വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്: ഫഹദ് ഫാസില്‍ ക്രെെംബ്രാഞ്ചിന് മുന്‍പാകെ ഹാജരായി

തിരുവനന്തപുരം:പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം ഫഹദിന് ജാമ്യം അനുവദിച്ചിരുന്നത്. ഫഹദ് അഞ്ച് ദിവസത്തിനകം തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിച്ചു എന്നാണ് ഫഹദിനെതിരായ കേസ്. ഫഹദിന്റെ വാഹനരജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഫഹദ് നല്‍കിയ വിലാസത്തില്‍ മറ്റ് അഞ്ച് പേര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സമാനമായ കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമലാ പോള്‍ എന്നിവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. മൂന്നാഴ്ചത്തേക്ക് കോടതി അറസ്റ്റ് തടഞ്ഞിട്ടുമുണ്ട്.

അമലാ പോള്‍ കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അമല ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

DONT MISS
Top