മെസ്സി: ബൂട്ടുകെട്ടിയ ദൈവം തോല്‍ക്കുന്നത് എവിടെ?

ഒരു ലോകകപ്പോ കോപ്പാ അമേരിക്കാ കിരീടമോ
ശിരസിന് മുകളില്‍ ഉയര്‍ത്തി നില്‍ക്കുന്ന മെസിയുടെ
ചിത്രം കാണാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക്
കഴിഞ്ഞെന്നു വരില്ല‘, ആരാധകര്‍ ക്ഷമിക്കട്ടെ.

മെസി മുപ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് (2017ജൂണ്‍ 24). അങ്ങനെ കരിയറിന്റെ അവസാന ലാപ്പ് ആരംഭിക്കുകയായി. മൂന്നോ നാലോ വര്‍ഷം കൂടി ആ മാന്ത്രികതകള്‍ നീണ്ടുപോയേക്കാം. അതോടെ അതും വിരാമച്ചിഹ്നത്തില്‍ ഒടുങ്ങും. ആരാധകരില്‍ വൈകാരിക വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന സങ്കടകരമായൊരു കാഴ്ചയായിരിക്കും ആ വിടവാങ്ങല്‍. എങ്കിലുമത് അനിവാര്യവും മുറിച്ചുകക്കാന്‍ കഴിയാത്തതുമാണ്. പെലയേയും മറഡോണയേയും മറ്റനേകം പ്രതിഭാശാലികളേയും പോലെ മെസിയും കാലത്തിന് മുന്നില്‍ അടിയറപറയും.

ഒരു പതിറ്റാണ്ടു പിന്നിടുന്ന മെസിയുടെ വര്‍ണശബളമായ കരിയറില്‍
അവശേഷിക്കുന്ന നാളുകള്‍ എന്തെങ്കിലും പുതിയതായി എഴുതിച്ചേര്‍ക്കുമെന്നു വിശ്വസിക്കാന്‍ ഇപ്പോള്‍ കാരണമൊന്നുമില്ല. കഥാപാത്രം മെസിയായതിനാല്‍ മറിച്ചും സംഭവിച്ചേക്കാം. എന്തായാലും അതിവൈകാരികമായൊരു സമീപനമല്ല ഇനി മെസിയോട് വേണ്ടത്. വസ്തുനിഷ്ഠമായി മെസിയിലെ വ്യക്തിയും കളിക്കാരനും അപഗ്രഥിക്കപ്പെടണം.

മെസിയെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളില്‍ മൂന്നു കാര്യങ്ങള്‍ക്കാണ് എപ്പോഴും പ്രാമുഖ്യം ലഭച്ചിരുന്നത്.

1. സന്ദിഗ്ദ്ധമായ മെസിയുടെ വ്യക്തിത്വം. (ഇവന്‍ എന്റെ മറഡോണ എന്നു മെസിയെ വിശേഷിപ്പിച്ചിട്ടുള്ള സാക്ഷാല്‍ മറഡോണ തന്നെയാണ് മെസിയെ വ്യക്തിത്വമില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുള്ളതും)

2. മറഡോണയുമായുള്ള താരതമ്യം.

3. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായിള്ള താരതമ്യം.

ഇതില്‍ ആദ്യത്തേത് കഴമ്പുള്ളൊരു വിമര്‍ശനമാണ്. രണ്ടാമത്തേയും മൂന്നാമത്തോയും കാര്യങ്ങള്‍ കളിയുടെ സങ്കേതങ്ങളുമായി ബന്ധപ്പെട്ട പ്രചണ്ഡമായ കൗതുകങ്ങളും. അവയും ഗൗരത്തോടെ ചര്‍ച്ചചെയ്യപ്പെടണം. മെസിയുടെ ചഞ്ചലമായ വ്യക്തിത്വത്തെക്കുറിച്ചുള്ള വിമര്‍ശനത്തെയാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
കോപ്പാ അമേരിക്കാ ഫൈനലിലെ പരാജയത്തെത്തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് മെസി പിന്മാറ്റം പ്രഖ്യാപിച്ചപ്പോഴാണ് മെസിക്ക് വ്യക്തിത്വമില്ല എന്ന വിമര്‍ശനവുമായി മറഡോണ ഏറ്റവും ഒടുവില്‍ രംഗത്തുവരുന്നത് (മുമ്പ് പലതവണ ഇതേ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്). മെസി മടങ്ങിവരവ് പ്രഖ്യാപിച്ചപ്പോള്‍ മറഡോണ വിമര്‍ശനം വീണ്ടും ശക്തമാക്കി.

മറഡോണ

മുഖം നോക്കാതെ പ്രതികരിക്കുന്നവനാണ് മറഡോണ എന്ന കാര്യം പ്രസിദ്ധമാണ്. ഈ സന്ദര്‍ഭത്തില്‍, മറഡോണ വായടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ സഹകളിക്കാരന്‍ കൂടിയായിരുന്ന സിമിയോണി ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നു. എന്നാല്‍ അക്കാര്യത്തില്‍ മെസിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.

തന്റെ പക്കലുള്ള കണക്കുകള്‍ നിരത്തി മറഡോണയെ ഖണ്ഡിക്കാന്‍ മെസിക്ക് കഴിയുമായിരുന്നു. അതയാള്‍ ചെയ്തില്ല. മാന്യതയോ വിനയമോ ആണ് മെസിയെ തടഞ്ഞതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ അതാണ് കാരണം എന്ന് ഉറപ്പിക്കാനാകില്ല. മറഡോണ ആക്ഷേപിച്ചത് പോലെ വ്യക്തിത്വമില്ലായ്മ തന്നെയാകണം കാരണം. പെട്ടെന്ന് പ്രതികരിക്കുന്നവനും പ്രകോപിപ്പിക്കുന്നവനുമാണ് മറഡോണയെങ്കിലും ഇവിടെ സത്യം അദ്ദേഹത്തോടൊപ്പമാണ്.

മെസി, ദേശീയ ടീമില്‍ നിന്ന് പിന്മാറിയപ്പോള്‍ തിരിച്ചുവരുമെന്ന് കരുതിയവര്‍ വിരളമായിരുന്നില്ല. അത്തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വ്യക്തിഘടനയും അതിനെ രൂപപ്പെടുത്തിയ പശ്ചാത്തലവുമെന്ന് അവര്‍ക്കറിയാമായിരുന്നു. വൈകാതെ തിരിച്ചുവരവ് യാഥാര്‍ഥ്യമാവുകയും ചെയ്തു.

‘ചേരിയില്‍ നിന്ന് നിങ്ങള്‍ക്കെന്നെ മോചിപ്പിക്കുവാനാകും.
പക്ഷേ, എന്നില്‍ നിന്നു ചേരിയെ മോചിപ്പിക്കാനാകില്ല’

ഉരുക്കില്‍ തീര്‍ത്ത മനസും ശരീരവുമായി കാല്‍പ്പന്തുകളങ്ങളില്‍ അശ്വമേധം നടത്തുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വാക്കുകളാണിത്. ‘ഐ ആം ഇബ്രാഹിമോവിച്ചെ’ ന്ന ഇബ്രായുടെ പ്രസിദ്ധമായ ജീവചരിത്രഗ്രന്ഥത്തിന്റെ തുടിക്കുന്ന ഹൃദയം കൂടിയാണ് ഈ വാക്കുകള്‍. തികച്ചും വിപരീതമായ ജീവതസാഹചര്യങ്ങളും കളിപരിസരങ്ങളും തന്നിലെ കടുപ്പക്കാരനായ കളിക്കാരനെ സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്ക് എന്തെന്ന് പുസ്തകത്തില്‍ നിറം പുരളാതെ വിവരിക്കുന്നുണ്ട് സ്വീഡന്റെ ഈ ഇതിഹാസ താരം.

2009 മുതല്‍ 2011-വരെ ബാഴ്‌സലോണയില്‍ ഇബ്രയുടെ സഹകളിക്കാരന്‍ കൂടിയായിരുന്ന മെസി, ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയില്ല. വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

1999-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറിയ ഇബ്രാഹിമോവിച്ച് കളിച്ചതെല്ലാം ഒന്നാങ്കിട കളിക്കാരോടൊപ്പം ഒന്നാങ്കിട ക്ലബ്ബുകളില്‍. അജാക്‌സ്, യുവന്റ്‌സ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പിഎസ്ജി എന്നിവിടങ്ങളില്‍. തന്റെ പ്രതിഭയുടെ മൂലധനം മാത്രം മുടക്കിയല്ല ഇവര്‍ക്കൊപ്പം പിടിച്ചു നിന്നതെന്ന് ഇബ്ര എടുത്തു പറയുന്നുണ്ട്. ‘എനിക്കുവേണ്ടി ആരും ശൂന്യ സ്ഥലങ്ങള്‍ ഒഴിഞ്ഞു തന്നിട്ടില്ല. അതെല്ലാം ഞാന്‍ പിടിച്ചെടുക്കുകയായിരുന്നു’ എന്നാണ് ഇബ്രയുടെ ഉറപ്പുള്ള വാക്കുകള്‍. ഉദാഹരണങ്ങളും സൂചിപ്പിച്ചു പോകുന്നുണ്ട്.

എത്ര ദുര്‍ഘടവും പ്രതിബന്ധങ്ങള്‍ നിറഞ്ഞതുമായ വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചതെന്നോര്‍ത്ത് പുസ്തകം വായിച്ചു മടക്കുമ്പോള്‍ നാം വിസ്മയിച്ചുപോകും. അടുത്തിടെ ഫ്രാന്‍സില്‍ നടന്ന യൂറോകപ്പില്‍ നിന്നു സ്വീഡന്‍ പുറത്തായതോടെ മുപ്പത്തിനാലുകാരനായ ഇബ്രയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ വികാരമല്ല, തന്നിലെ യൗവനം അവസാനിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഇബ്രയെക്കൊണ്ട് തീരുമാനം എടുപ്പിച്ചിട്ടുള്ളത്.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതിഹാസതാരങ്ങളൊന്നും ചുവന്ന പരവതാനിയിലൂടെയല്ല സഞ്ചരിച്ചിട്ടുള്ളതെന്ന് അവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. പെലേയും ഗാരിഞ്ചയും ക്രൈഫും ബെക്കന്‍ബോവറും പ്ലാറ്റീനിയും ഗുള്ളിറ്റും വാന്‍ബാസറ്റനും സീക്കോയും സോക്രട്ടീസും മറഡോണയും റൊമാരിയോയും ഹിഗ്വിറ്റയും കാര്‍ലോസ് വള്‍റാമയും റൊണാള്‍ഡോ (ബ്രസീല്‍)യും റോജര്‍മില്ലയുമൊന്നും ഇതില്‍ നിന്നു വ്യത്യസ്തരുമല്ല. ഇവരൊക്കെ അവരവരുടെ കാലങ്ങളില്‍ മെസിയേക്കാള്‍ അരാധിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരുമാണ്.

കടുത്തതോല്‍വികളും വിജയങ്ങളും ഒരുപോലെ സ്വീകരിച്ചവര്‍. കളിയിലേയും വ്യക്തിജീവിതത്തിലേയും പ്രതിസന്ധികളില്‍ ഉഴന്നവര്‍. ഇച്ഛാശക്തികൊണ്ട് എല്ലാറ്റിനേയും മറികടന്നവര്‍. അതുകൊണ്ടാണ് കളം വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാല്‍പ്പന്തിനെ അറിയുന്നവര്‍ അവരെ നെഞ്ചേറ്റുന്നത്. ഇവരെയൊക്കെ വിട്ട് പുതിയ തലമുറയിലേക്കുവന്നാലും ഉദഹാരണങ്ങള്‍ക്ക് കുറവൊന്നുമില്ല.

1993 മുതല്‍ 2005 വരെ 12 വര്‍ഷം തുടര്‍ച്ചയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡില്‍ കളിക്കുകയും ദീര്‍ഘകാലം അവരെ നയിക്കുകയും ചെയ്ത അയര്‍ലന്റുകാരനായ റോയീ കീനിനെ ആരും മറന്നുപോകില്ല. കീനിന്റെ ജീവചരിത്രമായ ‘സെക്കന്റ് ഹാഫ് ‘, 1998 മുതല്‍ 2015 വരെ പതിനേഴുവര്‍ഷം ലിവര്‍പൂളിന്റെ മിഡ്ഫീല്‍ഡറായിരുന്ന സ്റ്റീഫന്‍ ജെറാഡിന്റെ ‘മൈ സ്റ്റോറി ‘ വിവാദനായകനായ ഉറൂഗ്വന്‍ താരം സുവാരസിന്റെ ‘ക്രോസിംഗ് ദി ലൈന്‍ ‘ എന്നീ പുസ്തകങ്ങളും തുറന്നു വയ്ക്കുന്നത് ഏറ്റക്കുറച്ചിലുകളോടെ ഇതേ ലോകത്തെത്തന്നെയാണ്.

