മാനുഷീക മൂല്യങ്ങള്‍ വളര്‍ത്താന്‍ വൈറ്റലിന്റെ പ്രവര്‍ത്തനം

കാസര്‍ഗോഡ് : കുട്ടികളില്‍ നന്മയും മാനുഷീകമൂല്യവും വളര്‍ത്തിയെടുക്കാനും മൗലീക കടമയെകുറിച്ചുള്ള അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ട് രൂപീകൃതമായ വൈറ്റല്‍ സംഘടനയുടെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കുന്നു.കാഞ്ഞങ്ങാട് റോട്ടറിയുടെ സഹകരണത്തോടെ ആദ്യഘട്ടത്തില്‍ എട്ടു സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന്റെ മേല്‍നോട്ടത്തിലാണ് വൈറ്റല്‍ സംഘടന രൂപംകൊണ്ടത്. മൗലീക കടമ ദിനമായ മൂന്നിന് ഇത്രയും സ്‌കൂളുകളുകളില്‍ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കുകയും മൗലീക കടമയെ കുറിച്ച് തയ്യാറാക്കി നല്കുന്ന ബോര്‍ഡ് സ്‌കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഉച്ചക്ക് 2.30ന് കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൗലീക കടമ ദിനാഘോഷ പരിപാടി നടത്തും. കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി, ബല്ല ഹയര്‍സെക്കന്‍ഡറി, രാംനഗര്‍ ഹയര്‍സെക്കന്‍ഡറി, ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി, ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ,വെള്ളിക്കോത്ത് പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, പെരിയ ജവഹര്‍ നവോദയ, കാഞ്ഞങ്ങാട് ചിന്മയ, അജാനൂര്‍ ക്രസന്റ് എന്നീ സ്‌കൂളുകളാണ് തിരഞ്ഞെടുത്തത്.

ഇത്രയും സ്‌കൂളുകളില്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് മൗലീക കടമ എന്ന വിഷയത്തില്‍ ക്ലാസ് നല്കി. മൗലീക കടമ എന്ന വിഷയത്തില്‍ ഉപന്യാസചിത്രരചനാമത്സരങ്ങള്‍ നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ദുര്‍ഗാ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മൗലീക കടമയെ കുറിച്ചു വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട വൈറ്റലിന്റെ പ്രവര്‍ത്തകര്‍ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പാഠ്യപദ്ധതി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുയും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വൈറ്റല്‍ ഭാരവാഹികള്‍ പറഞ്ഞു. വൈറ്റലിന്റെ പ്രവര്‍ത്തകര്‍ സ്‌കൂളുകളിലെത്തി വീഡിയോ പ്രദര്‍ശനത്തിലൂടെയാണ് കുട്ടികളെ ബോധവല്‍ക്കരിക്കുന്നത്.

കെ.വേണുഗോപാലന്‍ നമ്പ്യാര്‍, രാജേഷ് കാമത്ത്, ശ്രീധരന്‍, എം.കെ.വിനോദ്, എം.വിനോദ്, എന്‍.സുരേഷ്, ശ്രദ്ധ ധ്രുവ്, വി.വി.ഹരീഷ്, ദത്ത പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

DONT MISS
Top