സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നില്ലെങ്കില്‍ സാമ്പത്തികസഹായം നിര്‍ത്തലാക്കും; പലസ്തീന് മുന്നറിയിപ്പുമായി ട്രംപ്

ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പാകിസ്താന് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തലാക്കിയതിനു പിന്നാലെ പലസ്തീന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചകള്‍ തുടര്‍ന്നില്ലെങ്കില്‍ സാമ്പത്തിക സഹായം നിര്‍ത്തലാക്കും എന്ന മുന്നറിയിപ്പാണ് പലസ്തീനും അമേരിക്ക നല്‍കിയിരിക്കുന്നത്.

വര്‍ഷം തോറും ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക പലസ്തീന് കൈമാറുന്നത്. എന്നിട്ടും അമേരിക്കയെ ബഹുമാനിക്കാനോ അഭിനന്ദിക്കാനോ പലസ്തീന്‍ തയ്യാറാകുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കൂടാതെ അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിനാണ് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതെന്നും ട്രംപ് ചോദിച്ചു.

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ പലസ്തീന്‍ ചോദ്യം ചെയ്തിരുന്നു. അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് പലസ്തീന്‍ അമേരിക്കയിലെ സ്ഥാനപതിയെ തിരിച്ചു വിളിച്ചിരുന്നു. ഇതിനെയും ട്രംപ് ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.

അഫ്ഗാനിസ്താനിലെ ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു പാകിസ്താന് നല്‍കികൊണ്ടിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കന്‍ നിലപാടിനെതിരെ പാകിസ്താന്‍ ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ലാന്നായിരുന്നു പാകിസ്താന്‍ പറഞ്ഞത്.

DONT MISS
Top