ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ നാളെ; മത്സരം റയലിന്റെ തട്ടകത്തില്‍

‘എല്‍-ക്ലാസിക്കോ’ എന്നാല്‍ ‘ദി ക്ലാസിക്ക്’ എന്നാണര്‍ത്ഥം. ക്ലാസിക് എന്നാല്‍ പൂര്‍ണം എന്നര്‍ത്ഥം. പൂര്‍ണമെന്നാല്‍ കുറവുകളില്ലാത്തതെന്നും. സ്പാനിഷ് ഭാഷയില്‍ എല്‍-ക്ലാസിക്കോ എന്നും കാറ്റലന്‍ ഭാഷയില്‍ എല്‍-ക്ലാസിക്ക് എന്നുമാണ് പറയുക.

റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റമുട്ടുമ്പോള്‍ അതൊരു ക്ലാസിക്ക് തന്നെയാകും. ലോകത്തെ ഏറ്റവും മികച്ച 22 കളിക്കാര്‍ അരങ്ങത്തുവരുന്നു. ലോക ഫുട്‌ബോള്‍ കണ്ടതില്‍വെച്ചേറ്റവും പ്രതിഭാശാലികളായ റൊണാള്‍ഡോയും മെസിയും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഇരുപക്ഷങ്ങളുടേയും അമരം ഭരിക്കുന്നു. മറ്റു പൊസിഷനുകളിലും പകരം വയ്ക്കാനില്ലാത്തവര്‍ അണിനിരക്കുന്നു. ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ കളിരീതികള്‍ അനായാസം ആവിഷ്‌കരിക്കപ്പെടുന്നു. കളിക്കളങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ കളിയുടെ സമ്പൂര്‍ണ സൗന്ദര്യവും സാങ്കേതികത്തികവും ഒരു മിച്ചു കൈകോര്‍ക്കുമ്പോള്‍ അതിന് ചേരുന്ന ഏറ്റവും നല്ല വിശേഷണം ക്ലാസിക്ക് എന്നു തന്നെയാണ്.

തന്ത്രങ്ങള്‍ മെനയാന്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടു പേര്‍ സൈഡ് ലൈനില്‍. സിദാനും ഏണസ്റ്റോ വാല്‍ വെര്‍ദയും. ഒരാള്‍ ഫ്രഞ്ചുകാരനും മറ്റേയാള്‍ സ്‌പെയിന്‍ കാരനും. രണ്ടു പേരും ഇപ്പോള്‍ പരിശീലകരായിരിക്കുന്ന ടീമുകളിലെ മുന്‍ കളിക്കാര്‍. 1988 മുതല്‍ 90 വരെ വാല്‍വെര്‍ദ ബാഴ്‌സയുടെ മുന്നേറ്റ നിരയിലുണ്ടായിരുന്നു. സിദാന്‍ 2000 മുതല്‍ 2006 വരെ റയലിന്റെ മധ്യനിരയിലും. എല്‍ ക്ലാസിക്കോയുടെ ചൂടും ചൂരും കളിക്കാരന്നെ നിലയിലും അടുത്തറിഞ്ഞവരാണ് ഇരുവരും. ജയത്തിലേക്ക് ടീമുകളെ നയിക്കാന്‍ സര്‍വതന്ത്രങ്ങളും പഠിച്ചവര്‍. പിഴവില്ലാത്ത തന്ത്രങ്ങളെ അരങ്ങത്ത് ഫലിപ്പിക്കാനും മിടുക്കുള്ളവര്‍. പിന്നെ കുറവുകള്‍ എവിടെ. അതിനാല്‍ ഇതൊരു ക്ലാസിക്ക് തന്നെയാകുന്നു, അല്ലെങ്കില്‍ എല്‍ ക്ലാസിക്കോ അതുമല്ലെങ്കില്‍ എല്‍ ക്ലാസിക്ക്.