സുവാരസ്

ഈ പശ്ചാത്തലത്തിലാണ്, എന്തു കൊണ്ട് മെസി എന്ന ചോദ്യം പ്രസക്തമാകുന്നത്. ഉത്തരം ലളിതമല്ല. അതറിയാന്‍ മെസിയുടെ വ്യക്തിജീവിതത്തേയും കളിജീവിതത്തേയും സൂക്ഷ്മമായി ഇഴപിരിക്കേണ്ടതുണ്ട്.

അര്‍ജ്ജന്റീയിലെ ജനനിബിഡമായ നഗരങ്ങളിലൊന്നാണ് റൊസാരിയോ. ചെഗുവേരയുടെ ജന്മസ്ഥലം കൂടിയാണിത്. ഇവിടെ 1987 ജൂണ്‍ 24-നാണ് മെസി ജനിക്കുന്നത്. 1986 ജൂണ്‍ 29-ന് മറഡോണ ലോകകപ്പു നേടി ഒരു വര്‍ഷം തികയുന്നതിനു മുമ്പ്. തെക്കന്‍ റൊസാരിയോയില്‍പ്പെട്ട ഗ്രാന്‍ഡോലിയിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനികളിലൊന്നായ അസിന്‍ഡാറിലെ ബാര്‍ബിഡ് വയര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ സൂപ്പര്‍വൈസറായിരുന്നു മെസിയുടെ പിതാവ് ഹോര്‍ഗേ മെസി. മെസിയും റോഡ്രിഗോ, മത്യാസ് എന്നീ ജ്യേഷ്ഠന്മാരും മാരിയ എന്ന അനുജത്തിയും അമ്മയും മുത്തശ്ശിയും അടങ്ങന്നുതായിരുന്നു കുടംബം.

ഗ്രാന്‍ഡോലിയിലെ സാമാന്യം ഭേദപ്പെട്ടൊരു ഫ്‌ളാറ്റിലായിരുന്നു താമസം. ജീവിതം സമൃദ്ധമായിരുന്നില്ലെങ്കിലും അല്ലലുണ്ടായിരുന്നില്ല. മെസിയുടെ പിതാവ് പ്രാദേശികതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ആഗ്രഹിച്ച ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനാല്‍ തന്റെ മക്കളെ മികച്ച കളിക്കാരാക്കണം എന്ന ചിന്ത അദ്ദേഹത്തില്‍ സജീവമായിരുന്നു. അമ്മയും മുത്തശ്ശിയും ഇതേ ആഗ്രഹം പങ്കുവച്ചു. 1978-ലെ ലോകകപ്പു ടീമില്‍ മറഡോണയ്ക്ക് ഇടം കിട്ടാതെ വന്നപ്പോള്‍ ശക്തമായി പ്രതിഷേധിച്ചവരില്‍ ഈ കുടംബവുമുണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും കാല്‍പ്പന്തിനെ നെഞ്ചേറ്റുന്ന കുടുംബം. ചുരുക്കത്തില്‍ കളിയോട് താല്‍പര്യമുള്ളൊരു കൂട്ടിക്ക് വലിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗൃഹാന്തരീക്ഷം.

മൂന്നാം വയസില്‍ തന്നെ പന്തിന്മേല്‍ അസാധരണമായ മേധാവിത്വം പുലര്‍ത്തിയ മെസിയ്ക്ക്, പ്രദേശത്തെ അബാന്‍ഡറാഡോ ക്ലബ്ബില്‍ ജ്യേഷ്ഠന്മാര്‍ക്കൊപ്പം പന്തുതട്ടാന്‍ എത്തിയതോടെയാണ് ദിശ തെളിയുന്നത്. അപാര്‍സ്യോ എന്ന പരിശീലകന്റെ സൂക്ഷ്മ ദൃഷ്ടിയാണ് മെസിയിലെ ഇതിഹാസത്തിന്റെ സൂചനകളെ ആദ്യം വായിച്ചെടുക്കുന്നത്. ക്ലബ്ബിലെ പ്രകടനം മെസിയെ അതിനിടയില്‍ പ്രദേശത്തെ സൂപ്പര്‍സ്റ്റാറാക്കിയിരുന്നു. അന്നയാള്‍ക്കു പ്രായം അഞ്ചുവയസിനു താഴെയാണെന്നും ഓര്‍ക്കുക.

തുടര്‍ന്നാണ് റൊസാരിയോയിലെ ന്യൂവെല്‍ ഓള്‍ഡ് ബോയിസില്‍ എത്തുന്നത്. അര്‍ജ്ജന്റീനയിലെതന്നെ മികച്ച ക്ലബ്ബുകളില്‍ ഒന്നായിരുന്നു അത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മറഡോണ കളിച്ച ക്ലബ്ബ്. 1978-ലെ ലോകകപ്പ് അര്‍ജ്ജന്റീനയ്ക്ക് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മരിയോകെമ്പസ്, അര്‍ജ്ജന്റീനയുടെ മറ്റൊരിതിഹാസമായ ബാറ്റിസ്റ്റ്യൂട്ട എന്നിവര്‍ ഈ ക്ലബ്ബിലൂടെ വളര്‍ന്നുവരുമാണ്. 1995-ലാണ് ന്യൂവെല്‍സിലെ സെലക്ഷന്‍ ട്രയല്‍സില്‍ മെസി പങ്കെടുക്കുന്നത്. മെസിയുടെ ഉയരക്കുറവും ദുര്‍ബലമായ ശരീരവും സെലക്ടറന്മാരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പന്തിന്മേലുള്ള അയാളുടെ അസാധാരണമായ നിയന്ത്രണരീതികളും ചടുലതയും വിഷനും അവരെ ആകര്‍ഷിച്ചു. അങ്ങനെ ന്യൂവെല്‍ ഓള്‍ഡ് ബോയ്‌സിന്റെ ജൂനിയര്‍ അക്കാഡമിയില്‍ മെസിക്കും പ്രവേശനം ലഭിച്ചു.

മെസിയുടെ വേഗവും ഡ്രിബ്‌ലിംഗ്‌ പാടവവും പരിശീലകരുടെ മനസിനെ മോഹിപ്പിക്കുന്നതായിരുന്നു. അയാളുടെ ഓരോനീക്കവും മറഡോണയെയാണ് അവരുടെ ഓര്‍മകളില്‍ കൊണ്ടുവന്നത്. അക്കാലത്ത് ക്ലബ്ബ് രൂപം കൊടുത്ത മെഷീന്‍ 87-എന്ന പദ്ധതിയിലെ മുഖ്യതാരവും മെസിയായിരുന്നു. 87-ല്‍ ജനിച്ച ഒരു പറ്റം കുട്ടികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ പരിശീലന ചുമതലയുണ്ടായിരുന്ന അഡ്രിയാന്‍കോറിയ, കാര്‍ലോസ് മൊറാലസ്, എന്‍ട്രിക്ക് ഡോമിന്‍ഗ്വസിന്‍ എന്നിവര്‍ മെസിയുടെ പ്രതിഭയെ മനസിലാക്കി ശരിയായ ദിശയിലേക്ക് നയിച്ചു.

ഇതിനിടയില്‍ മെസിയുടെ കളിമിടുക്കുകള്‍ മാധ്യമങ്ങളുടെ മുഖ്യവിഷമായി മാറിയിരുന്നു. അങ്ങനെ മെസിയും അദ്ദേഹത്തിന്റെ കളിയും റൊസാരിയോ നഗരവും കടന്ന് അര്‍ജ്ജന്റീനയില്‍ നിറഞ്ഞു തുടങ്ങി. റിവര്‍പ്ലേറ്റ് എന്ന വലിയ ക്ലബ്ബിന്റെ ശ്രദ്ധയില്‍ ഈ ചെറിയപേര് ഇടംപിടിക്കുന്നതും അങ്ങനെയാണ്. റിവര്‍പ്ലേറ്റില്‍ ചേരാന്‍ മെസിക്ക് താല്‍പര്യമുണ്ടോ എന്ന അന്വേഷണവും ഈ ഘട്ടത്തിലുണ്ടായി.

മെസിയുടെ പിതാവിന്റെ ആദ്യ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു മകന്‍ റിവര്‍പ്ലേറ്റില്‍ കളിക്കുക എന്നത്. അങ്ങനെ മെസിയുമായി അദ്ദേഹം ആദ്യ കടമ്പയായ മെഡിക്കല്‍ പരിശോധനക്ക് റിവര്‍പ്ലേറ്റിലെത്തി. അന്ന് പതിനൊന്നു വയസായിരുന്നു മെസിയുടെ പ്രായം. ആ കൊച്ചുകുട്ടിയുടെ കളിമിടുക്കല്‍ ക്ലബ്ബ് സന്തുഷ്ടമായിരുന്നെങ്കിലും. അയാളില്‍ ചില ഹോര്‍മോണ്‍തകരാറുകളുണ്ടെന്ന് ക്ലബ്ബിലെ മെഡിക്കല്‍ സംഘം കണ്ടെത്തി. മെസി 140 സെന്റീമീറ്ററിലധികം ഉയരം വയ്ക്കുവാനുള്ള സാധ്യത കുറവാണെന്നായിരുന്നു അവരുടെ നിഗമനം.

സ്വപ്‌നങ്ങളെല്ലാം തകര്‍ന്നെന്ന ചിന്ത മെസിയേയും പിതാവിനേയും ഒരു പോലെ വേദനിപ്പിച്ചു. എങ്കിലും അതിനോട് പടവെട്ടന്‍ തന്നെ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് റൊസാരിയോയിലെ പ്രസിദ്ധ എന്റോക്രൈനോളജിസ്റ്റായ ഡോ ഷാര്‍സ്റ്റീനെ സമീപിക്കുന്നത്. പരിശോധനയ്ക്കുശേഷം റിവര്‍പ്ലേറ്റിലെ ഡോക്ടര്‍മാരെ പകുതി ശരിവച്ച ഡോ ഷാര്‍സ്റ്റീന്‍, ശരിയായ ചികില്‍സകൊണ്ട് മെസിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കി. മെസിയ്ക്ക് അഞ്ചരയടിയെങ്കിലും ഉയരം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവിധി ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ മാത്രമാണ്. പക്ഷേ അതിന്റെ ചെലവ് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാകും. മാസം ആയിരം പെസോ.

പിന്നെ ചികില്‍സയ്ക്കുവേണ്ട ശ്രമങ്ങളായി. ചികില്‍സയുടെ കാര്യം പിതാവ്, താന്‍ ജോലിചെയ്യുന്ന കമ്പനിയെ അറിയിച്ചു. ബ്രസീല്‍ ആസ്ഥാനമായുള്ള ആര്‍സലര്‍ കമ്പനിയുടെ അര്‍ജ്ജന്റൈന്‍ യൂണിറ്റായിരുന്നു അത്. 2006-ല്‍ ഇന്ത്യക്കാരനായ ലക്ഷ്മി മിത്തല്‍ ആര്‍സര്‍ ഏറ്റെടുത്തശേഷം ആര്‍സലര്‍-മിത്തല്‍ കമ്പനിയുടെ ഭാഗമാണിപ്പോള്‍ മെസിയുടെ പിതാവ് ജോലി ചെയ്തിരുന്ന അസിന്‍ഡാര്‍. കമ്പനിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്ന് സഹായം അനുവദിക്കാന്‍ അവര്‍ തയ്യാറായി. പിതാവിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ അര്‍ജ്ജന്റൈന്‍ സോഷ്യല്‍ സര്‍വീസ്, ചെലവാകുന്ന തുകയുടെ പകുതി റീ ഫണ്ടും നല്‍കാമെന്നേറ്റു. അതോടെ ചികില്‍സാ ചെലവെന്ന തടസവും നീങ്ങി. 1998 ജനുവരിയില്‍ മെസി ചികില്‍സ ആരംഭിച്ചു.

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ മെസിയില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. പക്ഷേ അപ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായിരുന്നു. വന്‍കിട ഫുട്‌ബോള്‍ ക്ലബ്ബുകള്‍പോലും പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ചു. കളിക്കാരുടെ പ്രതിഫലവും സൗകര്യങ്ങളും വെട്ടിക്കുറച്ചു. ഈ സാഹചര്യത്തില്‍ മെസി കളിക്കുന്ന ക്ലബ്ബില്‍ നിന്ന് ചികില്‍സക്കുള്ള സഹായം കിട്ടുക എളുപ്പമല്ലെന്ന് പിതാവിന് ബോധ്യമായി. അപ്പോഴേക്കും ചികില്‍സ രണ്ടു വര്‍ഷം പിന്നിട്ടിരുന്നു. ഈ സവിശേഷ സന്ദര്‍ഭത്തിലാണ് സ്‌പെയിനിലേക്ക് നോക്കാന്‍ മെസിയും കുടുംബവും പ്രേരിതരാകുന്നത്.

