2017 ല്‍ ലോകം വിശ്വസിച്ച വ്യാജവാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി നിരവധി വ്യാജവാര്‍ത്തകളാണ് ഇന്ന് ലോകത്ത് പ്രചരിക്കുന്നത്.  സ്വന്തം ഇഷ്ടാനുസരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും അവ എല്ലാവരും പ്രചരിപ്പിക്കുന്നതോടെ ലോകം തന്നെ ആ വ്യാജ വാര്‍ത്തയെ വിശ്വസിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മുന്‍നിര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുന്നതോടെ വ്യാജ വാര്‍ത്ത സത്യമായി തീരുകയും എല്ലാവരും അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഒടുവില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കാര്യകാരണ സഹിതം ഇതേ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുമ്പോഴാണ് പലതിന്റെയും സത്യാവസ്ഥ നമ്മള്‍ തിരിച്ചറിയുന്നത്.

പോയ വര്‍ഷവും ഒരു പാട് വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും  പ്രചരിച്ചിരുന്നു. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തില്‍ കഴിഞ്ഞ 12 മാസം കൊണ്ട് വ്യാജവാര്‍ത്തകള്‍ക്ക് 365 ശതമാനത്തോളം വളര്‍ച്ച ഉണ്ടായതായി കണ്ടെത്തി. ഇനി 2017 ല്‍ ലോകം വിശ്വസിച്ച പ്രധാന വ്യാജവാര്‍ത്തകള്‍ പരിശോധിക്കാം.

ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആകാശ് അംബാനിയുടെ വിവാഹ കത്ത്

ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ആകാശ് ആംബാനിയുടെ വിവാഹ കത്ത് എന്ന വാര്‍ത്ത സമൂഹമാധ്യമം ഏറെ ചര്‍ച്ച ചെയ്തിരുന്നു. അത്ഭുതത്തോടെയായിരുന്നു പലരും ഈ വാര്‍ത്തയെയും ചിത്രത്തെയും നോക്കി കണ്ടത്. എന്നാല്‍ മറ്റു ചിലര്‍ കത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ വിഷയം കൊഴുക്കുന്നതിനിടയ്ക്ക് ആകാശിന്റെ വിവാഹം പോലും നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞ് റിലയന്‍സ് ഗ്രൂപ്പ് തന്നെ രംഗത്തെത്തി. അത്തരത്തില്‍ ഒരു കത്തില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പറഞ്ഞതോടെ വാര്‍ത്തയെ സമൂഹമാധ്യമവും ഉപേക്ഷിച്ചു.

അഞ്ചലീനാ ജോളിയെപ്പോലെയാകാന്‍ 50 ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടി

നവംബര്‍ അവസാനത്തോടെ സമൂഹമാധ്യമം ആഘോഷിച്ച വാര്‍ത്തയായിരുന്നു അഞ്ചലീനാ ജോളിയെപ്പോലെയാകാന്‍ അമ്പത് ശസ്ത്രക്രിയ ചെയ്ത സബര്‍ തബര്‍ എന്ന പെണ്‍കുട്ടിയുടേത്. പെണ്‍കുട്ടി അഞ്ചലീന ജോളിയുടെ വലിയ ഫാന്‍ ആണെന്നും അവരെപ്പോലെയാകാന്‍ ശസ്ത്രക്രിയ നടത്തി മുഖം വികൃതമായെന്നുമാണ് വാര്‍ത്തകള്‍ വന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചതോടെ വാര്‍ത്ത സത്യമാണെന്ന് എല്ലാവരും വിശ്വസിച്ചു.

എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് സബര്‍ തബര്‍ തന്നെ രംഗത്തെത്തി. അമ്പത് ശസ്ത്രക്രിയ പോയിട്ട് ഒരു ശസ്ത്രക്രിയ പോലും തന്റെ ശരീരത്തില്‍ ചെയ്തിട്ടില്ലെന്നായിരുന്നു സബറിന്റെ വെളിപ്പെടുത്തല്‍. ഫോട്ടോഷോപ്പും മറ്റു സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഫോട്ടോ ഇത്തരത്തില്‍ മാറ്റി എടുത്തത്. ഫോട്ടോ എടുക്കുമ്പോള്‍ പശ്ചാത്തലം ബ്ലെര്‍ ആക്കിയും കൂടാതെ മേക്ക്അപ്പ് ഉപയോഗിച്ചുമാണ് മുഖം ഇങ്ങനെ വികൃതമാക്കുന്നതെന്ന് സബര്‍ തന്നെ പറഞ്ഞു.

ബിഗിനിംഗ് എന്ന വാക്ക് ഉച്ചരിക്കാന്‍ അറിയാത്ത ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ബിഗിനിംഗ് എന്ന് ഉച്ചരിക്കാന്‍ അറിയാത്ത ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ വീഡിയോ സമൂഹമാധ്യമം ആഘോഷിച്ച വലിയൊരു തമാശയായിരുന്നു. പ്രസിഡന്റായ ജേക്കബ് സുമയ്ക്ക് ബിഗിനിംഗ് എന്ന വാക്ക് ഉച്ചരിക്കാന്‍ അറിയില്ലെന്ന  വാര്‍ത്തയും അദ്ദേഹത്തിന് വാക്ക് ഉച്ചരിക്കാന്‍ സാധിക്കാത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹം സംസാരിക്കുന്നതിന്റെ യഥാര്‍ത്ഥ വീഡിയോ മറ്റു ചിലര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് എല്ലാവര്‍ക്കും മനസിലായി.

തലവെട്ടിയ സ്വാമി വിവേകാന്ദന്റെ പ്രതിമ

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു മൂലം പല്ലപ്പോഴും അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. അത്തരത്തില്‍ വലിയൊരു വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി ഒരു കലാപം സൃഷ്ടിക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു സ്വമി വിവേകാന്ദന്റെ് പ്രതിമയുടെ തലവെട്ടിമാറ്റി എന്ന പേരില്‍ പ്രചരിച്ച വാര്‍ത്ത. വിവേകാന്ദന്റെ പ്രതിമയുടെ തല മുസ്‌ലിങ്ങള്‍ വെട്ടിമാറ്റി എന്ന പേരിലായിരുന്നു പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് അന്വേഷണം നടത്തിയപ്പോള്‍ മനസിലായി.

ദീപാവലി ദിനത്തിലെ ഇന്ത്യയുടെ ദൃശ്യം

ദീപാവലി ദിനത്തിലെ ഇന്ത്യ എന്ന പേരില്‍  നാസ ബഹാരാകാശത്തു നിന്നും എടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദീപങ്ങളാല്‍ തിളങ്ങിയ ഇന്ത്യ വളരെ മനോഹമായിരുന്നു. എന്നാല്‍ ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ്പ് വഴി ചെയ്തതാണെന്നും പിന്നീട് മനസിലായി.

ഇര്‍മ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങള്‍

ഇര്‍മ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങള്‍ എന്നപേരില്‍ ഹെന്‍ട്രി മോയ എന്ന വ്യക്തി ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. 35 ദശലക്ഷം ആളുകളായിരുന്നു ഈ വീഡിയോ കണ്ടത്. എന്നാല്‍ വീഡിയോ വ്യാജമാണെന്നും 2016 ല്‍ ഉറുഗ്വേയില്‍ ഉണ്ടായ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളാണിതെന്നും പിന്നീട് മനസിലായി.

