സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് 29 ന് തുടക്കമാകും

ഫയല്‍ ചിത്രം

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഡിസംബര്‍ 29 ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഏരിയ കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ച മണ്ണാർക്കാടിന്റെ മണ്ണിലാണ് ഇത്തവണ പാർട്ടി ജില്ലാ സമ്മേളനം നടക്കുന്നത്. 2,736 ബ്രാഞ്ച് സമ്മേളനങ്ങളും 144 ലോക്കൽ സമ്മേളനങ്ങളും ജില്ലയിൽ പൂർത്തിയായതോടെയാണ് 29 ന് പാർട്ടി ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്.

കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കരുണാകരൻ എംപി, പികെ ശ്രീമതി എംപി, എളമരം കരിം, എംവി ഗോവിന്ദൻ, ബേബി ജോണ്‍, മന്ത്രിമാരായ എകെ ബാലൻ, ടിപി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മൂന്നു വർഷത്തെ ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളും നേട്ടങ്ങളുമാണ് ജില്ലാ സമ്മേളനം പ്രധാനമായും പരിശോധിക്കുന്നത്.

ജില്ലയിൽ ഔദ്യോഗിക പക്ഷത്തിലുണ്ടായിരിക്കുന്ന വിള്ളലാണ് നേതൃത്വത്തിന്റെ ഏറ്റവും വലിയ തലവേദന. ഒറ്റപ്പാലം മണ്ണൂരിൽ വലിയൊരു വിഭാഗം സിപിഐയിൽ ചേർന്നതും പാലക്കാട്, കൊല്ലങ്കോട്, ചേർപ്പുളശേരി, വടക്കാഞ്ചേരി, ശ്രീകൃഷ്ണപുരം സമ്മേളനങ്ങളിൽ വോട്ടിംഗ് നടന്നതും നേതൃത്വം ചെറുതായല്ല കാണുന്നത്. വടക്കാഞ്ചേരിയിൽ ഔദ്യോഗിക വിഭാഗത്തിന്റെ ഏരിയ സെക്രട്ടി പരാജയപെട്ടത് പാർട്ടി നേതൃത്തതിന് തിരിച്ചടിയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നത് പാർലമെന്ററി വ്യാമോഹമാണന്ന് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പാർട്ടി അംഗങ്ങളോട് റിപ്പോർട്ട് ചെയ്തിട്ടും ഇരുവരും ജില്ലാ സെക്രട്ടറിയേറ്റിൽ തുടരുന്നതില്‍ പാർട്ടിക്കുള്ളിൽ എതിർപ്പുകളുണ്ട്. വിഭാഗീയതകൾക്ക് അപ്പുറത്തേക്ക് പ്രാദേശിക പ്രശ്നങ്ങളും നേതാക്കളുടെ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുമായിരിക്കും ഇത്തവണ കൂടുതൽ ചർച്ചയാവുക.

DONT MISS
Top