ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ 20 -ാം കിരീടം

റോത്തക്ക്: ഹരിയാനയിലെ റോത്തക്കില്‍ നടക്കുന്ന 63-ാം ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചായി 20-ാം തവണയാണ് സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം ദേശീയ ചാമ്പ്യന്‍പട്ടമണിയുന്നത്.  ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളമാണ് ചാമ്പ്യന്മാര്‍. ആകെ ഒൻപത് സ്വർണവും ഒൻപത് വെള്ളിയും ആറ് വെങ്കലവും നേടിയാണ് കേരളം കുതിച്ചത്.

മീറ്റിന്റെ ആദ്യദിവസങ്ങളില്‍ ആതിഥേയരായ ഹരിയാനയായിരുന്നു മുന്നില്‍. ഇന്നലെയാണ് ഹരിയാനയെ മറികടന്ന് കേരളം മുന്നില്‍ കയറിയത്. കേരളം മുന്നിലെത്തിയതിനെ തുടര്‍ന്ന് ഹരിയാന ടീമിലെ ഏതാനും താരങ്ങള്‍ കേരള ക്യാമ്പില്‍ കയറി കേരളി ടീമിലെ താരങ്ങളെ മര്‍ദ്ദിച്ചിരുന്നു. കേരളത്തിന്റെ ക്യാപ്റ്റന്‍ പിഎന്‍ അജിത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് മര്‍ദ്ദനത്തില്‍ പരുക്കേറ്റിരുന്നു. സംഭവത്തെതുടര്‍ന്ന് ഹരിയാന ടീം അധികൃതര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

മീറ്റിന്റെ അവസാന ദിവസമായ ഇന്ന് നടന്ന 1500 മീറ്ററില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണം കേരളമാണ് നേടിയത്. കോതമംഗലം മാര്‍ ബേസില്‍ താരങ്ങളായ ആദര്‍ശ് ഗോപിയും അനുമോള്‍ തമ്പിയുമാണ് ജേതാക്കളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 1500 മീറ്ററില്‍ വെള്ളി നേടിയതും കേരളമാണ്. കെആര്‍ ആതിരയാണ് വെള്ളി നേടിയത്. ഇന്ന് നടന്ന 200 മീറ്ററില്‍ കേരളത്തിന്റെ ആര്‍ അശ്വിനും വെള്ളി നേടി.

DONT MISS
Top