മറാത്ത-ദലിത് സംഘര്‍ഷം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

മുംബൈ: മറാത്ത്-ദളിത് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. സംഘര്‍ഷത്തില്‍ ഇന്നലെ യുവാവ് കൊല്ലപ്പെട്ടിരുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ അക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 1818 ല്‍ നടന്ന യുദ്ധത്തില്‍ ദലിതുകള്‍ ഉള്‍പ്പെട്ട ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സവര്‍ണവിഭാഗങ്ങള്‍ ഉള്‍പ്പെട്ട പേഷ്വാ സൈന്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ഈ ദിനത്തെ വിജയ് ദിവസ് ആയിട്ടാണ് ദലിതുകള്‍ ആഘോഷിക്കുന്നത്.

പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത്-മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇന്നലെ മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിന്റെ മരണത്തില്‍ സിഐഡി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്കേറ്റവും കൈയേറ്റവും പൊടുന്നനെ വലിയ സംഘര്‍ഷത്തിലേക്ക് മാറുകയും സ്ഥിതി നിയന്ത്രണാതീതം ആവുകയുമയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഉയര്‍ന്ന ജാതിയില്‍പെട്ട ആളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

DONT MISS
Top