ക്രിസ്മസായിട്ട് മര്യാദക്ക് വസ്ത്രം ധരിച്ചുകൂടെ; അമലാപോളിനെതിരെ വീണ്ടും സദാചാര ആങ്ങളമാര്‍

സദാചാരം കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്ന ആങ്ങളമാരെ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും നിരന്തരം കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്ന നടിമാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ സദാചാര ആങ്ങളമാരുടെ ആക്രമണത്തിന് ഇരയായിട്ടുള്ള നടിയാണ് അമലാ പോള്‍.

കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇത്തവണ അമലാ പോളിനെതിരെയുള്ള സദാചാരവാദികളുടെ ആക്രമണം. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമലാ പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് ചിലര്‍ ഉപദേശങ്ങളുമായി രംഗത്തെത്തിയത്.

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്നും പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ സംഭവങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അമലാ പോളിനെതിരെയുള്ള ആക്രമണം. ക്രിസ്മസ് ആയിട്ട് അമ്മൂമ്മയുടെ അടുത്തിരിക്കുമ്പോളെങ്കിലും മര്യാദക്ക് തുണി ഉടുത്തുകൂടെ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത്തരം തുണി ഉടുത്തുകൊണ്ട് അമ്മൂമ്മയുടെ അടുത്തിരിക്കാന്‍ യോഗ്യതയുണ്ടോ എന്നായിരുന്നു മറ്റ് ചിലര്‍. പൈസ വരുമ്പോള്‍ തുണി കുറയും എന്നായിരുന്നു വേറൊരാളുടെ കമന്റ്. സമൂഹമാധ്യമങ്ങളില്‍ ഇതിന് മുന്‍പും നിരവധി തവണ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുള്ള നടിയാണ് അമലാ പോള്‍.

വിവാഹമോചനം മുതല്‍ സദാചാര ആക്രമണത്തിന് നിരന്തരമായി ഇരയായിട്ടുള്ള നടിയാണ് അമലാ പോള്‍. അമല പ്രധാന വേഷത്തിലെത്തിയ തിരുട്ടുപയലെ 2 ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് നേരെയും ഇതിന് മുന്‍പ് സദാചാര ആക്രമണമുണ്ടായിരുന്നു. അമലാ പോള്‍ ചിത്രത്തില്‍ വയറുകാണിക്കുന്നു പൊക്കിള്‍ കാണിക്കുന്നു എന്ന് പറഞ്ഞായിരുന്നു അന്ന് ആക്രമണം. നേരത്തെ അമല പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് നേരെയും ഈ ആക്രമണമുണ്ടായിരുന്നു.

DONT MISS
Top