നിയമങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയത്ത് സ്വകാര്യ വ്യക്തിയുടെ വയല്‍ നികത്തല്‍ വ്യാപകം

വയല്‍ മണ്ണിട്ട് നികത്തുന്നു

കോട്ടയം: വീട് നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതിയുടെ മറവില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത തണ്ണീര്‍ത്തടം നികത്തല്‍. കോട്ടയം ചമ്മനംപടിയിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നെല്‍വയല്‍ നികത്തല്‍ നടക്കുന്നത്. നികത്തല്‍ തടഞ്ഞുകൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവും ലംഘിച്ചാണ് സ്വകാര്യ വ്യക്തിയുടെ നിയമലംഘനം തുടരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നെല്‍ കൃഷിയിറക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനും ഇത് തിരിച്ചടിയായിരിക്കുകയാണ്.

2003ല്‍ വീട് നിര്‍മിക്കുന്നതിനായി അഞ്ച് സെന്‍റ് സ്ഥലം നികത്താനുള്ള അനുമതിയുടെ മറവിലാണ് കോട്ടയം പെരുമ്പനായിയിലുള്ള വിദേശമലയാളിയുടെ ഈ നിയമലംഘനം. 2004ല്‍ ഇത് 15 പതിനഞ്ച് സെന്റായി കോട്ടയം ആര്‍ഡിഒ ഉയര്‍ത്തി നല്‍കി. എന്നാല്‍ പതിമൂന്ന് വര്‍ഷമായിട്ടും ഇവിടെ ഇദ്ദേഹം വീട് നിര്‍മ്മിച്ചില്ല. തുടര്‍ന്നാണ് സമീപത്തുള്ള ഒന്നരേയേക്കര്‍ തണ്ണീര്‍തടവും കൂടി വാങ്ങി മണ്ണിട്ട് നികത്താന്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശമലയാളിയായ സ്ഥലമുടമ വ്യാപകമായി ഇവിടം മണ്ണിട്ട് നികത്തുന്നത്.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പ് നികത്തില്‍ നിര്‍ത്തിവെക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിലക്കും ലംഘിച്ചാണ് നിലം നികത്തല്‍ തുടരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍തോതില്‍ നെല്‍കൃഷി നടന്നിരുന്ന പ്രദേശമാണിത്. എന്നാല്‍ വെള്ളത്തിന്റെ ലഭ്യതകുറവ് മൂലം കൃഷി നിന്ന് പോകുകയായിരുന്നു. സമീപത്തെ തോട് താഴ്ത്തി വെള്ളമെത്തിച്ച് കൃഷി ഇറക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ നാട്ടുകാരും കൃഷി വകുപ്പും ശ്രമിക്കുന്നതിനിടയിലാണ് പരിസ്ഥിതിയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന നിലംനികത്തല്‍ നടക്കുന്നത്.

DONT MISS
Top