രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് കാതോര്‍ത്ത് തമിഴകം

രജനീകാന്ത്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നുണ്ടാകും. ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം അറിയിച്ചത്. നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും.

രാഷ്ട്രീയത്തില്‍ താന്‍ ആദ്യമല്ലെന്നും എന്നാല്‍ അതിലേക്കിറങ്ങാന്‍ വൈകിയെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പ്രതികരിച്ചത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം അതിന് തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തന്നെ വിജയത്തിന് തുല്യമാണ്. ഇത് സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31 ന് അറിയിക്കുമെന്നും സൂപ്പര്‍സ്റ്റാര്‍ ആരാധകരോട് പറഞ്ഞു. ആരാധക സംഗമത്തില്‍ വെച്ചാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുക.

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി താരം എന്തുതന്നെ തീരുമാനമെടുത്താലും അതിനെ സ്വീകരിക്കുമെന്ന് രജനീകാന്തിന്റെ ഭാര്യ ലത വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉലകനായകന്‍ കമലഹാസനും നേരത്തെ സൂചന നല്‍കിയിരുന്നു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഉലകനായകന്‍ കമലഹാസന്‍ തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയപ്പോഴും രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ആകാംഷയുണ്ടായിരുന്നു.

DONT MISS
Top