ഓഖി: ദുരിതം വിട്ടുമാറാത്ത തീരത്ത് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല വീടുകളില്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഒരു മാസത്തോളമായിട്ടും ദുരിതം വിട്ടുമാറാത്ത തീരത്ത് ക്രിസ്മസിന്റെ സ്‌നേഹസാന്ത്വനവുമായി രമേശ് ചെന്നിത്തല. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരെ സാന്ത്വനപ്പെടുത്തി.

മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ക്രിസ്മസാണ്. ഓഖി ആഞ്ഞടിച്ച നവംബര്‍ 30 ന് മുന്‍പ് തീരത്ത് നിന്ന് കടലില്‍ പോയ നിരവധി പേര്‍ ഇപ്പോഴും മടങ്ങി എത്തിയിട്ടില്ല. മരിച്ചവരുടെ മൃതശരീരം പോലും കിട്ടാത്ത നിസ്സാഹായവസ്ഥയില്‍ വിലപിക്കുകയാണ് ഇപ്പോഴും തീരദേശം. മത്സ്യത്തൊഴിലാളികള്‍ക്ക് വീണ്ടും പൂര്‍ണ്ണ തോതില്‍ കടലില്‍ പോയിത്തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. തീരദേശത്ത് ഇപ്പോഴും പട്ടിണിയാണ്, എന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

ക്രിസ്മസിന് മുന്‍പ് എല്ലാവരെയും മടക്കി എത്തിക്കുമെന്നായിരുന്നു സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വാക്കു നല്‍കിയിരുന്നത്. അത് ജലരേഖയായി മാറി. കടലില്‍ നിന്ന് മടങ്ങി വരാത്തവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചു പോയോ എന്നു പോലും അറിയാത്ത ബന്ധുക്കളുടെ തീരാദുഃഖം രമേശ് ചെന്നിത്തല കണ്ടറിഞ്ഞു.

തുമ്പ ഇടവക പള്ളിമേടയിലെത്തിയ രമേശ് ചെന്നിത്തല ഇടവക വികാരി ഫാദര്‍ അശ്‌ലിന്‍ ജോസുമായി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് പോയത്.

ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എച്ച്ബി ഷാജി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അജിത് കുമാര്‍, ഡിസിസി അംഗം ഡെന്നിസന്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

DONT MISS
Top