12 വയസുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം; മധ്യപ്രദേശില്‍ സര്‍പഞ്ചിന് സ്ഥാനം നഷ്ടമായി

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ 12 വയസുകാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച സര്‍പഞ്ചിനെ(പഞ്ചായത്ത് പ്രസിഡന്റ്) തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട 12 വയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് ജഗന്നാഥ് മാവായി എന്നയാളെയാണ് സര്‍പഞ്ച് സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജഗന്നാഥ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ജഗന്നാഥ് വിവാഹം കഴിക്കാന്‍ പോകുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ അധികാരികള്‍ വിവാഹം മുടക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് ജില്ലാ പഞ്ചായത്ത് അധികാരികളും ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ അന്വേഷിച്ചു. അപ്പോള്‍ പെണ്‍കുട്ടിക്ക് 12 വയസുമാത്രമാണ് പ്രായമെന്നും 2010 ലാണ് കുട്ടിയെ ഒന്നാം ക്ലാസില്‍ ചേര്‍ത്തതെന്നും മനസിലായതായി മൊറീനാ ജില്ലാ കളക്ടര്‍ ഭാസ്‌ക്കര്‍ ലഷ്‌കര്‍ പറഞ്ഞു.

പഞ്ചായത്ത് രാജ് അവാം ഗ്രാം സ്വരാജ് ആക്ട് പ്രകാരം ജഗന്നാഥിന്നോട് സര്‍പഞ്ച് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മീന പറഞ്ഞു. അടുത്ത ആറു വര്‍ഷത്തേക്ക് ജഗന്നാഥിന് മത്സരിക്കാനുള്ള അധികാരം നഷ്ടപ്പെടുത്തിയാതായും മീന പറഞ്ഞു.

വളരെ ഗുരുതരമായൊരു കുറ്റകൃത്യമാണ് ജഗന്നാഥ് ചെയ്തിരിക്കുന്നത്. അധികാരസ്ഥാനത്തിലിരിക്കെ ശിശുവിവാഹ നിയമ ലംഘനം നടത്തിയതായും കൂടാതെ സ്വന്തം ഭാര്യജീവിച്ചിരിക്കെ വിവാഹ മോചനം നടത്താതെ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച് ഹിന്ദു വിവാഹം നിയമവും ലംഘിച്ചതായും മീര പറഞ്ഞു. എന്നാല്‍ ജഗന്നാഥിന്റെ ഭാര്യയോ പെണ്‍കുട്ടിയുടെ വീട്ടുകാരോ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

DONT MISS
Top