മെസിയുടെ പിതാവിന്റെ കുടുംബവേരുകള്‍ സ്‌പെയിലേക്കും ഇറ്റലിയിലേക്കും നീളുന്നതാണ്. സ്‌പെയിനിലെ ബന്ധങ്ങള്‍ സജീവവുമായിരുന്നു. അങ്ങനെ കളിയും ചികില്‍സയും ലക്ഷ്യം വച്ച് അവര്‍ സ്‌പെയിനിലെത്തി. 13 വയസുകാരനാണെങ്കിലും മെസിയുടെ വരവ് ബാഴ്‌സലോണയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ക്ലബ്ബ് അല്‍പ്പം ഉലഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്. അതുവരെ ബാഴ്‌സയുടെ സൂപ്പര്‍ താരമായിരുന്ന ലൂയിഫിഗോ റയല്‍ മാഡ്രിലിലേക്ക് മാറിയിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ സെമീഫൈനലില്‍ ബാഴ്‌സ വലന്‍സിയയോട് തോറ്റതോടെ കോച്ച് വാന്‍ഗാലും പുറത്തായി. അക്കുറി ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനായിരുന്നു ചാമ്പ്യന്‍സ് ലീഗ് കിരീടം. അത് ബാഴ്‌സയെ കൂടുതല്‍ തളര്‍ത്തിയിരുന്നു.

യുവാന്‍ ഗാസ്‌പോര്‍ട്ട് ബാഴ്‌സയുടെ പുതിയ പ്രസിഡന്റായിവന്നു. പരിശീലകന്റെ സ്ഥാനത്ത് വാന്‍ഗാലിനു പകരം ലോറന്‍സോ സെറാ ഫെറാര്‍ എത്തി. പുതിയ സീസണിന്റെ തുടക്കം ബാഴ്‌സയ്ക്ക് ശുഭകരമായിരുന്നില്ല. കുറേ മല്‍സരങ്ങള്‍ കഴിഞ്ഞതോടെ ടീം പന്ത്രണ്ടാം സ്ഥാനത്തേക്ക് താണു. ആ സമയത്തുതന്നെ ക്ലബ്ബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടരുടെ സ്ഥാനത്തേക്ക് പഴയ സൂപ്പര്‍ താരം കാര്‍ലോസ് റക്‌സാക്കും വന്നു. റെക്‌സാക്കാന്റെ മുന്നിലായിരുന്നു മെസിയുടെ ട്രയല്‍സ് നടന്നത്. മെസിയുടെ കളിമികവ് റെക്‌സാക്കില്‍ അപാരമായ മതിപ്പുളവാക്കി. അപ്പോഴും മെസിയുടെ ആരോഗ്യത്തില്‍ ബാഴ്‌സയ്ക്ക് ആശങ്കയുണ്ടായിരുന്നു. മെസിയെ വിശദമായി പരിശോധിച്ച ക്ലബ്ബിന്റെ മെഡിക്കല്‍ സംഘം 170 സെന്റീമീറ്റര്‍ വരെ ഉയരം വയ്ക്കുമെന്ന് നിരീക്ഷിച്ചു. ഇതോടെ എല്ലാം ശുഭമായി. ബാഴ്‌സയുമായി മെസി കരാറിലും ഒപ്പുവച്ചു. ബാഴ്‌സയുടെ അക്കാഡമിയില്‍ എത്തിയ ശേഷം ചികില്‍സാച്ചെലവുകളെല്ലാം വഹിച്ചത് ക്ലബ്ബുതന്നെയായിരുന്നു.

കാറ്റലോണിയന്‍ ഭാഷയുമായി പടവെട്ടി പരാജയപ്പെട്ട മെസിയുടെ സഹോദരങ്ങളും അമ്മയും അര്‍ജ്ജന്റീനയിലേക്ക് മടങ്ങി. പിതാവുമാത്രം മകന് മാനസിക പിന്തുണയുമായി കാറ്റലോണിയയില്‍ തങ്ങി. ന്യൂകാംപിലുള്ള ലാ-മാസിയ എന്ന ബാഴ്‌സയുടെ യൂത്ത് അക്കാഡമി അതിനകം തന്നെ ലോകപ്രശസ്തമായിരുന്നു. പ്രശസ്ത സ്പാനിഷ് താരങ്ങളായ പെപ് ഗാഡിയോള, ഗ്വില്ലാര്‍മോ അമര്‍, സെര്‍ജി എന്നിവര്‍ ലാമാസിയയിലെ പഴയ അന്തേവാസികളായിരുന്നു. രണ്ടായിരത്തില്‍ മെസി അവിടെ എത്തുമ്പോള്‍ കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ് എന്നിവര്‍ അവിടം വിട്ടിരുന്നു. പില്‍ക്കാലത്ത് ബാഴ്‌സയില്‍ സഹകളിക്കാരായി മാറിയ ഇനിയസ്റ്റ, ജെറാഡ് പിക്യു, ഫ്രാബ്രിഗസ് എന്നിവരുടെ സംഘത്തിലേക്കാണ് മെസി എത്തപ്പെട്ടത്.

സ്‌പെയിനിലേക്ക് പുറപ്പെടുമ്പോള്‍ മെസിയുടെ ഉയരം 140 സെന്റീമീറ്റര്‍ മാത്രമായിരുന്നു. 2001-ല്‍ 143 സെന്റീമീറ്ററായി. ഹോര്‍മോണ്‍ ചികില്‍സ ഫലം കണ്ടതില്‍ മെസിക്കും കുടുംബത്തിനും മാത്രമല്ല ബാഴ്‌സലോണയ്ക്കും സന്തോഷമായി. ഇതിനിടയില്‍ പതിനഞ്ചുകാരനായ മെസിയുടെ കളിവിരുതുകള്‍ സ്പാനിഷ് പത്രങ്ങളില്‍ ഫീച്ചറുകളായും റിപ്പോര്‍ട്ടുകളായും വന്നു കൊണ്ടിരുന്നു. അതിന്റെ ഫലമായി ലോകപ്രശസ്ത സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കി 3000 യൂറോയുടെ ഒരു കരാര്‍ മെസിയുമായി ഒപ്പിട്ടു. ഇതിനിടയില്‍ മറ്റൊരു വാഗ്ദാനവും മെസിയെത്തേടിയെത്തി. സ്‌പെയിനിന്റെ 16 വയസിന് താഴെയുള്ള കുട്ടികളുടെ ദേശീയ ടീമിലേക്കായിരുന്നു ക്ഷണം. ടീമിന്റെ പരിശീലകന്‍ ഗീനസ്‌മെനന്റസ് നേരിട്ടെത്തിയാണ് മെസിയ ക്ഷണിച്ചത്. സ്പാനിഷ് പൗരത്വവും ഉറപ്പു നല്‍കി. പക്ഷെ മെസി, താന്‍ അര്‍ജ്ജന്റീനയുടെ ദേശീയ ടീമിനുവേണ്ടി മാത്രമേ കളിക്കൂ എന്ന് വാശിപിടിച്ചു.

ബാഴ്‌സലോണയുടെ യൂത്ത് ടീമിനുവേണ്ടി മെസി തകര്‍ത്തു കളിക്കുമ്പോള്‍ അവരുടെ സീനിയര്‍ ടീം ഒരു പരിവര്‍ത്തന ദിശയിലായിരുന്നു. ക്ലബ്ബിന്റെ പ്രസിഡന്റു പദവിയില്‍ ജോണ്‍ഗാസ്‌പോര്‍ട്ടിനു പകരം ജോണ്‍ലപോര്‍ത്ത വന്നു. ലീഗില്‍ ആറാം സ്ഥാനത്തേക്ക് താണുപോയ ക്ലബ്ബിനെ ഉയര്‍ത്തിയെടുക്കുക എന്നതായിരുന്നു ലപോര്‍ത്തയുടെ മുഖ്യ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വഴിക്ക് വന്നില്ല. തുടര്‍ന്ന് ചുമതലയേറ്റ റാഡോമിര്‍ ആന്റിക്ക് ആദ്യത്തെ ആറുമാസം കൊണ്ടു തന്നെ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. യുവ കളിക്കാര്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളൊരു രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ആറുമാസമായിരുന്നു ആന്റിക്കിന്റെ കരാര്‍. ടീം പുരോഗതിയിലേക്ക് വന്നെങ്കിലും ആന്റിക്കിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ പുതിയ പ്രസിഡന്റ് തയ്യാറായില്ല. പകരം ഡച്ച് സൂപ്പര്‍ താരമായിരുന്ന ഫ്രാങ്ക് റൈക്കാഡിനെ പരിശീലകനാക്കി. ഇംഗ്ലണ്ടില്‍ നിന്നും ഡേവിഡ് ബെക്കാമിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതു വിജയിച്ചില്ല. പാരിസ് സെന്റ് ജെര്‍മനില്‍ നിന്നും റൊണാള്‍ഡീഞ്ഞോയേയും റിക്കാഡോ കരസ്‌മോ, റാഫേല്‍മാര്‍ക്കസ്, എഡ്ഗാര്‍ ഡേവിഡ്, റുസ്തു എന്നിവരേയും കൊണ്ടുവന്നു. ഇങ്ങനെ മൊത്തത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ട ടീമുമായാണ് 2003-04 സീസണില്‍ ബാഴ്‌സലോണ കളത്തിലിറങ്ങിയത്. പരീക്ഷണം പക്ഷേ പൂര്‍ണവിജയമായിരുന്നില്ല.

ഇതേ സമയത്താണ് ബാഴ്‌സയുടെ ബി ടീമിനുവേണ്ടി 30 മല്‍സരങ്ങളില്‍ നിന്ന് 35 ഗോളുമായി മെസി തകര്‍പ്പന്‍ പ്രക്രടനം നടത്തി യൂറോപ്പിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയത്. സീനിയര്‍ ടീമിന്റെ പുതിയ പരിശീലകനായ റൈക്കാഡ് മെസിയുടെ പ്രകടനത്തെ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ, 16 വയസുമാത്രം പ്രായമുണ്ടായിരുന്ന മെസിയെ സീനിയര്‍ ടീമില്‍ പരീക്ഷിക്കുവാനുള്ള ധൈര്യം റൈക്കാഡിനുണ്ടായിരുന്നില്ല. 2003-ല്‍ നടന്ന പതിനേഴുവയസിനു താഴെയുള്ളവരുടെ ലോകകപ്പില്‍ അര്‍ജ്ജന്റീനാ ടീം മെസിയെ പരിഗണിച്ചിരുന്നില്ല. ഇതു നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനാല്‍ 2004-ല്‍ പരാഗ്വേയുടെ ഇരുപതുവയസിനു താഴെയുള്ളവരുടെ ടീമുമായി കളിക്കാന്‍ തെരഞ്ഞെടുത്ത ടീമില്‍ മെസിക്കും സ്ഥാനം നല്‍കി. അങ്ങനെ ആദ്യമായി അര്‍ജ്ജന്റീനയുടെ ജെഴ്‌സി അണിയാനുള്ള അവസരവും മെസിക്കു കൈവന്നു. എന്നാല്‍ മല്‍സരത്തില്‍ മെസി ശോഭിച്ചില്ല.

2004-05-സീസണില്‍ ബാഴ്‌സലോണാ സീനിയര്‍ ടീമില്‍ നിന്നൊരു കൊഴിഞ്ഞുപോക്കുണ്ടായി. നായകന്‍ ലൂയി എന്‍ട്രിക്കയും മാര്‍ക്ക് ഓവര്‍മാന്‍സും വിരമിച്ചു. പാട്രിക്ക് ക്ലൈവര്‍ട്ട്, ഫിലിപ്പ് കോക്കു, ലൂയിസ് ഗാര്‍ഷ്യ (ഇദ്ദേഹം പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചു), മൈക്കിള്‍ റേസിഗര്‍, സാവിയോള എന്നിവര്‍ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറി. സാമുവല്‍ എറ്റു, ഡെക്കോ എന്നിവര്‍ പുതുതായി വന്നു. ഈ പശ്ചാത്തലത്തില്‍ മെസിക്ക് സീനിയര്‍ ടീമിലേക്കുള്ള സാധ്യത തെളിയുകയായിരുന്നു. ഒടുവില്‍ മുപ്പതാം നമ്പര്‍ ജെഴ്‌സിയുമായി സീനിയര്‍ ടീമിലേക്ക് അദ്ദേഹം പ്രവേശനവും നേടി. എന്നാല്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു പലപ്പോഴും. കളിക്കാന്‍ മിനിറ്റുകള്‍ മാത്രം ലഭിച്ചു. സ്പാനിഷ് ലീഗില്‍ അരങ്ങേറുമ്പോള്‍ മെസിക്ക് 17 വയസും 114 ദിവസവുമായിരുന്നു പ്രായം. അക്കാലത്ത് അതൊരു റെക്കോഡായിരുന്നു. 2005- ഏപ്രില്‍ 17-ന് മെസി ലീഗിലെ തന്റെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. ഗെറ്റാഫയ്‌ക്കെതിരെ സാമുവല്‍ എറ്റുവിനു പകരം എണ്‍പത്തിയെട്ടാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെസി റൊണാള്‍ഡീഞ്ഞോയുടെ ഒരു ത്രൂ പാസില്‍ നിന്നാണ് ഗോള്‍ നേടിയത്. സീസണില്‍ ഒമ്പതു കളികളില്‍ മുഖം കാണിക്കാനേ മെസിക്കുകഴിഞ്ഞുള്ളു. ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നത് മാത്രമായിരുന്നു നേട്ടം. പക്ഷെ ടീം സ്പാനിഷ് ലീഗ് കിരീടം നേടിയെന്നത് മെസിയുടേയും നേട്ടമായി.

