വിവാഹം കഴിക്കാന്‍ തയ്യാറായില്ല; ഹൈദരാബാദില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി


പ്രതി  കാര്‍ത്തിക്, കൊല്ലപ്പെട്ട സന്ധ്യാ റാണി

ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ 22 വയസുകാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. സന്ധ്യ റാണി എന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സന്ധ്യയുടെ കൂടെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നു കാര്‍ത്തിക്ക് എന്നയാളാണ് കൊലപാതകത്തിനു പിന്നില്‍.

ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് 6.45 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സന്ധ്യക്കുനേരെ അക്രമം ഉണ്ടായത്. സന്ധ്യയുടെ പിറകെ ബൈക്കില്‍ എത്തിയ കാര്‍ത്തിക് റോഡില്‍ തടഞ്ഞുവെച്ച് സംസാരിച്ചു. ദേഷ്യത്തോടെയായിരുന്നു രണ്ടുപേരും സംസാരിച്ചത്. സംസാരിക്കുന്നതിനിടയില്‍ കൈയ്യില്‍ കരുതിയ മണ്ണെണ്ണ സന്ധ്യയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഉടനെ കാര്‍ത്തിക് രക്ഷപ്പെട്ടു. റോഡരികില്‍ ഉണ്ടായിരുന്ന യുവതിയാണ് സന്ധ്യ ദേഹത്ത് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയെ കുറച്ച് മാസങ്ങളായി കാര്‍ത്തിക് ശല്യപെടുത്താറുള്ളതായി കണ്ടെത്തി. രണ്ടുപേരും തമ്മില്‍ പണ്ട് പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ത്തിക് ജോലി ചെയ്യുന്നില്ല. കൂടാതെ നിരന്തരം മദ്യപിച്ച് സന്ധ്യയെ ഉപദ്രവിക്കുകയും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. സന്ധ്യ ജോലി രാജിവെച്ച് കൂടെ പോകാനാണ് കാര്‍ത്തിക് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനാലാണ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

DONT MISS
Top