കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും, ഭാര്യയും സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും, ഭാര്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. ദില്ലിയിലെ സുഷമ സ്വരാജിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും, വിദേശകാര്യ വക്താവ് രവീഷ് കുമാറും പങ്കെടുത്തു. ഇന്നലെ കുല്‍ഭൂഷണ്‍ ജാദവ് അദ്ദേഹത്തിന്റെ അമ്മയും ഭാര്യയുമായി 35 മിനുട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയിരുന്നു.

പാകിസ്താന്‍ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബത്തെ കാണുന്നത്.മാനുഷിക പരിഗണനയുടെ പേരിലാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ പാക് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ പതിനഞ്ചോളം തവണ കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.

എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കുല്‍ഭൂഷണ്‍ ജാദവ് തീവ്രവാദിയാണെന്ന് ആവര്‍ത്തിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണ് കുല്‍ഭൂഷണ്‍ ജാദവെന്നായിരുന്നു പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അഭിപ്രായപ്പെട്ടത്. പാകിസ്താനിലെ നിരവധി ആക്രമണങ്ങള്‍ക്ക് കുല്‍ഭൂഷണ്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ബലൂചിസ്താനില്‍ നിരവധി ആളുകളുടെ കൊലപാതകത്തിന് കാരണക്കാരന്‍ കുല്‍ഭൂഷനാണെന്നുമായിരുന്നു വിദേശകാര്യ വക്താവിന്റെ ആരോപണം.

DONT MISS
Top