2005-ജൂണില്‍ ഹോളണ്ടില്‍ നടന്ന ഇരുപതു വയസിനു താഴെയുള്ളവരുടെ ലോകകപ്പിനുള്ള അര്‍ജ്ജന്റീനാ ടീമില്‍ മെസിക്ക് ഇടം ലഭിച്ചു. അദ്ദേഹത്തിന്റെ കളിജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. സബലേറ്റയായിരുന്നു നായകന്‍. ഫ്രാന്‍സിസ്‌കോപെരേര പരിശീലകനും. അമേരിക്കയ്‌ക്കെതിരായ ആദ്യമല്‍സരത്തിന്റെ രണ്ടാം പകുതിയിലേ മെസിക്ക് കളിക്കാന്‍ അവസരം ലഭിച്ചുള്ളു. മല്‍സരം ഒരു ഗോളിന് അര്‍ജ്ജന്റീന തോറ്റു. ഈജിപ്റ്റിനെതിരായുള്ള രണ്ടാം മല്‍സരത്തില്‍ രണ്ടുഗോള്‍ ജയം. മുഴുവന്‍ സമയവും കളിച്ച മെസി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളും നേടി. അടുത്തമല്‍സരത്തില്‍ കൊളംബിയയേയും 2-1-ന് തോല്‍പ്പിച്ചു. അവിടേയും ഒരു ഗോള്‍ മെസിയുടേതായിരുന്നു. ക്വാര്‍ട്ടറില്‍ മെസിയുടെ ഒരു ഗോള്‍ സഹായത്തോടെ സ്‌പെയിനെ 3-1- ന് തകര്‍ത്തു. സെമിയില്‍ ബ്രസീലിനേയും ഫൈനലില്‍ നൈജീരിയയേയും തോല്‍പ്പിച്ചുകൊണ്ട് മെസിയുടെ ടീം കപ്പുയര്‍ത്തി. ഈ രണ്ടു മല്‍സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. ആറുഗോളോടെ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ മെസിയായിരുന്നു. മികച്ച കളിക്കാരനും മറ്റാരുമായിരുന്നില്ല.

ഇനിയുള്ള ചരിത്രം ഇങ്ങനെ ചുരുക്കാം.

1. ലാലിഗ കിരീടം-2004-05, 2005-06, 2008-09, 2009-10, 20010-11, 2012-13, 2014-15, 2015-16.

2. ചാമ്പ്യന്‍സ് ലീഗ് കിരീടം-2005-06, 2008-09, 2010-11, 2014-15.

3. ക്ലബ്ബ് ലോകകപ്പ്-2009, 2011, 2015.

4. ലോക യൂത്ത് ലോകകപ്പ്-2005.

5. ലോകകപ്പ് രണ്ടാം സ്ഥാനം-2014.

6. ഒളിമ്പിക് സ്വര്‍ണം-2008.

7. കോപ്പാ അമേരിക്ക-രണ്ടാം സ്ഥാനം-2007, 2015, 2016.

8. ലോക ഫുട്‌ബോളര്‍-2009, 2010, 2011, 2012, 2015.

9. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷു-2010, 2012, 2013, 2017.

10. ഫിഫാ വേള്‍ഡ് കപ്പ് ഗോള്‍ഡന്‍ ബോള്‍-2014.

11. 2004 മുതല്‍ 2017-മേയ് വരെ ബാഴ്‌സലോണയ്ക്കു വേണ്ടി 382 മല്‍സരങ്ങള്‍ 349 ഗോള്‍.

12. അര്‍ജ്ജന്റീനയ്ക്കുവേണ്ടി-2005 മുതല്‍ 2017 മെയ് വരെ 118 മല്‍സരങ്ങള്‍ 58 ഗോള്‍.

ഇതിഹാസങ്ങള്‍ പലരും കളിച്ചുപോയെങ്കിലും കാല്‍പ്പന്തില്‍ ഇത്രയും നേട്ടങ്ങളുണ്ടാക്കിയ താരങ്ങള്‍ ആരുമില്ലെന്ന് ഉറപ്പിച്ചുതന്നെ പറയാനാകും. ലോകപ്പും കോപ്പാ അമേരിക്കയും നേടിയിട്ടില്ലെന്ന കാര്യം വിസ്മരിക്കുന്നില്ല.

മെസിയുടെ കുടംബം.

സ്വന്തം നാട്ടുകാരിയായ അന്റോനെല്ലയാണ് മെസിയുടെ ജീവിത പങ്കാളി. അവര്‍ക്ക് തിയാഗോ, മാറ്റിയോ എന്നീ രണ്ടു പുത്രന്മാര്‍. അര്‍ജ്ജന്റൈന്‍ മോഡലുകളായ മക്കാരീനാ ലീമോസ്, ലൂസിയാനോ സലാസര്‍ എന്നവരുടെ പേരുകളുമായി കൂട്ടിച്ചേര്‍ത്ത് ചില ഗോസിപ്പുകള്‍ പ്രചാരത്തിലുണ്ടായിരുന്നു അക്കാലത്ത്. എന്നാല്‍ ആ വഴിക്കൊന്നും മെസി തിരിഞ്ഞു പോയില്ല. ലോകത്തിലെ മറ്റുപല വലിയ കളിക്കാരേയും പോലെ അമ്മയോടാണ് മെസിക്കും ഏറെ പ്രീയം. അതിന്റെ നിത്യസ്മാരകമെന്നോണം ഇടതുതോളില്‍ ആ മുഖം വരഞ്ഞിട്ടുണ്ട്. പിതാവും സഹോദരന്മാരും മെസിയുടെ ഏജന്റായും മാനേജര്‍മാരായും പ്രവര്‍ത്തിക്കുന്നു.

പതിമ്മൂന്നുവയസുമുതല്‍ സ്‌പെയിനിലാണ് സ്ഥിരതാമസമെങ്കിലും റൊസാരിയോയിലെ സൗഹൃദങ്ങളും ബന്ധങ്ങളും ഭദ്രമായിത്തന്നെ സൂക്ഷിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മെസിയുടെ സാന്നിധ്യം ഗണ്യമാണ്. ശാരീരികമായി അവശത അനുഭവിക്കുന്ന കൂട്ടികളിലാണ് ഊന്നല്‍. ഒപ്പം രാജ്യത്തെ ഗ്രാസ്‌റൂട്ട് ഫുട്‌ബോളിലും അതീവ ശ്രദ്ധാലുവാണ്.

മെസിയുടെ കളി ജീവിതത്തിന്റേയും വ്യക്തി ജീവിതത്തിന്റേയും ഒരു രേഖാ ചിത്രമാണിത്. ഇതു രണ്ടും കൂട്ടുപിണഞ്ഞ് ഒരു നേര്‍ രേഖയിലൂടെയാണ് സഞ്ചരിക്കുന്നതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. അതില്‍ വളവോ തിരിവോ ഇരുട്ടോ ഇല്ല. പ്രകാശം നിറഞ്ഞ സുഗമമായ പാത. ആരോ മുന്‍കൂട്ടി ഒരുക്കിയതുപോലെ. അനന്യമായ പ്രതിഭയുടെ ഈടുറ്റ മൂലധനമുണ്ടായിരുന്നതിനാല്‍ സഞ്ചാരവും അനായാസമായി.

മേല്‍സൂചിപ്പിച്ച കാര്യങ്ങളെ സൂക്ഷ്മ വിശകലനത്തിനുവിധേയമാക്കിയാല്‍ മെസിയുടെ വ്യക്തിത്വത്തിലെ സന്ദിഗ്ദ്ധകളുടെ വാതില്‍ തുറന്നുകിട്ടും. ഇനി അതിലേക്ക്.

കാല്‍പ്പന്തിനെ ഹൃദയത്തോടു ചേര്‍ക്കുന്ന കുടുംബം. മകനെ വലിയ കളിക്കാരനാക്കാന്‍ തപസുചെയ്യുന്ന പിതാവ്. മറോഡണയെ ദൈവമായിക്കാണുന്ന അമ്മയും മുത്തശ്ശിയും. കുട്ടിക്കാലത്ത് കളിക്കാനും കളിപഠിക്കാനും കിട്ടിയ അവസരങ്ങള്‍. മെസിയിലെ പ്രതിഭയുടെ ധാരാളിത്തത്തെ തിരിച്ചറിഞ്ഞ ആദ്യ പരിശീലകന്‍ അപാര്‍സ്യോ. ന്യുവെല്‍സ് ഓള്‍ഡ്‌ബോയിസ് എന്ന പ്രസിദ്ധമായ ടീമിന്റെ അക്കാഡമിയിലെ പ്രവേശനം. അവിടെ ലഭിച്ച മികച്ച പരിശീലനവും കളിപരിചയവും. എന്‍ഡ്രിക്ക് ഡോമിന്‍ഗ്വസ്, അഡ്രിയാന്‍ കോറിയ എന്നീ മികച്ച പരിശീലകരുടെ പരിലാളനം. അവിടെ നിന്ന് അര്‍ജ്ജന്റീനക്കാരുടെ അഭിമാന സ്തംഭങ്ങളിലൊന്നായ റിവര്‍പ്ലേറ്റിലേ ട്രയല്‍സ്. അവിടെ നടന്ന രോഗ നിര്‍ണയം. പുറത്തുനിന്നു ലഭിച്ച ചികില്‍സാ സഹായങ്ങള്‍. ചികില്‍സയുടെ വിജയകരമായ പരിസമാപ്തി.

ഇവിടെ ഒരു കാര്യം ഓര്‍ക്കുക. മെസിയുടെ രോഗം പോലും കളിക്കാരനെന്ന നിലയില്‍ വളരാനുള്ള അവസരങ്ങള്‍ അയാള്‍ക്ക് സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. രോഗത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നില്ലെങ്കില്‍ ഇത്ര ചെറുപ്രായത്തിലേ മെസി സ്‌പെയിനില്‍ എത്തുമായിരുന്നോ എന്നു സംശയമാണ്.

അര്‍ജ്ജന്റീനക്കാരില്‍ ഭൂരിപക്ഷത്തിനും ചരിത്രപരമായ കാരണങ്ങളാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വേരുകളുണ്ട്. വിശേഷിച്ച് സ്‌പെയിനില്‍. കാലപ്പഴക്കവും ദൂരവും പല ബന്ധങ്ങളേയും ദുര്‍ബലമാക്കിയിരുന്നു. ഭാഗ്യവശാല്‍ മെസിയുടെ കാര്യത്തില്‍ ആ ബന്ധങ്ങള്‍ സജീവമായിരുന്നു. അവരാണ് മെസിക്കും കുടംബത്തിനും വേണ്ട സൗകര്യങ്ങള്‍ സ്‌പെയില്‍ ഒരുക്കിയത്. ഇവരുടെ സഹായമില്ലാതിരുന്നെങ്കില്‍ മെസിയുടെ യാത്ര അത്രവേഗത്തില്‍ സുഗമമാകുമായിരുന്നില്ല. അര്‍ജ്ജന്റീനയും സ്‌പെയിനും രണ്ടു ഭൂഖണ്ഡങ്ങളിലാണെന്ന കാര്യവും വിസ്മരിക്കരുത്.

ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു കാര്യവും കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അത്, മെസി ന്യൂവെല്‍ ഓള്‍ഡ് ബോയിസില്‍ ചേരുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തിലുണ്ടായ സമ്പത്തിക പ്രതിസന്ധികളാണ്. അങ്ങനെയൊന്നു സംഭവിക്കാതിരുന്നെങ്കില്‍ മെസിയുടെ ചികില്‍സാ ചെലവുകള്‍ ന്യൂവെല്‍സോ റിവര്‍പ്ലേറ്റോ ഏറ്റെടുക്കുമായിരുന്നു. എങ്കില്‍ ബാഴ്‌സാലോണാ അക്കാഡമിയിലെ മികച്ച സൗകര്യങ്ങള്‍ മെസിക്ക് ലഭ്യമാകാന്‍ വീണ്ടും വര്‍ഷങ്ങള്‍ എടുക്കുമായിരുന്നു.

