കായികലോകം 2017-നേട്ടങ്ങള്‍, നഷ്ടങ്ങള്‍ ഒപ്പം ഇന്ത്യന്‍ വിജയഗാഥകളും

ഇന്ത്യയെ സംബന്ധിച്ച് 2017-ല്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കായിക ഇനം ക്രിക്കറ്റാണെന്ന് നിസംശയം പറയാം. നായകന്‍ വിരാട് കോഹ്‌ലിക്കും ദേശീയ ക്രിക്കറ്റ് ടീമിനും ഒരു പോലെ അഭിമാനം പകരുന്ന വര്‍ഷമാണ് നമ്മെ വിട്ടുപിരിയുന്നത്. വര്‍ഷം അവസാനിക്കുമ്പോള്‍ ടെസ്റ്റില്‍ ഒന്നാം റാങ്കിലും ഏക ദിനത്തിലും ട്വന്റി20 യിലും രണ്ടാം റാങ്കിലുമാണ് ഇന്ത്യ. കളിയുടെ മൂന്നു ഫോര്‍മാറ്റിലും ലോകത്തെ മികച്ച ടീമുകളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. 2011-ല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കോഹ്‌ലിയുടെ ആറു ഡബിള്‍ സെഞ്ച്വറികളില്‍ മൂന്നും പിറന്നത് 2017-ല്‍ ആണ്. രോഹിത് ശര്‍മ ഏകദിനത്തില്‍ തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി കുറിച്ചതും 2017 ലായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനോട് േേതാറ്റതും വിന്‍ഡിസിനോട് ഒരു ട്വന്റി20 മാത്രമുണ്ടായിരുന്ന പരമ്പര കൈവിട്ടതും ഓസ്‌ട്രേലിയയയോട് കളിച്ച ട്വന്റി20 പരമ്പര സമനിലയിലായതും ഒഴിച്ചാല്‍ 2017-ല്‍ കളിച്ച എല്ലാ പരമ്പരകളും ഇന്ത്യയ്ക്ക് നേടാനായി. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അനിഷേധ്യവിജയങ്ങളുടെ വര്‍ഷമായി 2017-നെ പരിഗണിക്കാം.

2017-കലണ്ടര്‍ വര്‍ഷത്തില്‍ 53 മത്സരങ്ങളില്‍ ഇന്ത്യ 37 വിജയങ്ങള്‍ സ്വന്തം പേരിലാക്കി. 2003-ല്‍ 47 മത്സരങ്ങളില്‍ നിന്ന് 38 വിജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പതിനാറ് പരമ്പരകളില്‍ പതിന്നാലിലും വിജയം. 16 ടെസ്റ്റ് പരമ്പരകളില്‍ പതിനൊന്നിലും വിജയം. ടെസ്റ്റില്‍ ബംഗ്ലാദേശിനോട് 1-0, ഓസ്‌ട്രേലിയയോട് 2-1, ശ്രീലങ്കയ്‌ക്കെതിരെ (ശ്രീലങ്കയില്‍) 3-0 എന്നിങ്ങനെയായിരുന്നു വിജയം. ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് 2-1, വിന്‍ഡീസ് 3-1, ഓസ്‌ട്രേലിയ 4-1, ശ്രീലങ്ക 5-0, ന്യൂസിലന്റ് 2-1, ശ്രീലങ്ക (ഇന്ത്യയില്‍) 2-1 എന്നിങ്ങനെയാണ് ഏകദിനപരമ്പര വിജയങ്ങളുടെ കണക്ക്.

ട്വന്റി20യിലും സ്ഥിരതയോടെ ഇതുതന്നെ ആവര്‍ത്തിച്ചു. ഏകദിനത്തില്‍ തുടര്‍ച്ചയായി എട്ടുപരമ്പരകളില്‍ വിജയം. 1970-കളില്‍ വെസ്റ്റിന്റീസിന്റെ സുവര്‍ണസംഘം 14 തുടര്‍പരമ്പര വിജയങ്ങള്‍ നേടിയതുമാത്രമാണ് ഇതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. ടെസ്റ്റില്‍ ഏറ്റവും ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ വിജയം തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയമാണ്. ടെസ്റ്റ് പരമ്പര വിജയങ്ങളില്‍ നമ്മള്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പമെത്തി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

