അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്നത് നിരവധി സഞ്ചാരികള്‍; പരിശോധന കര്‍ശനമാക്കി പൊലീസ്

മൂന്നാറില്‍ നിന്നുള്ള ദൃശ്യം

മൂന്നാര്‍: തണുപ്പ് വര്‍ദ്ധിച്ചതോടെ അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെത്ത് മൂന്നാറില്‍ ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കും. റിസോര്‍ട്ടുകളിലും കോട്ടേജുകളിലുമടക്കം പരിശോധന നടത്തും.

ക്രിസ്തുമസ്-ന്യൂ ഇയര്‍ അവധി ആഘോഷിക്കുന്നതിന് എക്കാലവും വന്‍ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. ഇതിനായി മാസങ്ങള്‍ക്ക് മുമ്പുതന്നെ മൂന്നാറിലെ കോട്ടേജുകളും റിസോര്‍ട്ടുകളുമടക്കം സഞ്ചാരികള്‍ ബുക്ക്‌ചെയ്യും. ഇതിന്റെ മറവില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇത്തവണ ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ പരിശോധനയും ശക്തമാക്കും. മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടേജുകള്‍, റിസോര്‍ട്ട് ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ പൊലീസ് നേരിട്ടെത്തി പരിശോധന നടത്തുമെന്നും, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കര്‍ശന നടപടി സ്വീകരിക്കുമെന്നും മൂന്നാര്‍ ഡിവൈഎസ്പി എസ് അബിലാഷ് പറഞ്ഞു.

ടൗണില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിന് വാഹന പരിശോധന കര്‍ശനമാക്കും. ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമടക്കം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറില്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top