മെസി, ബാഴ്‌സലോണാ അക്കാഡമിയില്‍ ചേരുന്ന കാലത്താണ് കാര്‍ലോസ് റക്‌സാക്ക് എന്ന പരിശീലകന്‍ പുതുതായി അക്കാഡമിയുടെ ചുമതല ഏല്‍ക്കുന്നത്. മെസിയുടെ പ്രതിഭയെ നന്നായിത്തിരിച്ചറിഞ്ഞ റക്‌സാക്ക് അദ്ദേഹത്തെ വളരയേറ പ്രോല്‍സാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു. അപരിചിതമായൊരു സാഹചര്യത്തില്‍ ഈ സഹായങ്ങള്‍ എത്രത്തോളം നിര്‍ണായകമായിരുന്നു എന്നു പറയേണ്ടതില്ല.

ബാഴ്‌സയുടെ ബി ടീമിനു വേണ്ടി മെസി ഗോളടിച്ചു കൂട്ടുന്ന സന്ദര്‍ത്തിലാണ് സീനിയര്‍ ടീമില്‍ വലിയ ഉലച്ചിലുകള്‍ സംഭവിക്കുന്നത്. പുതിയ പരിശീലകനായി റൈക്കാഡ് വരുന്നതും ടീമിലെ മുതിര്‍ന്ന കളിക്കാരില്‍ ചിലര്‍ വിരമിക്കുന്നതും മറ്റു ചിലര്‍ ക്ലബ്ബുവിടുന്നതും. ഈ സാഹചര്യമാണ് ബി ടീമില്‍ നിന്ന് എ ടീമിലേക്കുള്ള മെസിയുടെ പ്രവേശം കൂടുതല്‍ വേഗത്തിലാക്കിയത്. റൈക്കാഡിന്റെ പിന്തുണയും മെസിക്കു ധാരാളമായി ലഭിച്ചിരുന്നു. ഒപ്പം അക്കാലത്ത് ടീമില്‍ പുതുതായി എത്തിയ പരിചയ സമ്പന്നരായ സാമുവല്‍ എറ്റു, റൊണാള്‍ഡീഞ്ഞോ എന്നിവരുടെ പിന്തുണയും. ഈ ഘടകങ്ങളെല്ലാം പൊടുന്നനവേ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് മെസിക്ക് സ്പാനിഷ് ലീഗില്‍ അരങ്ങേറാനും കാലുറപ്പിക്കുവാനുമായത്. ബാഴ്‌സയുടെ എ ടീമില്‍ എന്നും ഭാഗ്യവാനും സുരക്ഷിതനുമായിരുന്നു മെസി.

റൊണാള്‍ഡീഞ്യോ, മെസ്സി, സാമുവല്‍ എറ്റു

തുടക്കത്തില്‍ റൊണാള്‍ഡീഞ്ഞോ, സാമുവല്‍ എറ്റു, ഡെക്കോ എന്നീ പരിചയ സമ്പന്നരുടെ സഹായം നിര്‍ലോഭം ലഭിച്ചപ്പോള്‍ അടുത്ത ഊഴത്തില്‍ ബാഴ്‌സാ അക്കാഡമിയിലെ സുഹൃത്തുക്കളെത്തന്നെ കിട്ടി. കാര്‍ലോസ് പ്യുയോളും സാവിയും ഇനിയസ്റ്റയും പിക്യുവും.

മെസ്സി സാവിക്കും ഇനിയേസ്റ്റയ്ക്കുമൊപ്പം

ഇതും മെയിസുടെ കരിയറില്‍ വന്നുചേര്‍ന്ന അനുഗൃഹങ്ങളുടെ പട്ടികയില്‍ പെടും. പെപ് ഗാര്‍ഡിയോള പരിശീലകനായി വരുന്നതും ലോകത്തെ ഏറ്റവും പ്രതിഭാശാലികളായ കളിക്കാരുടെ ഒരു ക്രീം മാത്രമായി ബാഴ്‌സമാറുന്നതും വര്‍ത്തമാനകാല ചരിത്രമാണ്. സുവാരസും നെയ്മറും സഹകളിക്കാരായുണ്ടെങ്കിലും മെസിതന്നെയാണ് ടീമിന്റെനെടുന്തൂണായി വര്‍ത്തിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വാഴ്ത്തപ്പെട്ട ആ ചരിത്രം ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല.

സുവാരസ്, നെയ്മര്‍, മെസ്സി

ഇവിടെ സംഗ്രഹിച്ച മെസിയുടെ കളിജീവിതം ഉള്‍പ്പെടുന്ന ജീവചരിത്രവും വിശകലനവും അസന്ദിഗ്ദ്ധമായി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതിങ്ങനെ ചുരുക്കാം.

1. സൗമ്യവും സാധാരണവുമായിരുന്നു മെസിയുടെ ഇരുപത്തിയൊമ്പതുവര്‍ഷത്തെ ജീവിതം. വ്യക്തി ജീവിതത്തിലോ കളി ജീവിതത്തിലോ പ്രതിബന്ധങ്ങള്‍ യാതൊന്നുമില്ല. സമ്പന്നമായിരുന്നില്ലെങ്കിലും അല്ലലില്ലാത്തതായിരുന്നു കുട്ടിക്കാലം. ലാറ്റിനമേരിക്കയിലെ മറ്റു താരങ്ങളുടെ ബാല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്വര്‍ഗം എന്നു തന്നെ പറയാം. ഒരു മധ്യവര്‍ത്തി കുടംബത്തിന്റെ പരിമിതമായ സുരക്ഷതത്വങ്ങള്‍ എപ്പോഴും ലഭിച്ചു. നിലനില്‍പ്പിനുവേണ്ടി ഒരിക്കലും ഒറ്റയ്ക്കു പോരാടേണ്ടി വന്നില്ല.

2. ആകെ ഒരു പ്രതിസന്ധി രൂപപ്പെട്ടത് രോഗത്തിന്റെ രൂപത്തിലായിരുന്നു. അത്യന്തം ഗൗരവമുള്ളതായിരുന്നെങ്കിലും ചികില്‍സക്കുവേണ്ട സഹായങ്ങള്‍ ഏറെക്കുറെ അനായാസമായിത്തന്നെ കൈവന്നു.

3. മെസി, ബാഴ്‌സയുടെ യൂത്ത് അക്കാഡമിയില്‍ ട്രയല്‍സിന് വരുന്ന സന്ദര്‍ഭത്തിലാണ് പൊടുന്നനവേ ചില മാറ്റങ്ങള്‍ ക്ലബ്ബിലുണ്ടാകുന്നത്. ആ മാറ്റങ്ങളുംമെസിക്ക് അനുകൂലാമായാണ് പരിണമിച്ചത്.

4. അടുത്തൊരു സമൂലമാറ്റം ബാഴ്‌സയില്‍ വരുന്നത് മെസി ബാഴ്‌സയുടെ ബി ടീമില്‍ മാറ്റു തെളിയിച്ചുവരുന്ന സന്ദര്‍ഭത്തിലായിരുന്നു. സീനിയര്‍ ടീമിന്റെ പരിശീലകനായി വന്ന റൈക്കാഡിന്റെ ശ്രദ്ധയും താല്‍പര്യവും മെസിയില്‍ പതിയുന്നു. ഇതേ അവസരത്തിലാണ് സീനിയര്‍ ടീമിലെ ചിലകളിക്കാര്‍ വിരമിക്കുന്നതും ചിലര്‍ ക്ലബ്ബുവിടുന്നതും. റൈക്കാഡിന് മെസിയിലുള്ള താല്‍പര്യത്തെ സഫലമാക്കാനുള്ള പശ്ചാത്തലം ഒരുങ്ങുകയായിരുന്നു. ടീമിന്റെ പ്രകടനം പൊതുവേ തൃപ്തികരമല്ലാതായതും മെസിക്ക് തുണയായി. ബാഴ്‌സയിലെ അരങ്ങേറ്റത്തില്‍ തന്നെ റൊണാള്‍ഡീഞ്ഞോ, സാമുവല്‍ എറ്റു, ഡെക്കോ എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ അവരസരവും കിട്ടി.

5. യൂത്ത് അക്കാഡമിയില്‍ തനിക്കൊപ്പമുണ്ടായിരുന്ന ഇനിയസ്റ്റയും പിക്യുവും മുന്‍ഗാമികളായിരുന്ന കാര്‍ലോസ് പ്യൂയോളും സാവി ഹെര്‍ണാണ്ടസും മെസിയുടെ സഹകളിക്കാരായി. വര്‍ഷങ്ങളോളം ഒരുമിച്ചു കളിപഠിച്ച ഈ ചങ്ങാതിമാരുടെ കൂട്ടായ്മയും മെസിയിലെ കളിക്കാരന് വീര്യവും ആത്മവിശ്വാസവും പകര്‍ന്നിട്ടുണ്ടാവണം.

6. മെസിയുടെ പ്രതിഭയെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന പെപ് ഗാര്‍ഡിയോള പരിശീലകനായി വന്നതോടെ മെസി ടീമിന്റെ കേന്ദ്രബിന്ദുവായി. ഒപ്പം ലോകോത്തരതാരങ്ങളെല്ലാം ഒന്നൊന്നായി ടീമിലേക്ക് ചേക്കേറാനും തുടങ്ങി. അതോടെ മെസി ബാഴ്‌സയില്‍ അത്യന്തം സുരക്ഷിതനുമായി.

7. സ്പാനിഷ് ടീമിലെ ചിരവൈരികളായ റയല്‍ മാഡ്രിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്ഥിരം സാന്നിധ്യമായതും മെസിക്ക് ഗുണകരമായി എന്നു കരുതുന്നതില്‍ ന്യായമുണ്ട്. അതു കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകവുമായി.

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. അത്തരം ജീവിതങ്ങളില്‍ വേണ്ടതെല്ലാം വേണ്ടപ്പോള്‍ വന്നു മേളിക്കും. മെസിയുടെ ജീവിതത്തെ സംബന്ധിച്ചും അതാണ് ശരി. അദ്ദേഹത്തിന്റെ എതിരറ്റ പ്രതിഭയുമായി അവശ്യഘടകങ്ങളെല്ലാം കൃത്യസമയത്തു മേളിക്കുകയായിരുന്നു. അതിനുവേണ്ടി പ്രത്യേകം അധ്വാനമോ തയ്യാറെടുപ്പുകളോ ഒരിക്കലും വേണ്ടിവന്നിട്ടില്ല. ഇതിനെ നമ്മുടെ ഭാഷയില്‍ ഭാഗ്യമെന്നോ യോഗമെന്നോ വിളിക്കാം.

എന്നാല്‍, ഈ ആനുകൂല്യങ്ങളാണ് മെസിലെ വ്യക്തിയെ ദുര്‍ബലനും അന്തര്‍മുഖനുമാക്കി. കളിയില്‍, വീറിന്റെ പരകോടിയില്‍ എത്താറുണ്ടെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ പതറി. മാളത്തിലൊളിക്കാന്‍ വെമ്പുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായി ശരീരഭാഷ. മറഡോണയെപ്പോലെ തല നിവര്‍ത്തിയല്ല പരമാവധി താഴ്ത്തിയാണ് മെസി നടക്കുക. നഖം കടിക്കുന്ന ശീലത്തേയും ഇതിനോടു ചേര്‍ത്തു വായിക്കണം.

ഇതൊക്കെ സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. നായകത്വത്തിനു വേണ്ട വിഭവങ്ങളല്ല, വിശ്വസ്തനായൊരു വിധേയന് വേണ്ട സന്നാഹങ്ങളാണ് ആ വ്യക്തിത്വത്തില്‍ സജീവമായിട്ടുള്ളത്. ഒതുങ്ങിയും പതുങ്ങിയും നില്‍ക്കാന്‍ അയാള്‍ എപ്പോഴും മോഹിക്കുന്നത് അതുകൊണ്ടാണ്. മെസിക്കു വ്യക്തിത്വമില്ല എന്ന് മറഡോണ വിളിച്ചു പറഞ്ഞത് ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടു തന്നെയായിരിക്കണം. ഇത്തരം വ്യക്തികള്‍ വെല്ലുവിളികള്‍ ഏറ്റടുക്കാന്‍ വിമുഖരും നിര്‍ണായക ഘട്ടങ്ങളില്‍ ഒളിച്ചോടുന്നവരുമാകും.

മെസ്സിയും മറഡോണയും

ഇക്കഴിഞ്ഞ കോപ്പാ അമേരിക്കാ ടൂര്‍ണമെന്റില്‍ പങ്കെടുത്ത അര്‍ജ്ജന്റീനാ ടീം ദുര്‍ബലമൊന്നുമായിരുന്നില്ല. ടീമിലെ ഭൂരിഭാഗം പേരും പലവട്ടം മെസിയോടൊന്നിച്ച് രാജ്യത്തുനുവേണ്ടി കളിച്ചവര്‍. എല്ലാവരും മെസിക്കു പരിചിതര്‍. ലോകത്തെ മികച്ച ടീമുകളില്‍ കളിക്കുന്നവര്‍. പക്ഷേ അവരുടെ മിടുക്കുകളെ ഒന്നായി സമാഹരിക്കാനും ഫലപ്രദമായിവിനിയോഗിക്കാനും നായകനെന്ന നിലയില്‍ മെസിക്കു കഴിയാതെ പോയി. ഇതിന്റെ കാരണവും മറ്റൊരിടത്തും അന്വേഷിക്കേണ്ടതില്ല. മെസിയുടെ അഭാവത്തിലും പ്രാഥമിക റൗണ്ടിലൊരു മല്‍സരത്തില്‍ ചിലിയെ പരാജയപ്പെടുത്താന്‍ ഇതേ ടീമിനു കഴിഞ്ഞിരുന്നു എന്ന കാര്യവും വിസ്മരിക്കരുത്.

