സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

പ്രതീകാത്മക ചിത്രം

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന കമ്മറ്റി അംഗങ്ങൾ  ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. എംബി രാജേഷ് എംപിയെ അത്യാവശ്യ ഘട്ടങ്ങളിൽ പോലും കിട്ടുന്നില്ലെന്ന് റിപോർട്ടിൽ വിമർശനം ഉയർന്നപ്പോൾ എൻ എൻ കൃഷ്ണദാസ് പാർട്ടി കീഴ്‌വഴക്കങ്ങൾ പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ വിമർശനം. സമ്മേളനത്തിലെ പൊതു ചർച്ചയിൽ സിപിഐക്കെതിരെയും വിമർശനമുണ്ടായി.

ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കി സ്വയംവിമർശനപരമായി കാര്യങ്ങൾ ഉൾക്കൊള്ളണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എംബി രാജേഷ് എംപിയെ അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിൽ പോലും കിട്ടുന്നില്ലെന്നും എംപി തിരിച്ചുവിളിക്കാറില്ലെന്നും ആക്ഷേപമുണ്ട്. സംഘടനാ പ്രവർത്തനത്തിന്  എംബി രാജേഷ് എംപി കൂടുതൽ സമയം കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

എൻഎൻ കൃഷ്ണദാസ് തന്റെ അഭിപ്രായം സ്ഥാപിച്ചെടുക്കുന്നതിന് സംഘടനാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുകയാണെന്നും ഒറ്റപ്പാലം എംഎൽഎ പി ഉണ്ണിക്ക്  ഗ്യാലറിയിരുന്ന് കളി കാണുന്ന മനോഭാവമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ജില്ലാ നേതൃത്വം ദുർബലമാണെന്ന് എംഎൽഎ പ്രചരിപ്പിക്കുന്നാതായും റിപ്പോർട്ടിൽ പറയുന്നു. തെറ്റിനെ ന്യായീകരിക്കുന്ന സ്വഭാവമാണ് എം ചന്ദ്രനെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എം ഹംസ, പികെ സുധാകരൻ എന്നിവർക്കെതിരെയും വിമർശനമുണ്ട്.

സമ്മേളനത്തിലെ പൊതു ചർച്ചയിൽ സിപിഐക്കെതിരെയും വിമർശനമുണ്ടായി. സിപിഐ ജില്ലാ സെക്രട്ടറി അഞ്ചു വർഷം കൊണ്ട് കോടീശ്വരനാവാനാണ് ശ്രമിക്കുന്നതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

DONT MISS
Top