ഫുട്‌ബോള്‍ ഇതിഹാസം ജോര്‍ജ്ജ് വിയ ഇനി ലൈബീരിയന്‍ പ്രസിഡന്റ്

ജോര്‍ജ്ജ് വിയ

മൊണ്‍റോവിയ: 1995ലെ ലോക ഫുട്‌ബോളര്‍ ജോര്‍ജ്ജ് വിയയെ ലൈബീരിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജോസഫ് ബൊകായിക്കിനേയാണ് വിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജോര്‍ജ്ജ് വിയ പ്രസിഡന്റാകുന്നതോടെ ലൈബീരിയക്ക് പുതിയ അധ്യായമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് വിയ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആകെയുള്ള 13 പ്രവിശ്യകളില്‍ പതിമ്മൂന്ന് എണ്ണത്തിലും വിജയിച്ചാണ് വിയ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത്. കഴിഞ്ഞ 12 വര്‍ഷുമായി വൈസ്പ്രസിഡന്റ് പദവിയിലുള്ള ജോസ് ബൊകായിക്കിനേയാണ് അദ്ദേഹം പിന്തള്ളിയത്. ഒക്ടോബറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വിയ മുന്‍തൂക്കം നേടിയിരുന്നു.

51കാരനായ വിയ മൂന്നാം തവണയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2005ല്‍ ജോണ്‍സന്‍ സിര്‍ലീഫിനെ ഒന്നാംവട്ട വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ വിയയ്ക്ക് രണ്ടാം ഘട്ടത്തില്‍ വിജയിക്കാനായില്ല.  2011ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. കളിക്കുന്ന കാലത്ത് ഓരോ മത്സരവും വിയയ്ക്ക് സ്വരാജ്യത്തിലെ അഴിമതിക്കും അക്രമത്തിനും എതിരേയുള്ള പോരാട്ടം കൂടിയായിരുന്നു.

1985ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളറായ വിയ ആ രംഗത്ത് നീണ്ട പതിനെട്ട് വര്‍ഷം തുടര്‍ന്നു. മൊണോക്കോ, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവയ്ക്കുവേണ്ടി കളിച്ച വിയ 1989, 1994, 95 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളറായിരുന്നു. 1995ലാണ് ബാലന്‍ ഡി ഓര്‍ ലഭിക്കുന്നത്. യൂറോപ്പിന് പുറത്തുള്ള കളിക്കാരന് ആദ്യമായി ലഭിച്ച ബാലന്‍ ഡി ഓര്‍ ആയിരുന്നു അത്.

DONT MISS
Top