എല്ലാം മാറേണ്ടിയിരിക്കുന്നു, ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും, ഇതാണ് സമയം: രജനീകാന്ത്

ചെന്നൈ: ഒടുവില്‍ ആ പ്രഖ്യാപനം വന്നു. രണ്ട് പതിറ്റാണ്ടുകളായി തമിഴ്‌നാട് കാതോര്‍ത്തിരുന്ന വാക്കുകളാണ് ഇന്ന് ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ മുഴങ്ങിക്കേട്ടത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റേതായിരുന്നു ആ വാക്കുകള്‍. തന്റെ രാഷ്ട്രീയപ്രവേശനം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് വെള്ളിത്തിരയിലെ പകരം വെക്കാനില്ലാത്ത എളിയ മനുഷ്യന്‍.

നല്ല ഭരണം കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ എല്ലാം മാറേണ്ടിയിരിക്കുന്നു. ഈ സംവിധാനം ഞങ്ങള്‍ മാറ്റിമറിക്കും. അതിനുള്ള സമയമാണിത്. തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തെ സാക്ഷിനിര്‍ത്തി രജനി പ്രഖ്യാപിച്ചു. ആറുദിവസങ്ങളായി നടന്ന ആരാധകസംഗമത്തിന്റെ സമാപന ദിനത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയപ്രവേശനപ്രഖ്യാപനം നടന്നത്. ഡിസംബര്‍ 31 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ആദ്യദിനത്തില്‍ തന്നെ രജനി വ്യക്തമാക്കിയിരുന്നു.

ഞാന്‍ രാഷ്ട്രീത്തില്‍ പ്രവേശിക്കുകയാണ്. എന്റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ ചെയ്തികള്‍ തമിഴ്‌നാടിനെ മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യപാത്രമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ചിരിക്കുകയാണ്. ഇപ്പോള്‍ ഞാനൊരു തീരുമാനം എടുത്തില്ലെങ്കില്‍ ജനങ്ങള്‍ വലിയ നിരാശയിലാകും. അത് വലിയ തെറ്റായിപ്പോകും. ആ കുറ്റം എന്നെ വല്ലാതെ അലട്ടും.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും രജനി വ്യക്തമാക്കി. എനിക്ക് പുതിയ പാര്‍ട്ടിക്കായി വേണ്ടത് പ്രവര്‍ത്തകരെയല്ല, കാവല്‍നായ്ക്കളെയാണ്. ഈ കാവല്‍ നായ്ക്കളുടെ തലവന്‍ ഞാനായിരിക്കും. എല്ലാ വില്ലേജുകളിലെയും ജനങ്ങളെ നമ്മള്‍ സമീപിക്കണം. അതാണ് ആദ്യത്തെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉചിതമായ സമയത്ത് നമ്മുടെ നയങ്ങളുടെ വാഗ്ദാനങ്ങളും വെളിപ്പെടുത്തും. രജനി പറഞ്ഞു.

മുഖ്യമന്ത്രിപദം എന്നെ വളരെ മുന്‍പ് തന്നെ തേടി വന്നതാണ്. എന്നാല്‍ അതില്‍ നിന്നും മാറി നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. നാല്‍പ്പതാമത്തെ വയസില്‍ മുഖ്യമന്ത്രിയാവുക എന്ന ആഗ്രഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അടുത്ത മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടുള്ള പോസ്റ്ററുകളോട് പ്രതികരിക്കുകയായിരുന്നു താരം.

DONT MISS
Top