‘വിമര്‍ശിച്ചത് സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ്, മമ്മൂട്ടിയെയല്ല’; കസബ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പാര്‍വതി

പാര്‍വതി

കൊച്ചി: കസബ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കി. താന്‍ വിമര്‍ശിച്ചത് സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ്. അല്ലാതെ മമ്മൂട്ടിയെയല്ല എന്നാണ് പാര്‍വതി ഒരു ദേശീയ വെബ്‌സൈറ്റില്‍ എഴുതിയിരിക്കുന്നത്. ഇത്തരം വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കുമെന്നും പാര്‍വതി പറഞ്ഞു.

കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതിനെ മമ്മൂട്ടിക്കെതിരായ വിമര്‍ശം എന്ന നിലയിലാണ് പല മാധ്യമങ്ങളും അവതരിപ്പിച്ചത്. ഈ തലക്കെട്ട് മാത്രം കണ്ടാണ് പലരും തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. മമ്മൂട്ടി മികച്ച നടനാണെന്നാണ് താന്‍ വിശേഷിപ്പിച്ചത്. വ്യക്തിപരമായ ഒരു വിരോധവും മമ്മൂട്ടിയോടില്ല. അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.

തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിച്ചുകൂടെ എന്നും പാര്‍വതി ചോദിച്ചു. സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിന്റെ ഉത്തരവാദിത്വം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. ഈ അവബോധത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും പാര്‍വതി പറഞ്ഞു.

തന്റെ സിനിമയിലെ ലിപ്‌ലോക്കിനെ വിമര്‍ശിച്ചവര്‍ക്കും പാര്‍വതി മറുപടി നല്‍കി. സിനിമയില്‍ കാമുകനുമായി ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമണം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്യമാകുന്നതെങ്ങനെയെന്ന് പാര്‍വതി ചോദിച്ചു.

തന്നോട് മിണ്ടാതിരിക്കൂ എന്ന് പലരും പറയുന്നുണ്ട്. പക്ഷേ ഇപ്പോള്‍ താന്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മിണ്ടാതിരിക്കേണ്ടി വരും. മറ്റാരെയും പോലെ മിണ്ടാന്‍ തനിക്കും അവകാശം ഉണ്ട്. അത് ഇനിയും തുടരും എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top