അങ്കമാലി അതിരൂപതയില്‍ സംഭവിക്കുന്നതെന്ത്?

സീറോ മലബാര്‍ സഭയുടെ തലപ്പത്തു നിന്ന് ഡോ ജോര്‍ജ് ആലഞ്ചേരിയെ രാജിവെപ്പിച്ച് ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ മേജര്‍ ആര്‍ച് ബിഷപ് ആക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഒരു വിഭാഗം വൈദികര്‍. സഭകള്‍ തമ്മിലെ തര്‍ക്കം സ്വാഭാവികമാണെങ്കിലും ഒരേ സഭയില്‍ അധികാരത്തിനു വേണ്ടി നടത്തുന്ന ചക്കളത്തിപോരാട്ടം സമീപകാല ചരിത്രത്തില്‍ ഇതാദ്യമാണ്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനം ഏറണാകുളംഅങ്കമാലി ആണെങ്കിലും സഭയുടെ തലപ്പത്ത് എത്താന്‍ ഇവിടെ നിന്നുള്ള ഒരു പുരോഹിതന് കഴിയാറില്ല. ആരാധനാ ക്രമത്തില്‍ ഏറണാകുളം തൃശൂര്‍ ജില്ലകളില്‍ നിന്ന് വ്യത്യസ്തമായ രീതിയാണ് സഭയില്‍ മുന്‍തൂക്കമുള്ള ചങ്ങനാശ്ശേരി വിഭാഗത്തിന് .

സഭാ തലപ്പത്തേക്ക് ഒരാളെ ജയിപ്പിക്കാന്‍ എറണാകുളം തൃശൂര്‍ മേഖലയില്‍ നിന്നുള്ള വോട്ടുകള്‍ മതിയാകില്ല. പുതിയ സാഹചര്യത്തില്‍ ചങ്ങനാശേരി പിന്തുണയ്ക്കാന്‍ ഇടയുള്ള മാര്‍ ആന്‍ഡ്രൂസ് താഴത്തിനു ജയിക്കാനാകില്ലെന്ന് കുര്യാക്കോസ് ഭരണിക്കുളങ്ങരയെ പിന്തുണയ്ക്കുന്ന ഏറണാകുളം-അങ്കമാലി അതിരൂപത വിശ്വസിക്കുന്നു. അതുകൊണ്ടാണ് കര്‍ദിനാള്‍ ആലഞ്ചേരിയെ രാജിവെപ്പിച്ച് തെരഞ്ഞെടുപ്പിന് എതിര്‍പക്ഷം ശ്രമിക്കുന്നത്. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പിഴവുകള്‍ ഉപയോഗിച്ച് ആലഞ്ചേരിയെ തകര്‍ക്കാനാണ് സഹായമെത്രാന്മാര്‍ ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

എറണാകുളം-അങ്കമാലി അതിരൂപത

എന്നാല്‍ സാമ്പത്തിക ബാധ്യത മാത്രമല്ല സുതാര്യത ഇല്ലായ്മയും കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നതും ഗൗരവമായ
ധാര്‍മികപ്രശ്‌നങ്ങള്‍ ആണെന്ന് സഹായ മെത്രാനും എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍കുലറില്‍ പറയുന്നു. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഭൂമി ഇടപാടിനു ശേഷം അതിരൂപതയുടെ കട ബാധ്യത 84 കോടി രൂപയായി. ഇടപാടില്‍ വീഴ്ച സംഭവിച്ചു. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ആരോപണങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും.

ഇടപാടില്‍ ഒപ്പിട്ട ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പെടെ ഉള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് കത്തെഴുതാനും വൈദികരില്‍ ചിലര്‍ക്ക് പരിപാടിയുണ്ട്. കാക്കനാട്‌ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 20.35 സെന്റും തൃക്കാക്കരയിലെ ഭാരതമാതാ കോളെജിനു സമീപം 62.33 സെന്റുമടക്കം ആകെ വില്‍ക്കാന്‍ തീരുമാനിച്ചത് മൂന്നേക്കര്‍ 6.98 സെന്റ് ഭൂമിയാണ്. 36 പേര്‍ക്കാണ് സ്ഥലം വിറ്റത്. സ്ഥലം വിറ്റ് കിട്ടുന്ന 27.30 കോടി രൂപ ബാങ്കില്‍ അടച്ചാല്‍ പിന്നീട് 32 കോടി രൂപ മാത്രമേ അതിരൂപതയ്ക്ക് ബാധ്യത ഉണ്ടാകൂ.

