ക്രിസ്മസ് ദിനത്തില്‍ ‘വിമാനം’ സൗജന്യമായി കാണാം; ഓഫര്‍ പ്രഖ്യാപിച്ച് പൃഥ്വിരാജ്

ക്രിസ്മസ് ദിനത്തില്‍ സിനിമാ പ്രേമികള്‍ക്ക് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ക്രിസ്മസിന്  പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും നൂണ്‍, മാറ്റിനി ഷോകള്‍ സൗജന്യമായിരിക്കും എന്നാണ് താരം പറഞ്ഞത്.

കൂടാതെ വൈകുന്നേരങ്ങളിലെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം പൂര്‍ണമായും സജി തോമസിന് ക്രിസ്മസ് സമ്മാനമായി കൈമാറാന്‍ തീരുമാനിച്ചതായും പൃഥ്വിരാജ് പറഞ്ഞു.

ജന്മനാ മൂകനും ബധിരനുമായ സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയാണ് വിമാനം. സജിയുടെ ആഗ്രഹപ്രകാരമാണ് സിനിമ ക്രിസ്മസിന് സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ക്ക് സിനിമ കാണാന്‍ അവസരം ഒരുക്കണമെന്ന സജിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ഡിസംബര്‍ 21നാണ് വിമാനം തിയേറ്ററുകളില്‍ എത്തിയത്. സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ദുര്‍ഗ കൃഷ്ണ, അലസിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

DONT MISS
Top