വൈദ്യുതി ലഭിക്കാത്തതിനാല്‍ 32 രോഗികള്‍ക്ക് ടോര്‍ച്ചിന്റെ വെട്ടത്തില്‍ ശസ്ത്രക്രിയ; ആരോഗ്യ രംഗത്തെ യുപി മാതൃക ഇങ്ങനെ (വീഡിയോ)

ഉന്നാവോ: കേരളത്തില്‍ വന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ആരോഗ്യ രംഗത്തിന് ഉത്തര്‍പ്രദേശിനെയാണ് കേരളം മാതൃകയാക്കേണ്ടത് എന്നാണ്. ഉത്തര്‍പ്രദേശ് മാതൃക പിന്തുടര്‍ന്നുകഴിഞ്ഞാല്‍ ആശുപത്രികളില്‍നിന്ന് എന്തും പ്രതീക്ഷിക്കാം.

രോഗികളെ വൈദ്യുതി ഇല്ലാതെ ശസ്ത്രക്രിയ ചെയ്ത വാര്‍ത്ത എഎന്‍ഐ പുറത്തുവിട്ടു. നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ആരോഗ്യ പരിപാലന കേന്ദ്രത്തിലാണ് ഈ അത്ഭുത ശസ്ത്രക്രിയ നടന്നത്. 32 രോഗികളിലായിരുന്നും അധികൃതരുടെ പരീക്ഷണം. മറ്റ് വഴികളൊന്നുമില്ലാതിരുന്ന പാവം രോഗികള്‍ അവസാന ആശ്രമായി കാണുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ഈ പരീക്ഷണത്തെ പരാതികളില്ലാതെ സ്വീകരിച്ചു.

ഓപ്പറേഷനുശേഷം ഇവര്‍ക്ക് കിടക്കാന്‍ കട്ടിലും മെത്തയും ലഭിച്ചില്ല. കൊടും തണുപ്പുള്ള കാലാവസ്ഥയില്‍ നിലത്താണ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ കിടന്നത്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉണ്ടാകാനിടയുള്ള അണുബാധ ജീവന്‍വരെ അപകടത്തിലാക്കിയേക്കാം. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ പരിശോധിക്കുമെന്ന സ്ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

തിമിര ശസ്ത്രക്രിയാണ് ഡോക്ടര്‍മാര്‍ വൈദ്യുതി ഇല്ലാതെ ചെയ്ത് തീര്‍ത്തത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും നിസ്സഹായരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സൗകര്യം ചെയ്യാന്‍ തയാറായാല്‍ ആശുപത്രിയുടെ എല്ലാ പ്രശ്‌നങ്ങളും ഡോക്ടര്‍ വരുത്തിവച്ചതാണെന്ന് വരികയും കുറ്റക്കാരനാവുകയും ചെയ്യും. കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചപ്പോള്‍ ഡോക്ടര്‍ കഫീല്‍ ഖാന്‍ അറസ്റ്റിലായതാണ് ഇക്കാര്യത്തിലെ യുപി മാതൃക.

കഫീല്‍ ഖാനെ പിന്നീട് വെറുതെ വിട്ടയച്ചുവെങ്കിലും ദുരന്തം നടന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ വയ്ക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ സൗകര്യങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരുക്കുന്നതില്‍ ഡോക്ടര്‍മാരും പിന്‍വലിയുന്നു. യോഗി ആദിത്യനാഥിന്റെ ആരോഗ്യമാതൃകയുടെ ഏക ഗുണം, രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയി ബുദ്ധിമുട്ടാതെ നേരെ കുഴിയില്‍ വയ്ക്കാം എന്നതാണെന്ന് കുമ്മനം രാജശേഖരന്‍ നടത്തിയ കാല്‍നടയാത്രയ്ക്കുശേഷം ദേശീയ മാധ്യമങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്.

DONT MISS
Top