2016 ലെ കരാര്‍ പ്രകാരം വസ്തു വില്‍പനയുടെ സാമ്പത്തിക ഇടപാടുകള്‍ ഒരു മാസത്തിനകം തീര്‍ക്കണം എന്നുണ്ടായിരുന്നെങ്കിലും 9.13 കോടി രൂപ മാത്രമേ ഒന്നര വര്‍ഷം കഴിഞ്ഞും ലഭിച്ചുള്ളൂ. ബാക്കി 18.17 കോടി കിട്ടിയില്ല. അതിരൂപതയിലെ വിവിധ കാനോനിക സമിതികളില്‍ ആലോചിച്ച ശേഷമാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചതെങ്കിലും സഹായമെത്രന്മാര്‍ പല കാര്യങ്ങളും അറിഞ്ഞില്ല. സ്ഥല വില്‍പനയ്ക്കുള്ള തീരുമാനം എടുക്കുന്നതിന് മുന്‍പ് ചിലര്‍ അഡ്വാന്‍സ് വാങ്ങി. അതിരൂപത സഹായമെത്രാന്മാരുടെ അറിവോടെയോ സമ്മതത്തോടെയോ കൂടിയല്ല കോട്ടപ്പടിയിലും ദേവികുളത്തുമുള്ള ഭൂമി ഇടപാടുകള്‍ നടത്തിയത് .

ഫാദര്‍ ആഗസ്റ്റിന്‍ വട്ടോളി

27 കോടി മതിപ്പ് വിലയുള്ള സ്ഥലം ഒമ്പത് കോടി രൂപക്കാണ് വിറ്റത്. സെന്റിന് ഒമ്പതര ലക്ഷത്തിന് വില്‍ക്കാനാണ് അതിരൂപതയുടെ ഫിനാന്‍സ് കമ്മറ്റിയെ ചുമതലപ്പെടുത്തിയത്. ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് വിശദീകരണം. 2015 മെയ് 29ന് സഭയ്ക്ക് മെഡിക്കല്‍ കോളെജ് തുടങ്ങാനായി ബാങ്ക് വായ്പയെടുത്ത് 60 കോടിക്ക് കാലടിയില്‍ സ്ഥലം വാങ്ങിയിരുന്നു. വരന്തരപ്പിള്ളിയിലുള്ള സ്ഥലം വിറ്റ് കടം വീട്ടാമെന്ന് കരുതി. അത് നടന്നില്ല. പ്രതിവര്‍ഷം ആറ് കോടിയോളം വായ്പാ തിരിച്ചടവ് ഒഴിവാക്കി കടം വീട്ടാനാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ ഒരു വിഭാഗം വൈദികര്‍ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. പരാതി പരിശോധിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ വത്തിക്കാന്‍ ഇടപെടണം എന്നാണ് ആവശ്യം .

ചങ്ങനാശേരി രൂപതാ അംഗമാണ് നിലവിലെ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. 1992-96 കാലത്ത് ആന്റണി പടിയരക്ക് ശേഷം ആദ്യമായാണ് ഒരു ചങ്ങനാശേരിക്കാരന്‍ മേജര്‍ ആര്‍ച് ബിഷപ് ആകുന്നത്. ചങ്ങനാശേരി രൂപതയിലെ ഒരു പുരോഹിതന്‍ തലപ്പത്ത് എത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ഏറണാകുളം-അങ്കമാലി വിഭാഗത്തിന്റെ ശ്രമം സഭാ നേതൃത്വത്തെ മാറ്റുകയെന്നതാണ് എന്നുമാണ് വിമര്‍ശനം. അതിനായി ഭൂമിയിടപാടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണ്. ഈ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ കര്‍ദിനാള്‍ ആലഞ്ചേരി ആശുപത്രിയിലാവുകയും ചെയ്തു.

ഇതിനിടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമം നടന്നു. സഭാതലവനെന്ന നിലയില്‍ ക്രിസ്മസ് ദിനത്തില്‍ പാതിരാ കുര്‍ബാനയ്ക്ക് എറണാകുളം കത്തീഡ്രല്‍ ബസലിക്കയില്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത് ജോര്‍ജ് ആലഞ്ചേരിയായിരുന്നു. എന്നാല്‍ 24ന് ഉച്ചയോടെ മൗണ്ട് സെന്റ് തോമസില്‍ എത്തിയ ഒരു സംഘമാളുകള്‍ ആലഞ്ചേരിയെ ഭീഷണിപ്പെടുത്തുകയും കുര്‍ബാനയ്ക്കായി എത്തിയാല്‍ വഴിയില്‍ തടഞ്ഞ് അവഹേളിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് കര്‍ദിനാള്‍ ക്രിസ്മസ് കര്‍മങ്ങളില്‍ പങ്കെടുക്കാതിരുന്നത്. അതിരൂപതാ തലവനെന്ന നിലയിലും സഭാതലവനെന്ന നിലയിലും നിരവധി ശെമ്മാശന്മാരെ വൈദിക പദവയിലേക്ക് ഉയര്‍ത്തുന്ന പട്ടം കൊടുക്കല്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കേണ്ടതും ജോര്‍ജ് ആലഞ്ചേരിയായിരുന്നു. എന്നാല്‍ ഭീഷണിയെത്തുടര്‍ന്ന് ഇതിനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ആലഞ്ചേരിയെ കള്ളനായി ചിത്രീകരിച്ച് പുറത്താക്കുന്നതില്‍ സഭയില്‍ വ്യാപക എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

DONT MISS
Top