വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിനായി ഫഹദ് ഇന്ന് അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2016ല്‍ പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് ഫഹദ് ഫാസിലിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. രാവിലെ പത്തരയ്ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായ ഫഹദിനെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. പുതുച്ചേരിയിലെ പുതുപ്പേട്ട് ലോസ് പേട്ട് എന്ന സ്ഥലത്തെ വ്യാജ വിലാസത്തില്‍ ഫഹദ് ബെന്‍സ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തുകയും കേരളത്തില്‍ വാഹനം ഉപയോഗിച്ച് വരികയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കാറിന് 17 ലക്ഷം രൂപ നികുതിയടച്ചു. എന്നാല്‍ വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചനക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫഹദിനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.

ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അഞ്ച് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചതോടെയാണ് ഫഹദ് ഇന്ന് ചോദ്യം ചെയ്യലിനെത്തിയത്. തെറ്റ് പറ്റിയെന്ന് ഫഹദ് സമ്മതിച്ചു. നികുതി അടച്ച് രജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്ക് മാറ്റി. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ നോക്കിയത് തന്റെ ഓഫീസാണ്. എന്ത് പിഴ അടക്കാനും തയ്യാറാണ്. നിയമവശങ്ങള്‍ അറിയില്ലായിരുന്നു. ദില്ലിയിലെ ഒരു വാഹനഡീലറുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്നും ഫഹദ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. 2015 ല്‍ ഒന്നര കോടി രൂപ വില വരുന്ന മറ്റൊരു കാറും ഫഹദ് പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഫഹദ് കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തിലും അന്‍പതിനായിരം രൂപ ബോണ്ടിലുമാണ് ഫഹദിനെ വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ആലപ്പുഴ സെഷന്‍സ് കോടതി ഫഹദിന് കര്‍ശന ഉപാധികളോടെ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഫഹദ് അഞ്ച് ദിവസത്തിനകം തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അടുത്ത ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയയ്ക്കണം, ഇന്ത്യക്ക് പുറത്ത് പോകാന്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി വേണം, 50,000 രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയായിരുന്നു മറ്റ് ഉപാധികള്‍.

നേരത്തെ നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി ആര്‍ടിഒ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന ഫഹദ് കാറിന്റെ രജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്ക് മാറ്റുകയും 17.68 ലക്ഷം രൂപ നികുതി അടയ്ക്കുകയും ചെയ്തിരുന്നു. നവംബര്‍ 22 ന് ആലപ്പുഴ ആര്‍ടി ഓഫിസീല്‍ ദൂതന്‍ മുഖേനയാണ് നികുതി അടച്ചത്.

DONT MISS
Top