ഈ വര്‍ഷം വിരാട് കോഹ്‌ലി ആകെ 2,818 റണ്‍സ് നേടി. അങ്ങനെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന രണ്ടാമത്തെ താരവുമായി. ഓസ്‌ട്രേലിയന്‍ താരം റിക്കിപോണ്ടിംഗാണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്. 2005-ല്‍ അദ്ദേഹം 2,833 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിനത്തിലും ട്വന്റി20യിലും കോഹ്‌ലി കളിച്ചിരുന്നില്ല എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരും ഈ വര്‍ഷം ആയിരം റണ്‍സ് കടന്നു. കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചറികള്‍ നേടുന്ന നായകനായി കോഹ്‌ലി മാറി. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സെഞ്ചറികളും കോഹ്‌ലിയുടെ പേരിലാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് നേട്ടത്തില്‍ ആര്‍ അശ്വന്‍ 56 വിക്കറ്റോടെ രണ്ടാം സ്ഥാനത്തും രവീന്ദ്രജഡേജ 54 വിക്കറ്റോടെ മൂന്നാംസ്ഥാനത്തും വന്നു. അറുപതു വിക്കറ്റോടെ ഓസ്‌ട്രേലിയയുടെ നാഥന്‍ ലയോണാണ് ഒന്നാം സ്ഥാനത്ത്. കോഹ്‌ലിയുടെ നേട്ടങ്ങളേപ്പോലെ എടുത്തു പറയേണ്ടതാണ് രോഹിത് ശര്‍മയുടെ നേട്ടങ്ങളും. ഏകദിനത്തില്‍ മൂന്നാം തവണയും അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയത് ഈ വര്‍ഷമായിരുന്നു. 2014-ല്‍ ശ്രീലങ്കയ്ക്ക് എതിരേ 264 റണ്‍സ് നേടി അത്ഭുതം സൃഷ്ടിച്ച രോഹിത് ശര്‍മ 2013-ല്‍ ഓസ്‌ട്രേലിയ്‌ക്കെതിരേയും ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തില്‍ പിറന്ന ഏഴ് ഇരട്ട സെഞ്ചറികളില്‍ മൂന്നും ഇദ്ദേഹത്തിന്റെ പേരിലുമാണ്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനും അഭിമാനിക്കാന്‍ കഴിയുന്ന വര്‍ഷമാണിത്. വനിതാ ലോകക്രിക്കറ്റില്‍ ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനോട് തോറ്റു. ഇത് രണ്ടാം തവണയാണ് ഫൈനലില്‍ അവര്‍ തോല്‍ക്കുന്നത്. എങ്കിലും ഫൈനലില്‍ എത്തിയെന്നത് ചെറിയ നേട്ടമല്ല.

മുതിര്‍ന്ന താരങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അനില്‍ കുംബ്ലെയ്ക്ക് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതും 17-ല്‍ ആയിരുന്നു. പകരം മുന്‍താരം രവിശാസ്ത്രി വന്നു. ഏത് അളവുകോല്‍ വെച്ച് പരിശോധിച്ചാലും 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈവരിച്ച നേട്ടങ്ങളെ കുറച്ചു കാണാന്‍ കഴിയില്ല. അത്രയ്ക്ക് അഭിമാനകരമാണ് നേട്ടങ്ങള്‍.

ഫുട്‌ബോള്‍

റയല്‍ മാഡ്രിഡ് (ഫയല്‍ ചിത്രം)

എഎഫ്‌സി കപ്പ് ഫുട്‌ബോളിന് ഇന്ത്യ യോഗ്യത നേടി എന്നുള്ളതാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് എടുത്തുപറയാനുള്ള ഏക നേട്ടം. കളിയുടെ നിലവാരം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയരുന്നു എന്നുള്ളത് ഭാവിയില്‍ വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുമുണ്ട്. ഐസ്വാള്‍ എഫ്.സി.ഐ ലീഗ് കിരീടം നേടിയെന്നത് 17-ല്‍ എടുത്തു പറയാവുന്ന കാര്യങ്ങളില്‍ ഒന്നാണ് സമീപകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഫുട്‌ബോളില്‍ കൈവരിച്ച നിലവാരത്തിന്റെ മാനദണ്ഡമായി ഇതിനെക്കാണാം. ഇപ്പോള്‍ നടന്നു വരുന്ന സൂപ്പര്‍ ലീഗില്‍ വടക്കുകിഴക്കന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈയും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. ആദ്യമായി ഇന്ത്യയില്‍ അരങ്ങേറിയ 17 വയസിന് താഴെ പ്രായമുള്ളവരുടെ ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലും ഇവരുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രധാന റോളിലേക്കു വരുന്നു എന്നത് പ്രതീക്ഷാ നിര്‍ഭരമാണ്.

