യുഎന്നില്‍ ഒറ്റപ്പെട്ടത് മറക്കാനാകില്ല; എതിര്‍ത്ത രാഷ്ട്രങ്ങളെ നോട്ടമിട്ടിട്ടുണ്ടെന്ന ഭീഷണിയുമായി അമേരിക്കന്‍ അംബാസിഡര്‍

നിക്കി ഹാലെ യുഎന്നില്‍

ന്യൂയോര്‍ക്ക്: ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ. ഇന്നലെ ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച് തങ്ങളുടെ എംബസി അങ്ങോട്ടുമാറ്റാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ അമേരിക്ക ദയനീയമായി പരാജയപ്പെട്ടിരുന്നു.

ജറുസലേം വിഷയത്തില്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രമേയത്തെ 128 രാജ്യങ്ങളാണ് അനുകൂലിച്ചത്. ഒമ്പതു രാജ്യങ്ങള്‍ മാത്രമായിരുന്നു അമേരിക്കന്‍ തീരുമാനത്തെ പിന്തുണച്ച് പ്രമേയത്തെ എതിര്‍ത്തത്. പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു. അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ കൂടാതെ ഏഴു രാജ്യങ്ങളുടെ പിന്തുണമാത്രമാണ് അമേരിക്കയുടെ തീരുമാനത്തിന് കിട്ടിയത്. 35 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ലോകരാഷ്ട്രങ്ങളുടെ കൂട്ട എതിര്‍പ്പിനോട് പ്രതികരിച്ച് അമേരിക്കന്‍ അംബാസിഡര്‍ രംഗത്തുവന്നത്.

യുഎന്‍ പൊതുസഭയില്‍ തങ്ങളുടെ തീരുമാനത്തിനെതിരെയുള്ള പ്രമേയം വിജയിച്ചെങ്കിലും ജറുസലേം വിഷയത്തില്‍ തങ്ങളുടെ പ്രഖ്യാപിത നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് തങ്ങളുടെ എംബസി അങ്ങോട്ടുമാറ്റാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും നിക്കി ഹാലെ പറഞ്ഞു. തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ അമേരിക്കയെ എതിര്‍ത്ത രാജ്യങ്ങളോടുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകുമെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ വ്യക്തമാക്കി.

പ്രമേയത്തെ അനുകൂലിച്ചാല്‍ അമേരിക്ക നല്‍കിവരുന്ന സാസാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തി വെയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ ട്രംപിന്റെ ഭീഷണി അവഗണിച്ചാണ് പലരാജ്യങ്ങളും അമേരിക്കയ്‌ക്കെതിരേയുള്ള പ്രമേയത്തെ അനുകൂലിച്ചത്. അറബ്, മുസ്‌ലീം രാജ്യങ്ങള്‍ക്ക് വേണ്ടി യെമനും തുര്‍ക്കിയും ചേര്‍ന്നായിരുന്നു പ്രമേയം കൊണ്ടുവന്നത്.   ജറുസലേം കാര്യം ഇസ്രായേലും പലസ്തീനും ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുക എന്ന നിലപാടിന് ഊന്നല്‍ കൊടുക്കുക, ജറുസലേമിന്റെ പുതിയ പദവികാര്യത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കുക എന്നിവയായിരുന്നു യുഎന്‍ പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

DONT MISS
Top