രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വെബ്‌സൈറ്റും മൊബെെല്‍ ആപ്ലിക്കേഷനുമായി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അണികളെ ഒന്നിപ്പിക്കുന്നതിനായി വെബ്‌സൈറ്റും മൊബെെല്‍ ആപ്ലിക്കേഷനുമായി തമിഴ് താരം രജനീകാന്ത്. രജനീമണ്‍ട്രം എന്ന പേരിലാണ് താരം വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ നല്ലൊരു ഭരണം കൊണ്ടുവരുന്നതിനാണ് രജനീമണ്‍ട്രം ആരംഭിച്ചിരിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്നവര്‍ തങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജനീകാന്ത് വീഡിയോയില്‍ പറയുന്നു. രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും രജനീകാന്ത് വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിന്റെ സമാപനദിനത്തിലാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴകത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രജനീകാന്തിന്റെ തീരുമാനം ഏറെ നിര്‍ണായകമാണ്.

DONT MISS
Top