കാസര്‍ഗോഡ് ജില്ലയില്‍ അനാഥാലയങ്ങളില്‍ 1694 കുട്ടികള്‍

കാസര്‍ഗോഡ്:  ജില്ലയില്‍ ഓഫണേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളില്‍ 1694 കുട്ടികള്‍ അന്തേവാസികളായിട്ടുണ്ടെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജില്ലാവികസന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 113 കുട്ടികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ കുട്ടികളില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനാഥാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പത്തോളം സ്ഥാപനങ്ങളാണ് രജിസ്‌ട്രേഷന് സന്നദ്ധമായതെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പറഞ്ഞു. സുപ്രീം കോടതിവിധി പ്രകാരം അച്ഛനും അമ്മയുമില്ലാത്ത അനാഥ കുട്ടികളെ പ്രത്യേക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.

ജില്ലയിലെ അനാഥാലയങ്ങളില്‍ ഡിസംബര്‍ 18ന് സര്‍വേ നടത്തിയാണ് അന്തേവാസികളായ കുട്ടികളുടെ എണ്ണം കണക്കാക്കിയത്. ജില്ലയില്‍ അംഗീകാരമുള്ള 37 ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ അരി അനുവദിച്ചു വരുന്നുണ്ടെന്നും പത്തുമാസത്തേക്കുള്ള അലോട്ട്‌മെന്റാണ് കിട്ടിയിട്ടുള്ളതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു അന്തേവാസിക്ക് 5 കിലോ അരിയും 3 കിലോ ഗോതമ്പുമാണ് അനുവദിക്കുന്നത്. ജില്ലയിലെ മൊത്തം പ്രതിമാസ ആവശ്യകത 91.6 ക്വിന്റല്‍ അരിയും (ആവശ്യമുള്ളത് 2198.4 ക്വിന്റല്‍) 36.64 ക്വിന്റല്‍ ഗോതമ്പുമാണ് (ആവശ്യമുള്ളത് 879.36 ക്വിന്റല്‍). എന്നാല്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് വളരെ പരിമിതമാണ്. 2015 ഒക്‌ടോബര്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെ ആകെ ലഭിച്ചത് 660.22 ക്വിന്റല്‍ അരിയും 160.2 ക്വന്റല്‍ ഗോതമ്പുമാണ്.

കുറവ് വന്ന 1538 ക്വിന്റല്‍ അരിയും 719 ക്വിന്റല്‍ ഗോതമ്പും ഭക്ഷ്യഭദ്രതാ നിയമം വരുന്നതിന് മുമ്പ് ബി.പി.എല്‍ വിഭാഗത്തില്‍ നിന്നും വക മാറ്റിയാണ് നല്‍കിയത്. എന്നാല്‍ ആയത് ഇതുവരെ തിരികെ വെക്കുവാന്‍ സാധിച്ചിട്ടില്ല. പ്രതിമാസ ആവശ്യകത എല്ലാ മാസവും കൃത്യമായ അളവില്‍ മുടങ്ങാതെ ലഭ്യമായാല്‍ മാത്രമേ വെല്‍ഫെയര്‍ സാധനങ്ങള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ മുടങ്ങാതെ നല്‍കുവാന്‍ സാധിക്കുകയുള്ളൂവെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.

DONT MISS
Top