ഇവിടെ മറഡോണയുമായി ഒരു ചെറിയൊരു താരതമ്യം അനിവാര്യമാകുന്നു. 1986-ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണ നയിച്ച ടീം ഈ ടീമിനെ അപേക്ഷിച്ച് എത്രയോ ദുര്‍ബലമായിരുന്നു. മറഡോണയൊഴിച്ചാല്‍ നാലുപേര്‍ അറിയുന്ന കളിക്കാര്‍ ബാറ്റിസ്റ്റ, റുഗേരി, നെറിപിംപിഡോ എന്നിവര്‍ മാത്രമായിരുന്നു.

1986ലെ അര്‍ജന്റീനിയന്‍ ടീം

അന്ന് 32 കാരനായ ബാറ്റിസ്റ്റയെ ടീമിലെടുത്തതിനെച്ചൊല്ലി വന്‍വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലോകം കണ്ട മികച്ച ഡിഫന്ററാന്മാരില്‍ ഒരാളായിരുന്ന പാസറൊല്ലയേയും ടീമിലെടുത്തിരുന്നു. എന്നാല്‍ മറഡോണയെ നായകനാക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം ടീം വിട്ടു പോയി. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. വ്യക്തിപരമായ പല പ്രശ്‌നങ്ങളുടേയും നടുവിലായിരുന്നു മറഡോണയും.

അന്ന്, ഇറ്റലിയിലെ നാപ്പോളിക്ക് കളിക്കുകയായിരുന്ന മറഡോണ വിവാദനായകനുമായിരുന്നു. കാമുകിമാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, മാധ്യമങ്ങളോടുള്ള അസുഖകരമായ പെരുമാറ്റരീതികള്‍, ഉത്തേജകമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിങ്ങനെ. ലോകകപ്പിനു തൊട്ടുമുമ്പുണ്ടായ മഞ്ഞപ്പിത്തബാധ അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയേയും ബാധിച്ചിരുന്നു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും വിപരീതമായ ചുറ്റുപാടുകളിലൂടെ കടന്നാണ് മറഡോണയുടെ ടീം മെക്‌സിക്കോയില്‍ എത്തിയത്.

പ്രാഥമിക റൗണ്ടുമുതല്‍ ഫൈനല്‍ വരെ ഏഴുമല്‍സരങ്ങള്‍. ഇതില്‍ ഇറ്റലിയോട് 1-1-ന് സമനിലയില്‍ പിരഞ്ഞതൊഴിച്ചാല്‍ മറ്റെല്ലാമല്‍സരങ്ങളും വിജയിച്ചിരുന്നു. ഫൈനലില്‍ കരുത്തരായ വെസ്റ്റ് ജര്‍മനിയെ 3-2-ന് പരാജയപ്പെടുത്തി കിരീടവും നേടി. മൊത്തം 14 ഗോള്‍ നേടിയപ്പോള്‍ മടക്കിവാങ്ങിയത് അഞ്ചുഗോള്‍ മാത്രം. ഒരു മല്‍സരത്തില്‍ ശരാശരി രണ്ടു ഗോള്‍ നേടാന്‍ ടീമിന് കഴിഞ്ഞിരുന്നു.

തനിക്കു കിട്ടിയത് ദുര്‍ബലരുടെ ഒരു പടയായിരുന്നിട്ടും മറഡോണ അവരെ തന്നോളം തന്നെ കരുത്തരാക്കി മാറ്റിയാണ് അസൂയാവഹമായ വിജയങ്ങള്‍ നേടിയത്. ടൂര്‍ണമെന്റിലാകെ അദ്ദേഹം നേടിയത് രണ്ടുഗോള്‍ മാത്രം. അതും ക്വാര്‍ട്ടര്‍ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ. ബാക്കി പന്ത്രണ്ടു ഗോളുകളും സഹകളിക്കാരുടെ വക. ടീമിനെ എങ്ങനെയാണ് അദ്ദേഹം നയിച്ചതെന്നുള്ളതിന് ഇതില്‍പ്പരം തെളിവുവേണ്ട.

അന്ന് മറഡോണയ്‌ക്കൊപ്പം കളിച്ച പലകളിക്കാരേയും നമ്മളിന്ന് അറിയുകപോലുമില്ല. ഇതാണ് മറഡോണ. ഇത് തീയില്‍ കുരുത്തവന്റെ മാന്ത്രികതയാണെന്നു പറഞ്ഞാല്‍ എല്ലാമായി. മെസിയെപ്പോലെ ദുര്‍ബലനായിരുന്നു മറഡോണയെങ്കില്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തുപോകുമായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

മറഡോണയും മെസ്സിയും

കളിയില്‍ തന്റെ റോള്‍ ഭംഗിയാക്കുമെന്നതൊഴിച്ചാല്‍ മറഡോണയെപ്പോലെടീമിനെ ഒന്നാകെ പ്രചോദിപ്പിക്കാന്‍ മെസിക്ക് ഒരിക്കലും കഴിയാറില്ല. ഇതും മുകളില്‍ സൂചിപ്പിച്ച വ്യക്തിത്വസവിശേഷതയുടെ ഭാഗമായിക്കരുതിയാല്‍ മതി. സഹകളിക്കാരോട് ഉള്ളുതുറന്നു സംസാരിക്കുന്നതില്‍ പോലും വിമുഖനായിരുന്നു മെസി. 2006-ല്‍ തന്റെ പതിനെട്ടാം വയസിലാണ് മെസി ആദ്യമായി ലോകപ്പുടീമില്‍ ഉള്‍പ്പെടുന്നത്. പെക്കര്‍മാനായിരുന്നു പരിശീലകന്‍.

അന്ന് ടീം ക്യാമ്പില്‍ ഉയര്‍ന്ന പരാതികളില്‍ പ്രധാനം മെസി ആരോടും സംസാരിക്കുന്നില്ല എന്നതായിരുന്നു. അന്നു നായകനായിരുന്ന ജുവാന്‍ പാവ്‌ലോ സോറിനും ടീമിലെ പ്രധാന ഡിഫന്ററായിരുന്ന ഗബ്രിയേല്‍ ഹെയിന്‍സും ഇതേക്കുറിച്ച് കോച്ചിനോട് നേരിട്ട് പരാതിപ്പെടുകപോലുമുണ്ടായി. എങ്കിലും അര്‍ജ്ജന്റീയ്ക്കുകളിക്കുമ്പോള്‍ ഈ സ്വഭാവത്തില്‍ പൂര്‍ണമായ മാറ്റം വന്നതായി സൂചനകളൊന്നുമില്ല. ആ ലോകകപ്പില്‍ അര്‍ജ്ജന്റീന ജര്‍മനിയോട് ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങുകയായിരുന്നു.

2006 ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെ ജര്‍മനിയുടെ ക്ലോസെ നേടിയ ഗോള്‍

2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും അര്‍ജ്ജന്റീന ക്വാര്‍ട്ടറില്‍ തോറ്റു. സാക്ഷാല്‍ മറഡോണയായിരുന്നു പരിശീലകന്‍. പത്താംനമ്പര്‍ ജേഴ്‌സിയിട്ടിറങ്ങിയ മെസിക്ക് ഒറ്റഗോള്‍ പോലും സ്‌കോര്‍ചെയ്യാനായില്ല. 2008-09 സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി തകര്‍ത്തുകളിക്കുകയും ലോകഫു്‌ബോളറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മെസിയാണ് അര്‍ജ്ജന്റീനയ്ക്കുവേണ്ടി കളിക്കുമ്പോള്‍ തീര്‍ത്തും പരാജയപ്പെട്ടതെന്നോര്‍ക്കുക. 2011-ല്‍ സ്വന്തം നാട്ടില്‍ നടന്ന കോപ്പാ അമേരിക്കയിലും അര്‍ജ്ജന്റീന പ്രാഥമിക ഘട്ടത്തില്‍ പുറത്തായി. ഇവിടേയും മെസിക്ക് ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. കോപ്പയിലെ പരാജയത്തിനു ശേഷം അലസാന്ദ്രോസബെല്ല പരിശീലകനായി വന്നപ്പോഴാണ് മെസിയെ ടീമിന്റെ നായകനാക്കിയത്.

ഇവിടെ ഒരു കണക്ക് പ്രസക്തമായി വരുന്നു. 2011-വരെ അര്‍ജ്ജന്റീനയ്ക്കു വേണ്ടി 67 മല്‍സരങ്ങളാണ് മെസി കളിച്ചിട്ടുള്ളത്. ആകെ നേടിയത് 19 ഗോളുകള്‍. എന്നാല്‍ നായകനായശേഷം 20 മല്‍സരങ്ങളില്‍ നിന്ന് ഇത്രയും ഗോള്‍ നേടാന്‍ അദ്ദേഹത്തിനായി. നായകനായ ശേഷം തന്റെ അടിസ്ഥാന സ്വഭാവരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ബോധപൂര്‍വം തന്നെ ശ്രമിച്ചിട്ടുണ്ടാകണം. എന്നാല്‍ ഈ മുപ്പതാം വയസിലും അതില്‍ പൂര്‍ണായി വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. രണ്ടു കോപ്പാ അമേരിക്കാ ഫൈനലുകളും കഴിഞ്ഞ ലോകകപ്പും തെളിയിക്കുന്നത് ഇതുതന്നെയാണ്. നായകസ്ഥാനം മെസിക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടുണ്ടെങ്കിലും ടീമിനാകെ ഗുണമൊന്നും ചെയ്തിട്ടില്ല.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സെലിബ്രറ്റികളില്‍ ഒരാളാണ് മെസി. പക്ഷേ, അതിന്റെ പകിട്ടിലൊന്നും അദ്ദേഹം ഒരിക്കലും മനസിനേയും ശരീരത്തേയും മയങ്ങാന്‍ വിട്ടിട്ടില്ല. ടീം അംഗങ്ങള്‍ക്ക് ഒപ്പമുള്ള ആഘോഷങ്ങളില്‍ നിന്നു പോലും വിട്ടു നില്‍ക്കാറുണ്ടെന്ന് സഹകളിക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ലളിതവും സുതാര്യവുമാണെല്ലാം. കളിക്കളവും കുടുംബവും. ഇതാണ് സമവാക്യം. അതിനപ്പുറത്തേക്ക് ഒന്നും നീണ്ടുപോകുന്നില്ല. ഇത് തെറ്റാണെന്നല്ല. ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ ജനിച്ച മെസി ആ ജനുസില്‍പെട്ട മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു എന്നേയുള്ളു.

ഇക്കൂട്ടര്‍ പൊതുവേ അതിര്‍ത്തികള്‍ ലംഘിക്കാന്‍ ഭയമുള്ളവരാകും. അതൊരു ദൗര്‍ബല്യമല്ലെന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ഇത്തരക്കാര്‍ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ വിമുഖരും പ്രതിസന്ധികളില്‍ കുഴങ്ങുന്നവരുമാകുമെന്നതില്‍ സംശയമൊന്നുമില്ല. എവിടേയും സുരക്ഷിതമായ കോണുകള്‍ അന്വേഷിക്കുന്നവരാകും ഇവര്‍. അസുരക്ഷതത്വഭീതി ഇക്കൂട്ടരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.

ലോകം കണ്ട മികച്ച ഇരുപത്തിയഞ്ച് കളിക്കാരില്‍ ഒരാളാണ് മെസി. ഈ കാലഘട്ടിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്നല്ല കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം എന്നു തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ ബാഴ്‌സലോണയില്‍ കളിക്കുമ്പോഴാണ് ഈ വിസ്മയങ്ങളില്‍ ഭൂരിഭാഗവും കൂട് തുറക്കുന്നത്. അര്‍ജ്ജന്റീനാ ജേഴ്‌സിയിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറുന്നു. ഇത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുമുണ്ട്.

മെസിക്ക് പണം കായ്ക്കുന്ന ക്ലബ്ബ് ഫുട്‌ബോളിലാണ് താല്‍പര്യമെന്നും ധനലാഭം കുറഞ്ഞ ദേശീയ ടീമില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നുതുമാണ് വിമര്‍ശനങ്ങളുടെ കാതല്‍. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ ശ്രമിക്കാത്തവരാണ് ഇത്തരം ഉപരിപ്ലവമായ വാദങ്ങള്‍ ഉയര്‍ത്തുന്നത്. യഥാര്‍ഥകാരണങ്ങള്‍ നേരത്തെ സൂചിപ്പിച്ചതിലുണ്ട്. സുരക്ഷിതത്വഭയമാണത്.

