കാസര്‍ഗോഡ് ജില്ലാ പോലിസിന്റെ ഹ്രസ്വചിത്രം വേഗം പുറത്തിറങ്ങി.

കാസര്‍ഗോഡ്:  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിയും മുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയരായ കാസര്‍കോട്ടെ ഏഴുപോലിസുകാര്‍ അഭിനയിച്ച് ഒരുക്കിയ ഹ്രസ്വചിത്രമാണ് വേഗം.ഫഹദ്ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സി.ഐ. സിബി തോമസാണ് ഇതില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരായ ബാബുദാസ്, അശോകന്‍ കള്ളാര്‍, സജിത്ത് പടന്ന, ഷീബ, സരള, പവിത്രന്‍, കണ്ണൂരിലെ ശ്രീജില്‍, ഭാസ്‌കരന്‍ കാറടുക്ക എന്നിവരാണ് അഭിനേതാക്കള്‍.ചിത്രം നിര്‍മിച്ചിരിക്കുന്നത് കാസര്‍കോട് ജില്ലാ പോലിസ് വകുപ്പ് തന്നെ. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രത്തില്‍ ഹെല്‍മെറ്റിടാതെ വാഹനം ഓടിക്കുക,മദ്യപിച്ച് വണ്ടിയോടിക്കുക തുടങ്ങിയ ട്രാഫിക് ലംഘനത്തിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങള്‍ കാട്ടിത്തരുന്നു.മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ അമിത സ്‌നേഹം കാരണം തന്റെ മകന് ബൈക്ക് വാങ്ങിക്കൊടുക്കുകയും അശ്രദ്ധയില്‍ വണ്ടിയോടിച്ച് അപകടത്തില്‍പെട്ട് ആശുപത്രിയിലാകുകയും പിന്നീട് മരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

ഒരു ഡോക്ടര്‍ അപകടത്തില്‍പെട്ടുവരുന്നവരുടെ ബന്ധുക്കള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി റോഡ് സുരക്ഷയുണ്ടാക്കാനുള്ള ശ്രമവും ചിത്രത്തിലുണ്ട്. പതിനഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാബുദാസ് കോടോത്താണ്.വിജയന്‍ പേരിയ പ്രൊഡക്ഷന്‍ കട്രോളറായ ചിത്രത്തിന്റെ ക്യാമറ ഷിജുനൊസ്റ്റാള്‍ജിയ ആണ്.ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സി.ഡി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോദരന്‍ സി.ഡി ഏറ്റുവാങ്ങി.

DONT MISS
Top