പൊതുശ്മശാനം പതിച്ചുനല്‍കാന്‍ ശ്രമം നടക്കുന്നതായി ആരോപണം: പ്രക്ഷോഭത്തിനൊരുങ്ങി പോതമേട് നിവാസികള്‍

ശ്മശാന സ്ഥലത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ച നിലയില്‍

മൂന്നാര്‍: മൂന്നാര്‍ പോതമേട്ടില്‍ എഴുപത് വര്‍ഷമായി പൊതുശ്മശാനമായി ഉപയോഗിക്കുന്ന സ്ഥലം പതിച്ചുനല്‍കാന്‍ നീക്കം നടക്കുന്നതായി പരാതി. സ്വകാര്യ വ്യക്തി ശ്മശാനത്തിലേക്കുള്ള വഴി അടച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടം നാട്ടുകാര്‍ പൊളിച്ചുനീക്കി.

പട്ടയമില്ലാത്ത രണ്ടും മൂന്നും സെന്റില്‍ താമസിക്കുന്ന പോതമേട്ടിലെ കോളനി നിവാസികള്‍ ഏഴ് പതിറ്റാണ്ടിലേറെയായി മരണപ്പെടുന്നവരെ സംസ്‌കരിക്കുന്നത് ഈ ഭൂമിയിലാണ്. ഏതാണ്ട് രണ്ടര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി. എന്നാല്‍ അടുത്തിടെ ഈ ഭൂമി റവന്യു ഉദ്യോഗസ്ഥര്‍ ഒരു സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി. ശ്മശാനത്തിലേക്കുള്ള വഴി അടച്ച് വേലികെട്ടി തിരിച്ച സ്വകാര്യ വ്യക്തി കെട്ടിട നിര്‍മ്മാണവും ആരംഭിച്ചു. മരിച്ചവരെ സംസ്‌കരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത കോളനി നിവാസികള്‍ സ്ത്രീ-പുരുഷ ഭേദമന്യേ സ്ഥലത്തെത്തി നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി.

ശ്മശാന സ്ഥലത്ത് വന്‍കിട കയ്യേറ്റക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ഭൂമി പതിച്ചുനല്‍കി എന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ നിലപാട്. ഇതോടെ ആരെങ്കിലും മരണപ്പെട്ടാല്‍ പോലും ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. കളക്ടര്‍ക്ക് പരാതി നല്‍കി മറുപടിക്കായി കാത്തിരിക്കുകയാണ് കോളനി നിവാസികള്‍.

DONT MISS
Top