ബാഴ്‌സയില്‍ മെസി കളിക്കുന്നത്, കളിക്കാരുടെ ഒരു ക്രീമിനൊപ്പമാണ്. എല്ലാപൊസിഷനിലും ഒന്നാം നിരക്കാര്‍. പരിശീലനങ്ങളിലും മല്‍സരങ്ങളിലും എന്നും ഒന്നിക്കുന്നവര്‍. ഒറ്റമനസും ശരീരവുമായി നീങ്ങുന്നവര്‍. ഓരോ കളിയിലും തങ്ങളുടെ മാറ്റു തെളിയിക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇവര്‍ക്കൊപ്പം കളിക്കുമ്പോള്‍ മെസി ഒരു കളിക്കാരനെന്ന നിലയില്‍ അങ്ങേയറ്റം സുരക്ഷിതനാണ്. എന്നാല്‍ പല ക്ലബ്ബുകളില്‍ വിവിധ നിലവാരങ്ങളില്‍ കളിക്കുന്ന കളിക്കാര്‍ ഒത്തുചേരുന്ന ദേശീയ ടീമില്‍ ഈ സുരക്ഷതിത്വം ലഭിക്കണമെന്നില്ല. അതിനാല്‍ ദേശീയ ടീമില്‍ കളിക്കുമ്പോള്‍ മെസി തീര്‍ത്തും അരക്ഷിതനാണ്. ഈ അരക്ഷിത്വത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നുമില്ല. ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വസവിശേഷതകള്‍ അങ്ങനെയൊരു മാറ്റത്തിന് വിധേയമാകാന്‍ പാകത്തിനുള്ളതുമല്ല.

ക്ലബ്ബില്‍ കളിക്കുമ്പോള്‍ പ്രതിഭയുടെ കൊടുമുടി കയറുകയും രാജ്യത്തിലേക്കുവരുമ്പോള്‍ ശരാശരിക്കാരനായി താഴ്ന്നു പോവുകയും ചെയ്യുന്ന ഈ വൈരുദ്ധ്യം മെസിയിലല്ലാതെ മറ്റു പ്രധാന കളിക്കാരിലൊന്നും ദൃശ്യമല്ല. ബാഴ്‌സലോണയ്ക്കുവേണ്ടി മാത്രം കണ്ടീഷന്‍ ചെയ്യപ്പെട്ടൊരു കളിക്കാരനാണ് മെസിയെന്നും ഇതിനാല്‍ വിശേഷിപ്പിക്കാം. ഇങ്ങനെ പ്രത്യേകമായൊരു പശ്ചാത്തലത്തില്‍ ബന്ധിതനായൊരാള്‍ക്ക് മറ്റൊരു പശ്ചാത്തലത്തില്‍ നിലനില്‍പ് അസാധ്യവുമാണ്. ബാഴ്‌സലോണവിട്ട് മറ്റൊരു ക്ലബ്ബില്‍ കളിക്കുവാനുള്ള സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ മെസിയില്‍ തുടര്‍ച്ച ലഭിക്കുക ബാഴ്‌സലോണയിലെ കളിക്കായിരിക്കില്ല ദേശീയ ടീമിലെ കളിക്കായിരിക്കും എന്നകാര്യം തീര്‍ച്ചയാണ്.

ദേശീയ ടീമില്‍ നിന്നു മെസി പെട്ടെന്നു വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇടവരുത്തിയ ചില പ്രത്യക്ഷകാരണങ്ങള്‍ കൂടി ഇക്കൂട്ടത്തില്‍ പരിശോധിക്കേണ്ടതുണ്ട്..

1. കോപ്പാ ഫൈനലിലെ പെനാല്‍ടി പാഴായത്. രാജ്യത്തിന് പ്രധാനപ്പെട്ടൊരു കിരീടം നേടിക്കൊടുക്കാന്‍ കഴിയാതെ പോയതിലെ നിരാശ.

2. കോപ്പാ കിരീടമില്ലാതെ മെസി നാട്ടിലേക്ക് വരേണ്ടതില്ലെന്ന മറഡോണയുടെ അന്ത്യശാസനം.

3. അര്‍ജ്ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷനിലെ പ്രശ്‌നങ്ങള്‍.

ഒരു നിര്‍ണായക മല്‍സരത്തില്‍ പെനാല്‍ടി പാഴാകുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ സംഭവമല്ല. അത് പെനാല്‍ടികളുടെ പൊതുവായ വിധിയാണ്. ഏത്ര പ്രതിഭാ സമ്പന്നനാണെങ്കിലും ഒരു സെക്കന്റ് നേരത്തെ പതര്‍ച്ചമതി എല്ലാം പിഴയ്ക്കാന്‍. അങ്ങനെയൊരു പതര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ മെസിയുടെ കാര്യത്തില്‍ ധാരാളമുണ്ടായിരുന്നു. പോസ്റ്റില്‍ മെസിയുടെ ഷോട്ടുകളുടെ എല്ലാ വൈവിധ്യങ്ങളും മനസിലാക്കിയിട്ടുള്ള ക്ലോഡിയോ ബ്രാവോ എന്ന ഗോള്‍ കീപ്പര്‍. ബ്രാവോ, ബാഴ്‌സയുടെ ഗോള്‍ കീപ്പര്‍ കൂടിയാണല്ലോ. നീണ്ട 23 വര്‍ഷത്തെ കിരീടദാഹം തീര്‍ക്കാന്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ച് ആവേശപൂര്‍വം കാത്തിരിക്കുന്ന ഒരു രാജ്യം. എല്ലാറ്റിനും മുകളിലായി മറഡോണയുടെ അന്ത്യശാസനം.

മെസിയെപ്പോലൊരാളിന്റെ സമനിലപോകാന്‍ ഇതൊക്കെ ധാരാളം. എന്തായാലും മെസിയുടെ കോടിക്കണക്കിന് വരുന്ന ആരാധകരൈ നിരാശരാക്കിക്കൊണ്ട് ഷോട്ടു പുറത്തേക്കുപോയി. ക്ലബ്ബിന് വേണ്ടി സമ്മര്‍ദമേറിയ നൂറുകണക്കിനു മല്‍സരങ്ങള്‍ അനായാസം കളിച്ചിട്ടുള്ള മെസിയ്ക്കാണ് ഇവിടെ പിഴച്ചതെന്ന കാര്യം മറന്നുപോകരുത്. ക്ലബ്ബില്‍ അദ്ദേഹത്തിന് പിഴയ്ക്കില്ല.

നിര്‍ണായകമായ പെനാല്‍ടി കിക്കുകള്‍ പാഴാക്കി മെസിയെപ്പോലെ അസ്തപ്രജ്ഞരായി നിന്നുപോയ നിവവധി ഇതിഹാസതാരങ്ങള്‍ കാല്‍പ്പന്തിന്റെ ചരിത്രത്തിലുണ്ട്. മറഡോണയും സീക്കോയും സോക്രട്ടീസും മിഷേല്‍പ്ലാറ്റിനിയും ബാജിയോയും ഈ പട്ടികയിലെ ചിലര്‍ മാത്രമാണ്. ഇവരുടെ വീഴ്ചകളും തടസപ്പെടുത്തിയത് കിരീടങ്ങളിലേക്കുള്ള അര്‍ഥവത്തായ പ്രയാണങ്ങളെത്തന്നെയായിരുന്നു. ഇവരെല്ലാം മെസിയക്കാള്‍ പ്രാപ്തികുറഞ്ഞവരാണെന്ന് ആരും പറയില്ല. ചിലപ്പോള്‍ അല്‍പം കൂടി ഉയരത്തില്‍ നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും വീഴ്ചയുടെ പേരില്‍ ദേശീയ ടീമുകളെ കൈവിട്ടവരല്ല. അത്തരം നിര്‍ണായകഘട്ടങ്ങളെ നേരിടാനുള്ള മനക്കരുത്തും ഇച്ഛാശക്തിയും അവര്‍ താണ്ടിയ ജീവിതം തന്നെ അവര്‍ക്ക് വേണ്ടുവോളം നല്‍കിയിരുന്നു. മെസിക്ക് ഇല്ലാതെയപോയതും ഇതുതന്നെ.

മറഡോണയിലേക്ക് തന്നെ വീണ്ടും മടങ്ങാം. 1990-ലെ ഇറ്റാലിയന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം. യുഗോസ്ലാവിയയായിരുന്നു അര്‍ജ്ജന്റീനയുടെ എതിരാളികള്‍. മറഡോണയായിരുന്നു ടീം നായകന്‍. മല്‍സരത്തില്‍ സാധാരണ സമയത്തും അധികസമയത്തും ഗോള്‍ വീണില്ല. ടൈബ്രക്കറിലേക്ക് കടന്നു. അര്‍ജ്ജന്റീനയുടെ ആദ്യ കിക്കെടുത്ത സെര്‍സുവേലയ്ക്കും രണ്ടാം കിക്കെടുത്ത ബുര്‍ച്ചാഗേയ്ക്കും പിഴച്ചില്ല. മൂന്നാം കിക്കെടുത്ത മറഡോണയ്ക്കു പിഴച്ചു. പക്ഷെ അദ്ദേഹം വികാരപ്രകടനമൊന്നും നടത്തിയില്ല. സാധാരണപോലെ മടങ്ങിപ്പോയി. യുഗോസ്ലാവിയയുടെ മൂന്ന് കിക്കുകള്‍ പാഴായതിനാല്‍ മല്‍സരം അര്‍ജ്ജന്റീന ജയിച്ചു.

ഈ ലോകകപ്പില്‍ തോല്‍വിയോടെയാണ് അര്‍ജ്ജന്റീന തുടങ്ങിയതും. റോജര്‍മില്ലയുടെ കാമറൂണ്‍ ഒരു ഗോളിന് അര്‍ജ്ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. കിരീടം നേടുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന അര്‍ജ്ജന്റീന ഫൈനലില്‍ വെസ്റ്റ് ജെര്‍മനിയോട് എണ്‍പത്തിയെട്ടാം മിനിറ്റില്‍ വീണ പെനാല്‍ടി ഗോളില്‍ തോല്‍ക്കുകയും ചെയ്തു. മറഡോണ കരഞ്ഞില്ല. 1994-ലെ ലോകകപ്പിലും ദേശത്തിന്റെ നായകനായി അദ്ദേഹം വീണ്ടും വന്നു.

ഇനി മറഡോണയുടെ പ്രതികരണത്തിലേക്ക്. 1986-ല്‍ രാജ്യത്തിന് ലോകകപ്പു നേടിക്കൊടുക്കുകയും. 90-ലെ ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്ത മറഡോണയ്ക്ക് കോപ്പാ അമേരിക്കാകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം മെസി മറന്നാലും ലോകം മറക്കില്ല. 1976-മുതല്‍ 94-വരെ രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തിനു വേണ്ടി കളിച്ച മറഡോണ ആകെ രണ്ടു കോപ്പാ ടൂര്‍ണമെന്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളു. 1979-ലും പിന്നെ 1987-ലും. 1978-ലെ ലോകകപ്പ് നേടിയത് അര്‍ജ്ജന്റീനയായിരുന്നു. ആ ടീമില്‍ ചെറിയ മാറ്റങ്ങളുമായാണ് അവര്‍ കോപ്പാ ടൂര്‍ണമെന്റിനെത്തിയത്. പക്ഷെ ബ്രസീലിനോടും ബൊളീവിയയോടും തോറ്റ് ആദ്യറൗണ്ടില്‍ തന്നെ പുറത്തു പോയി. ഡാനിയേല്‍ പാസറല്ല നായകനായ ടീമില്‍ മറഡോണ, റിക്കാഡോ ബൊച്ചീനി, റിക്കാഡോ ഫെറേറോ എന്നീ മഹാരഥന്മാരുമുണ്ടായിരുന്നു.

ഇതുപോലെ 86-ല്‍ ലോകകപ്പ് നേടിയ ടീമാണ് 87-ലെ കോപ്പിയില്‍ മല്‍സരിക്കാനെത്തിയത്. മറഡോണയായിരുന്നു നായകന്‍. സെമീഫൈനലില്‍ ഉറൂഗ്വയോട് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരത്തില്‍ കൊളംബിയയോടും 2-1-ന് തോറ്റു. ഇതേ മറഡോണയാണ് കോപ്പാകിരീടം നേടാതെ മെസി നാട്ടിലേക്ക് മടങ്ങേണ്ടതില്ല എന്നു പറഞ്ഞത്. സത്യത്തില്‍ മറഡോണയുടെ വാക്കുകളെ അക്ഷരാര്‍ഥത്തില്‍ എടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ സ്വഭാവം വച്ചു നോക്കുമ്പോള്‍ അര്‍ഥശൂന്യമായൊരു വികാരപ്രകടനം മാത്രമായി കണ്ടാല്‍ മതിയാകും. ഒരിക്കലും വിജയപരാജയങ്ങളെ അതിവൈകാരികമായി സമീപിക്കുന്ന ആളല്ല മറഡോണ.

ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. മറഡോണയെ അടുത്തുറിയാവുന്ന മെസി, അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ബേജാറായെങ്കില്‍ കുറ്റം മറഡോയുടേതല്ല. മറഡോണയെ ദൈവമായിക്കാണുമ്പോഴും വിമര്‍ശനങ്ങളില്‍ നിന്ന് അദ്ദേഹത്തെ ആര്‍ജ്ജന്റീനക്കാരോ മാധ്യമങ്ങളോ ഒരിക്കലും മാറ്റിനിറുത്തിയിരുന്നില്ല. മെസി ഇപ്പോള്‍ നേരിടുന്നതിനേക്കാള്‍ വലിയ വിമര്‍ശനങ്ങള്‍ മറഡോണയ്ക്ക് നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ തന്റെ കരുത്തിലും പ്രതിഭയിലും അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്ന മറഡോണ അതൊന്നും കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല.

ഇനി അസോസിയേഷനിലെ പ്രശ്‌നങ്ങള്‍- 1893-ഫെബ്രുവരി പത്തിനാണ് അര്‍ജ്ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപം കൊള്ളുന്നത്. ഇന്നേയ്ക്ക് 123-വര്‍ഷം മുമ്പ്. 1912-ല്‍ ഫിഫയില്‍ അഫിലിയേഷന്‍ ലഭിച്ചു. ആദ്യത്തെ ചില ദശകങ്ങളൊഴിച്ചാല്‍ സമാധാനത്തിന്റെ നാളുകള്‍ അസോസിയേഷനെ സംബന്ധിച്ച് വിരളമാണെന്നുതന്നെ പറയാം. എല്ലാക്കാലത്തും രാജ്യം നേരിട്ട പൊതുവായ പ്രശ്‌നങ്ങളില്‍ നിന്ന് അസോസിയേഷനും മോചനമുണ്ടായിരുന്നില്ല. അത് രാഷ്ട്രീയമായാലും സാമ്പത്തികമായാലും. താന്‍പോരിമയും അഴിമതിയും രാഷ്ട്രീയമായ ചേരിതിരിവുകളും അസോസിയേഷനെ എപ്പോഴും അസ്വസ്ഥമാക്കിയിരുന്നു.

ദേശീയ ടീമുകളുടെ പ്രകടനം മോശമാകുമ്പോള്‍ രൂക്ഷവിമര്‍ശനങ്ങളും പതിവായിരുന്നു. മരിയോകെമ്പസിനേയോ മറഡോണയോ പോലുള്ള ഇതിഹാസതാരങ്ങള്‍ക്കുപോലും അതില്‍ നിന്ന് മോചനമുണ്ടായിട്ടില്ല. പറയേണ്ട ന്യായങ്ങള്‍ പറഞ്ഞും ചിലതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുമാണ് അവര്‍ മുന്നോട്ടു പോയിരുന്നത്. അതിനുള്ള ചങ്കൂറ്റവും ഇരുത്തവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മെസിയുടെ മുട്ടുവിറയ്ക്കുകയാണ്. പറയാന്‍ ന്യായങ്ങള്‍ ധാരാളമുണ്ടെങ്കിലും.

ഫുട്‌ബോളില്‍ ഒരു കളിക്കാരന്‍ അനശ്വരനാകുന്നത് അയാള്‍ ആ കളിക്ക് നല്‍കിയ മൗലികമായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ അയാള്‍ നേടിയ ലോകകപ്പിനേയോ യൂറോകപ്പിനേയോ, അഫ്രിക്കന്‍നാഷന്‍സ് കപ്പിനോയോ കോപ്പയേയോ അടിസ്ഥാനമാക്കിയല്ല. ഇതൊക്കെ നേടിയവര്‍ അതിന്റെ പേരില്‍ മാത്രം അനശ്വരരാകുന്നുമില്ല.

1930-മുതല്‍ ലോകകപ്പ് നേടിയ ടീമുകളില്‍ ഉള്‍പ്പെട്ട എത്രയോ കളിക്കാരുണ്ട് അവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് നമ്മുടെ ഓര്‍മയില്‍ ഉള്ളത്. സോക്രട്ടീസ്, സീക്കോ, കരേക്ക, ബെക്കാം, ഹിഗ്വിറ്റ, കാര്‍ലോസ് വള്‍റമ, റോജര്‍മില്ല, സാമുവല്‍ എറ്റു, ദ്രോഗ്ബ, ഗിഗ്‌സ്, ഇബ്രാഹിമോവിച്ച്……. ഈ പട്ടിക ഇനിയും ദീര്‍ഘിപ്പിക്കാം. ഇവര്‍ നമ്മുടെ മനസില്‍ ഇടം പിടിച്ചത് ഏതെങ്കിലും ഒരു കപ്പിന്റെ പിന്‍ബലത്തിലല്ല. ഇവരാരും ഇപ്പറഞ്ഞതൊന്നും നേടയിട്ടുമില്ല. ഇവരെല്ലാം നമ്മുടെ തലമുറയില്‍പ്പെട്ട കളിക്കാരാണ്. പഴയതലമുറയില്‍ നിന്ന് എത്രവേണമെങ്കിലും പേരുകള്‍ ഇനിയും നിരത്താനാകും.

മെസിയുടെ കരിയറില്‍ ഇനി അവശേഷിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ മാത്രം. അതിനിടയില്‍ 2018-ലെ റഷ്യന്‍ ലോകകപ്പും 2019-ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ്പാ അമേരിക്കയും വരും. ഈ രണ്ടു ടൂര്‍ണമെന്റുകളിലും മെസി അര്‍ജ്ജന്റീനയെ നയിച്ചെത്തിയേക്കാം. 2022-ലെ ഖത്തര്‍ ലോകകപ്പാവുമ്പേഴേക്കും മെസിക്ക് പ്രായം മുപ്പത്തിയഞ്ചാകും. 2023-ലാണ് അടുത്ത കോപ്പാ ടൂര്‍ണമെന്റ് ഇക്വഡോറില്‍ നടക്കുക. അപ്പോള്‍ മുപ്പത്തിയാറാകും പ്രായം. ഖത്തറിലും ഇക്വഡോറിലും മെസിയുണ്ടാകാനുള്ള സാധ്യത അതിനാല്‍ വിരളമാണ്.

അങ്ങനെയെങ്കില്‍ റഷ്യയിലേത് മെസിയുടെ അവസാന ലോകകപ്പും ബ്രസീലിലേത് അവസാന കോപ്പാഅമേരിക്കയുമാകും. എന്തായാലും ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയുന്നൊരുകാര്യം അടുത്ത ലോകകപ്പും കോപ്പാ അമേരിക്കയും മെസിയുടെ കരിയറില്‍ കൂടുതലൊന്നും എഴുതിച്ചേര്‍ക്കാന്‍ പോകുന്നില്ല എന്നത് മാത്രമാണ്.

ചുരുക്കത്തില്‍ മെസിയുടെ പ്രതിഭയും വ്യക്തിത്വവും ബാഴ്‌സലോണയ്ക്ക് അനുഗൃഹമാണെങ്കിലും ദേശീയ ടീമിലത് വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാഴ്‌സയില്‍ ടീമിനൊപ്പം മെസി അലിഞ്ഞുചേരുമ്പോള്‍ ദേശീയ ടീമില്‍ ഇണങ്ങാത്ത കണ്ണിയായി ശേഷിക്കുന്നു. രണ്ടിടത്തും മെസിയെ കേന്ദ്രീകരിച്ചാണ് പരിശീലകര്‍ തന്ത്രങ്ങള്‍ മെനയുന്നത്. ബാഴ്‌സയില്‍ അത് ഫലിക്കുമ്പോള്‍ ദേശീയ ടീമില്‍ വിഫലമാകുന്നു. മെസിയെ കണ്ണിചേര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ദേശീയ ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നു പോകാന്‍ മെസിക്കു കഴിയുന്നില്ല. ഇത് മനഃപൂര്‍വമാണെന്നല്ല. മെസി ശ്രമിച്ചിട്ടും കഴിയുന്നില്ല എന്നേ അര്‍ഥമാക്കുന്നുള്ളു.

ഇതിന് പലകാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനകും. രണ്ടു ടീമിന്റേയും പ്രതിഭയുടെ ഏറ്റക്കുറച്ചിലാണ് ഒന്ന്. രണ്ട്, സീസണ്‍മുഴുവന്‍ ബാഴ്‌സയുടെ കളിക്കാര്‍ക്കൊപ്പമാണ് മെസി. ദേശീയ ടീമിലെ കളിക്കാരുമായി ചേരുന്നത് അപൂര്‍വവും. എന്നാല്‍ ഏറ്റവും പ്രധാനം ബാഴ്‌സയുടെ കളിരീതിയാണ്.

മറ്റുപ്രഫഷണല്‍ ടീമുകള്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുമ്പോള്‍ ഒരേരീതിയുടെ വ്യത്യസ്തതകളെയാണ് ബാഴ്‌സ അവലംബിക്കുന്നത്. ദീര്‍ഘകാലമായി ബാഴ്‌സയില്‍ കളിക്കുന്ന മെസി ആ രീതിയുടെ തടവുകാരനുമായി. അതിനാല്‍ മറ്റൊരു സന്ദര്‍ഭത്തിലും സാഹചര്യത്തിലും അത് ഭേദിച്ചു പുറത്തുവരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഒരുകളിക്കാരനെന്ന നിലയില്‍ മെസിയുടെ ഏറ്റവും വലിയ പരിമിതിയാണിത്. മെസിയുടെ നിലവാരത്തില്‍ കളിച്ചിട്ടുള്ളതും കളിക്കുന്നതുമായ കളിക്കാര്‍ക്കൊന്നുമില്ലാത്ത പരിമിതിയെന്നും കൂടി പറയേണ്ടിവരും.

ദേശീയ ടീമില്‍ മെസി പരാജയമാകുന്നത് ഇതുകൊണ്ടുകൂടിയാണ്. മെസിയില്ലാത്ത ഒരു അര്‍ജ്ജന്റീനാ ടീം ഒരു പക്ഷേ ഇതിനേക്കാള്‍ ഫലപ്രദമായേക്കും. ബാഴ്‌സയുടെ കളിരീതി മെസിയെസംബന്ധിച്ചടത്തോളം സുരക്ഷിതമായൊരു കോണാണ്. അത് വിട്ട് മറ്റൊരു രീതിയുടെ സാഹസികതയെ സ്വീകരിക്കാന്‍ പാകത്തിലുള്ളതല്ല മെസിയുടെ വ്യക്തിത്വവും.

ഒരു കാര്യം വീണ്ടും ആവര്‍ത്തിക്കാം, ഒരുലോകകപ്പോ കോപ്പാ അമേരിക്കാ കിരീടമോ ശിരസിനുമുകളില്‍ ഉയര്‍ത്തി നില്‍ക്കുന്ന മെസിയുടെ ചിത്രം കാണാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കഴിഞ്ഞെന്നുവരില്ല. ആരാധകര്‍ ക്ഷമിക്കട്ടെ.

അളക്കാന്‍ ഏത് മാനദണ്ഡം ഉപയോഗിച്ചാലും ലോകം കണ്ട മികച്ച ഇരുപത്തിയഞ്ച് കളിക്കാരില്‍ ഒരാളകും മെസി. മഹാന്മാരായ കളിക്കാര്‍ മെസിയുടെ തലമുറയില്‍ അപൂര്‍വമല്ല. പക്ഷേ ഫുട്‌ബോളിന് മൗലികമായൊരു സൗന്ദര്യ ശാസ്ത്രം പ്രധാനം ചെയ്തവര്‍ കുറയും. അവിടെയാണ് മെസി വേറിട്ടു നില്‍ക്കുന്നത്.

എന്തൊക്കെ പരിമിതികള്‍ ആരോപിക്കാമെങ്കിലും അക്കാര്യത്തില്‍ (അക്കാര്യത്തില്‍ മാത്രം) മറഡോണയുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ് അദ്ദേഹം. മെസിയുടെ കളി രീതികളും കളിയോടുള്ള സമീപനവും കളിയെന്ന നിലയില്‍ കാല്‍പ്പന്തിനെ കൂടുതല്‍ സുന്ദരവും സമ്പന്നവുമാക്കുന്നു. അതുതന്നെയാണ് മെസിയെ കൂടുതല്‍ ആദരണീനും അനശ്വരനുമാക്കുന്നത്. എന്നാല്‍ ഇതെത്രത്തോളം മെസി മനസിലാക്കിയിട്ടുണ്ട് എന്നത് സംശയാസ്പദമാണ്.

♦♦♦

DONT MISS
Top