുമാസമേ അവിടെ തുടരാന്‍ കഴിഞ്ഞുള്ളു. ബ്ലാസ്റ്റേഴ്‌സില്‍ എന്ന പോലെ സീസണിന്റെ പകുതിയില്‍ രാജിവച്ചു മടങ്ങുകയായിരുന്നു മ്യുലന്‍സ്റ്റീന്‍ അവിടെയും.

യുണൈറ്റഡ് ഒഴിച്ചാല്‍ ഖത്തറിന്റെ പതിനെട്ട് വയസിന് താഴെയുള്ളവരുടെ ടീമിനെ 1993 മുതല്‍ 99 വരെ പരിശീലിപ്പിച്ചു എന്നതു മാത്രമാണ് എടുത്തുപറയാനുള്ളത്. മക്കാബിയില്‍ ചേരുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാന്റെ പരിശീലകനായിരുന്നു മ്യുലന്‍സ്റ്റീന്‍. അവിടെ ഒരു വര്‍ഷം മാത്രമേ തുടരാനായുള്ളൂ. അല്‍-ഇത്തിഹാദ് ടീമിനേയും ഒരു വര്‍ഷം മാത്രമേ പരിശീലിപ്പിച്ചിട്ടുള്ളു. ജൂനിയര്‍ ടീമുകളില്‍ വിജയമായിരുന്നുവെങ്കിലും സീനിയര്‍ ടീമുകളില്‍ പരാജയമായിരുന്നു അദ്ദേഹം.

പരിശീലിപ്പിച്ച ടീമുകളുടെ മോശം പ്രകടനമായിരുന്നു ചുമതലയില്‍ നിന്നു വിരമിക്കാന്‍ എപ്പോഴും കാരണമായതും, ബ്ലാസ്‌റ്റേഴ്‌സിലും അതുതന്നെയാവര്‍ത്തിച്ചു. ആദ്യ മൂന്നു മത്സരങ്ങള്‍ പിന്നിട്ടതോടെ തന്നെ ടീം മാനേജ്‌മെന്റ് അവരുടെ അതൃപ്തി മ്യുലന്‍സ്റ്റീനെ അറിയിച്ചിരുന്നു. ടീമിന്റെ സ്ഥിരതയില്ലായ്മ ഏഴാം മത്സരത്തിലും ആവര്‍ത്തിച്ചപ്പോഴാണ് മറ്റുമാര്‍ഗങ്ങള്‍ ആരായാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ മ്യുലന്‍സ്റ്റീന്‍ ടീം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

കളിക്കാരുമായുള്ള പരിശീലകന്റെ ബന്ധം തുടക്കത്തിലേ പാളിയിരുന്നു. കളിക്കാരെ വിട്ട് മറ്റൊരു ഹോട്ടലില്‍ താമസിക്കാന്‍ മ്യുലന്‍സ്റ്റീന്‍ എടുത്ത തീരുമാനവും കളിക്കാരില്‍ നിന്ന് അകലം പാലിച്ചതും തുടക്കത്തിലേ ടീം മാനേജ്‌മെന്റിന്റെ അതൃപ്തി ക്ഷണിച്ചു വരുത്തിയിരുന്നു. അതിനപ്പുറത്ത് തനിക്കു ലഭിച്ച കളിക്കാരെ ശരിയായി മനസിലാക്കുന്നതിലും ഉപയോഗിക്കുന്നതിനും അദ്ദേഹം വിജയിച്ചുമില്ല. കളിക്കാരുടെ തെറ്റായ ഉപയോഗമാണ് ബ്ലാസ്‌റ്റേഴ്‌സിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതെന്ന വിലയിരുത്തലാണ് മാനേജ്‌മെന്റിനുള്ളത്. എതിര്‍ ടീമുകളെ മനസിലാക്കുന്നതിലും അദ്ദേഹത്തിന് പിഴവ് പറ്റിയിരുന്നു. ഗോവന്‍ ടീമുമായുള്ള മത്സരം അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദ്യമത്സരം മുതല്‍ വിംഗുകളെ ഉപേക്ഷിച്ച് കളിക്കുന്ന രീതിയായിരുന്നു ഗോവയുടേത്. എന്നാല്‍ അക്കാര്യം ശ്രദ്ധിക്കാനോ അതിനനുസരിച്ച് തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കാനോ മ്യുലന്‍സ്റ്റീന് കഴിഞ്ഞില്ല.

സൂപ്പര്‍ ലീഗിന്റെ രണ്ടാം എഡിഷനില്‍ ബ്ലാസ്റ്റേഴ്‌സിന് പിണഞ്ഞതും ഇതേ അബദ്ധമായിരുന്നു. അന്നു ടീം സെമിയില്‍ പോലും കടക്കാതെ പുറത്തു പോയി. ആദ്യം പീറ്റര്‍ ടെയ്‌ലറും പിന്നീട് മോര്‍ഗനും അതിനു ശേഷം ടെറിഫെലാനും അന്ന് പരിശീലകരായി വന്നു. എങ്കിലും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മികച്ച ടീമാണ് ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സ്. പക്ഷേ ആ ടീമിനെ ഭാവനാത്മകമായി വിന്യസിക്കാന്‍ കഴിയണം. സൂപ്പര്‍ ലീഗിന്റെ സ്വഭാവത്തേയും കളിക്കാരേയും കുറിച്ച് നല്ല ധാരണയുള്ളൊരു പരിശീലകനുമാത്രമേ അതിനു കഴിയൂ. ഡേവിഡ് ജെയിംസ് എന്ന പരിശീലകനിലേക്ക് മനേജ്‌മെന്റിന്റെ ശ്രദ്ധതിരിയുന്നത് അങ്ങനെയാണ്. മറ്റു ചില പേരുകളും കേള്‍ക്കുന്നുണ്ട്. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹത്തിന്റെ വരവെന്നാണ് അഭ്യൂഹം.

DONT MISS
Top