ഫെഡറേഷന്‍ കപ്പില്‍ ബംഗളുരു എഫ്‌സിയും ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായിരുന്നു ചാമ്പ്യന്മാര്‍. പ്രതാപം നഷ്ടപ്പെട്ടു കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ബംഗാളും ചാമ്പ്യന്മാരായി. ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനേഴ് വയസിന് താഴെയുള്ളവരുടെ ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഉണര്‍വു നല്‍കിയതും ഈ വര്‍ഷമായിരുന്നു. മികച്ച കുട്ടിക്കളിക്കേരായും അവരുടെ മികച്ച പരിശീലന രീതികളേയും നേരിട്ടുകാണാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചു. ഗ്രൂപ്പില്‍ വിജയങ്ങളൊന്നും നേടാനായില്ലെങ്കിലും മികച്ചതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്രകടനം. യൂറോപ്യന്‍ പരിശീലകരുടേയും ലാറ്റിനമേരിക്കന്‍ പരിശീലകരുടേയും പ്രശംസനേടാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ലോകകപ്പില്‍ ആദ്യഗോള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ താരം ജിക്‌സന്‍ സിംഗ് ചരിത്രത്തില്‍ ഇടം നേടി. മലയാളിതാരം കെപി രാഹുലിനും ടീമിന്റെ ഭാഗമായിരുന്നു. രാഹുലിന്റെ പ്രകടനം കേരളത്തിലെ താരങ്ങളുടെ ആത്മവിശ്വാസത്തേയും ഉയര്‍ത്തിയിട്ടുണ്ട്.

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം

മലയാളീ താരം അനസ് എടത്തൊടിക ഐ ലീഗിലെ മികച്ച പ്രതിരോധക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗില്‍ മോഹന്‍ ബഗാനുവേണ്ടിയായിരുന്നു അനസ് കളിച്ചത്. ഒപ്പം ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരവും അനസിനായിരുന്നു. സൂപ്പര്‍ ലീഗിലും അനസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ബ്രസീല്‍ ഇതിഹാസം കാര്‍ലോസിന്റെ പ്രശംസ പോലും ഇക്കാര്യത്തില്‍ അനസ് നേടിയെന്നത് കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗുണമേന്മയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ അഭിമാനതാരമായി മാറിയിരിക്കുകയാണ് അനസ് എടത്തൊടിക. ഒരു പക്ഷേ ഇന്ത്യ കണ്ട മികച്ച പ്രതിരോധനിരക്കാരനെന്ന പേരോടെ.

ഫിഫയുടെ ലോകഫുട്‌ബോളര്‍ പുരസ്‌കാരം, ബാലന്‍ ഡി ഓര്‍ എന്നിവ 2017-ല്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി. റയലിനൊപ്പം അഞ്ചു കിരീട നേട്ടങ്ങളിലും അദ്ദേഹം മികച്ച പങ്കുവഹിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നൂറുഗോള്‍ നേടുന്ന ആദ്യതാരവുമായി. 33 വയസ് പിന്നിട്ടെങ്കിലും ഇനിയും പ്രായത്തിന്റെ ക്ഷീണങ്ങളൊന്നും ആ പോരാളിയില്‍ പ്രത്യക്ഷ്യവുമല്ല.

റയല്‍ മാഡ്രിഡിനും 2017-അഭിമാനത്തിന്റെ വര്‍ഷമാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗ് കിരീടം അവര്‍ സ്വന്തമാക്കി. ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം, ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിങ്ങനെ നാലു കിരീടങ്ങള്‍ കൂടി അവരുടെ ഷോകേസില്‍ എത്തി. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്കുമാറി. 1,667 കോടി രൂപയ്ക്ക്. പക്ഷേ ക്ലബ്ബുമാറ്റം താരത്തിന് ഗുണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യമിപ്പോള്‍ പ്രസക്തമായി വരുന്നുണ്ട്.