വെള്ളപ്പൊക്കത്തില്‍ തെരുവില്‍ നീന്തിത്തുടിച്ച സ്രാവ്

അമേരിക്കയിലുണ്ടായ കൊടുങ്കാറ്റിന്റെ സമയത്ത് റോഡില്‍ തെരുവില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നീന്തി തുടിക്കുന്ന സ്രാവിന്റെ ചിത്രം ഏറെ വൈറലായിരുന്നു. 87,000 ഷെയര്‍ ആയിരുന്നു ആ ഫോട്ടോ ലഭിച്ചത്. എന്നാല്‍ ഫോട്ടോ വ്യാജമാണെന്നും ഒരു ആപ്പ് വഴി ചെയ്താണെന്നും പറഞ്ഞ് ചിത്രം പോസ്റ്റ് ചെയ്ത ജാസണ്‍ മൈക്കിള്‍ തന്നെ രംഗത്തെത്തി.

ജി20 വേദിയിലെ പുടിന്‍

ജി20 വേദിയില്‍ ലോകനേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന റഷ്യന്‍ വ്ളാദമിര്‍ പുടിന്റെ ഫോട്ടോ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് റഷ്യ തന്നെ വെളിപ്പെടുത്തുകയും  ഫോട്ടോ വ്യാജമാണെന്നും തിരിച്ചറിഞ്ഞു.

ഏഴു തലകളുള്ള സര്‍പ്പം

ഹിന്ദു പുരാണ കഥകളില്‍ ഏഴു തലകളുള്ള സര്‍പ്പങ്ങള്‍ സര്‍വസാധാരണമാണ്. എന്നാല്‍ ഏഴു തലകളുള്ള സര്‍പ്പത്തെ കണ്ടെത്തി എന്നു പറഞ്ഞ് ഫോട്ടോയും വീഡിയോയും പ്രചരിച്ചതോടെ പാമ്പിനെ കാണാനുള്ള ആകാംക്ഷയില്‍ എല്ലാവരും നിരവധി തവണ ഫോട്ടോയും വീഡിയോയും മാറി മാറി കണ്ടു. 10 ദശലക്ഷം ആളുകളായിരുന്നു ഇത് കണ്ടത്. എന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞു.

2000 രൂപകൊണ്ട് അലങ്കരിച്ച കാര്‍

പ്രണയ ദിനത്തില്‍ കാമുകിയെ സന്തോഷിപ്പിക്കാനായി 2000 രൂപകൊണ്ട് അലങ്കരിച്ച കാര്‍ സമ്മാനമായി നല്‍കിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ മുംബൈയില്‍ നിന്നും അറസ്റ്റിലായതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമായിരുന്നു.

മാനിനെ ഭക്ഷിക്കുന്ന ചീറ്റപുലികള്‍

രണ്ട് ചീറ്റപ്പുലികള്‍ ചേര്‍ന്ന് ഒരു മാനിനെ ഭക്ഷിക്കുന്നതരത്തില്‍ പ്രചരിച്ച ഫോട്ടോ പലരുടെയും കണ്ണുനിറച്ചിരുന്നു. മക്കളെ രക്ഷിക്കാനായി മാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചു എന്ന പേരിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ ഫോട്ടോ എടുത്ത ഫോട്ടോ ഗ്രാഫര്‍ വിഷാദരോഗത്തിന് അടിമയായെന്നുമായിരുന്നു വാര്‍ത്ത.

ദീപാവലി ദിനത്തിലെ സുവര്‍ണ ക്ഷേത്രം

ദീപാവലി ദിനത്തിലെ സുവര്‍ണ ക്ഷേത്രം എന്ന പേരില്‍ മനോഹരമായൊരു ചിത്രം സമൂഹമാധ്യത്തിലൂടെ പ്രചരിച്ചിരുന്നു. റാന്തല്‍ വിളക്കുകള്‍ കൊണ്ട് മനോഹരമായ വിധത്തിലുള്ളതായിരുന്നു ഫോട്ടോ. എന്നാല്‍ ഫോട്ടോഷോപ്പു വഴി ചെയ്താണെന്നും വാര്‍ത്ത വ്യാജമാണെന്നും തിരിച്ചറിഞ്ഞു.

DONT MISS
Top