“നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍!”, മായാനദിയെ ഡീഗ്രേഡ് ചെയ്യുന്ന, താരാരാധന തലയ്ക്കുപിടിച്ചവരോട് ടോവിനോ

“മായാനദി ഞാന്‍ കാണില്ല. പ്രണവിന്റെ ഫാനാണ് ഞാന്‍. പ്രണവിന്റെ ചങ്കായ ദുല്‍ഖറിന്റെ ബാപ്പാനെ കളിയാക്കിയവള്‍ടെ കൂട്ടുകാരീടെ ഭര്‍ത്താവിന്റെ പടം ഞാന്‍ കാണുകയുമില്ല, ആരേയും കാണാന്‍ അനുവദിക്കുകയുമില്ല” -റിമ കല്ലിങ്കലിന്റെ ഫെയിസ്ബുക്ക് പേജില്‍ വന്ന ഒരു കമന്റാണിത്. മായാനദിയെ ചിത്രത്തിന് പുറത്തുള്ള കാരണങ്ങളാല്‍ ഡീഗ്രേഡ് ചെയ്യുന്നവരുടെ തകര്‍ന്ന മാനസികനിലയേപ്പറ്റി കൃത്യമായി ബോധ്യപ്പെടുത്തുന്ന കമന്റായിരുന്നു ഇതും ഇത്തരത്തിലുള്ളവയും.

ഏകദേശം സമാനമായ അവസ്ഥയാണ് മായാനദിയിലെ നായകനായ ടോവിനോയുടെയും പേജില്‍. ടോവിനോയെ ഇഷ്ടമാണ്, എന്നാല്‍ റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രം കാണില്ല. ഇത്തരത്തില്‍ വിവരക്കേടിന്റെ അങ്ങേയറ്റത്തുനില്‍ക്കുന്ന അഭിപ്രായങ്ങള്‍കൊണ്ട് ടോവിനോയുടെ പേജും നിറഞ്ഞു. എന്നാല്‍ സഹികെട്ട് ഇത്തരത്തിലൊരു വിവരക്കേടിന്റെ അര്‍ത്ഥശൂന്യത തുറന്നുകാട്ടാന്‍ ടോവിനോ തുനിഞ്ഞു.

“കാണാന്‍ നല്ല ആഗ്രഹമുണ്ട് ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓര്‍ക്കുമ്പോ വേണ്ട എന്ന് വെക്കുന്നതാ”, എന്ന ഒരു സ്ത്രീവിരുദ്ധ കമന്റിനാണ് ടോവിനോ മറുപടിയിട്ട് വായടപ്പിച്ചത്. ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. ഇതില്‍ ജോലി ചെയ്ത നൂറുകണക്കിന് ആളുകള്‍ക്ക് നിങ്ങള്‍ പറയുന്നതുമായി യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയേയും പരോക്ഷമായി ടോവിനോ കുറിച്ചതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിങ്ങനെയാണ്- നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍. അതായത് തന്റെ ആരാധകരുടെ ഭാഗത്തുനിന്നായാല്‍ പോലും മമ്മൂട്ടി ഇത്തരം തരംതാണ പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ് ടോവിനോ അഭിപ്രായപ്പെടുന്നത്.

അദ്ദേഹം കുറിച്ചത് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.

എന്നിട്ട് ? ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ ! ഏതായാലും എല്ലാവര്‍ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !

ഒരു സ്ഥിരം വിചിത്ര കമന്റ് ട്രോളുകളായി പ്രത്യക്ഷപ്പെട്ടപ്പോള്‍

DONT MISS
Top