പിവി സിന്ധു

ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ഉയര്‍ന്നതും ഈ വര്‍ഷമാണ്. ടോട്ടനം താരമായ കെയ്ന്‍ 56 ഗോളുകളാണ് ഈ വര്‍ഷം നേടിയത്. ക്രിസ്റ്റ്യാനോയും മെസിയുമല്ലാത്തൊരാള്‍ കലണ്ടര്‍ വര്‍ഷത്തില്‍ ടോപ് സ്‌കോററാകുന്നത് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമാണ്. ഇക്കാര്യത്തില്‍ ഇംഗ്ലീഷ് താരം അലന്‍ ഷെയറിന്റെ റെക്കോഡാണ് കെയ്ന്‍ തകര്‍ത്തത്. അലന്‍ ഷെയര്‍ 36 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഈ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍ കപ്പ് ജര്‍മനിക്കായിരുന്നു. റഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചിലിയെ മറികടന്നാണ് അവര്‍ കന്നിക്കിരീടം നേടിയത്. കാമറൂണായിരുന്നു അഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ചാമ്പ്യന്മാര്‍. കാണറൂണിന്റെ അഞ്ചാം കിരീടമായിരുന്നു ഇത്. ഭൂഖണ്ഡത്തിലെ തങ്ങളുടെ ആധിപത്യം കിരീടനേട്ടത്തിലൂടെ ആവര്‍ത്തിക്കുകയായിരുന്നു കാമറൂണ്‍.

കെ ശ്രീകാന്ത്

കളിക്കളത്തില്‍ ചക്രവര്‍ത്തിമാരായി വിലസിയിരുന്ന ഒരുപിടി താരങ്ങള്‍ കളിയോട് വിടപറഞ്ഞുതിനും 2017 സാക്ഷിയായി. ജിയാണ്‍ ലൂയി ബഫണ്‍, ഡിറോസി, ആന്ദ്രേ ബര്‍സാഗ്ലി, ജിയോര്‍ജിയോ, കില്ലീനി, ആര്യന്‍ റോബന്‍ എന്നിവരാണ് അവരുടെ ദേശീയ ടീം ലോകകപ്പിന് യോഗ്യത നേടാത്തതിനെത്തുടര്‍ന്ന് വിടപറയാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിസ്‌കോ ടോട്ടി, ഫിലിപ്പ് ലാം, സാവി, കക്കാ, ആന്ദ്രേ പിര്‍ലോ, സാബി അലോണ്‍സോ, എന്നിവരും 2017 ല്‍ വിടപറഞ്ഞവരില്‍പെടും. ലോകഫുട്‌ബോളിനെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു 2017 എന്നുപറയാം.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയ വര്‍ഷം കൂടിയായിരുന്നു 2017. ഏഴ് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ ഉള്‍പ്പെടെ 13 പ്രമുഖ കിരീടങ്ങള്‍ അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. വനിതാ വിഭാഗത്തില്‍ പിവി സിന്ധുവും പുരുഷവിഭാഗത്തില്‍ കിഡംബി ശ്രീകാന്തുമാണ് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയത്. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങളാണ് ശ്രീകാന്ത് നേടിയത്. സിന്ധു രണ്ട് സൂപ്പര്‍ സീരീസ് കിരീടങ്ങളും നേടി. സിന്ധു ലോക രണ്ടാം റാങ്കിലും ശ്രീകാന്ത് മൂന്നാം റാങ്കിലുമാണ്. എച്ച് എസ് പ്രണോയിയും സായ് പ്രണീതും കൂടി ഇവരോടൊപ്പം ചേരുന്നു. സൈന നെഹ്‌വാള്‍ കാര്യമായി തിളങ്ങാതെ പോയ വര്‍ഷം കൂടിയാണിത്. പരുക്കും ഫോമില്ലായ്മയുമായിരുന്നു സൈനയുടെ പ്രകടനങ്ങളെ ബാധിച്ചത്. പുതുവര്‍ഷത്തില്‍ അവര്‍ തിരിച്ചുവന്നേക്കും.

DONT MISS
Top