അതിനപ്പുറത്തുമുണ്ട് എല്‍ ക്ലാസിക്കോയ്ക്ക് മാനങ്ങള്‍. സ്‌പെയിനിലെ ഏറ്റവും വലിയ രണ്ടു പട്ടണങ്ങളുടെ മത്സരവും കൂടിയാണിത്. മാഡ്രിഡും ബാഴ്‌സയും തമ്മിലുള്ള മത്സരം. അവരുടെ ആഭ്യന്തരരാഷ്ട്രീയത്തിന്റെ മത്സരം കൂടിയാകുമിത്. ഒരേ രാജ്യത്താണെങ്കിലും രണ്ടു സ്വത്വങ്ങള്‍ തമ്മിലുള്ള മത്സരമായും ഇതു പരിണമിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വിലയേറിയ താരങ്ങള്‍ ഇരുടീമിലും അണിനിരക്കുമ്പോള്‍ വലിയ പണക്കെട്ടുകളുടെ മത്സരം കൂടിയാണിത്. 188 രാജ്യങ്ങളില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അവിടങ്ങളിലെല്ലാം സ്‌പെയിനിലെ ചൂടും ചൂരും വാതുവെയ്പ്പുകളും അതുപോലെ ആവര്‍ത്തിക്കപ്പെടും. അങ്ങനെ എല്‍ ക്ലാസിക്കോയ്ക്ക് ഒരു ആഗോള മാനം കൂടി വരുന്നു.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30-നാണ് മത്സരം. അതിന്റെ ആനുകൂല്യം തീര്‍ച്ചയായും അവര്‍ക്കുണ്ടാകും. ടീമിന് അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുക്കുകയും അഞ്ചാം ബാലന്‍ ഡി ഓര്‍ നേടുകയും ചെയ്ത റൊണാള്‍ഡോയില്‍ തന്നെയാണ് പരിശീലകനായ സിദാന്‍ പ്രതീക്ഷ വക്കുന്നത്. മറുപക്ഷത്ത് മെസിയിലും. ഡിഫന്റര്‍ ജോര്‍ഡി ആല്‍ബ, ഉംറ്റിറ്റി എന്നിവരുടെ പരുക്ക് ബാഴ്‌സയ്ക്ക് ചെറിയ അങ്കലാപ്പ് സൃഷ്ടിച്ചേക്കും. റയല്‍ നിരയില്‍ എല്ലാ വരും കളിക്കാന്‍ സുസജ്ജരാണെന്നത് അവര്‍ക്ക് ആശ്വാസമാകും.

കണക്കുകള്‍ ഇതുവരെ

1929-ഫെബ്രുവരി 17-നാണ് പ്രഥമ എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്. അന്നു മുതല്‍ 2017- ഏപ്രില്‍ 23 വരെ 235 തവണ ഇവര്‍ മുഖാമുഖം വന്നു. 174 തവണ സ്പാനിഷ് ലീഗിലും 33 തവണ കോപ്പാ ഡെല്‍ റേയിലും എട്ടുതവണ ചാമ്പ്യന്‍സ് ലീഗിലും 20 തവണ മറ്റു വേദികളിലും. ഇതില്‍ 95 തവണ റയല്‍ മാഡ്രിഡും 91 തവണ ബാഴ്‌സലോണയും ജയിച്ചപ്പോള്‍ 49 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കണക്കുകളില്‍ റയലാണ് അല്‍പം മുന്നില്‍.

നവംബര്‍ രണ്ടു മുതല്‍ ഇതുവരെ പതിനൊന്നു മത്സരങ്ങളാണ് റയല്‍ മാഡ്രിഡ് കളിച്ചത്. അതില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലാലിഗയില്‍ കളിച്ച രണ്ടു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ മറ്റ് ഒമ്പതു മത്സരങ്ങളും ജയിച്ചിരുന്നു. എന്നാല്‍ ലോകക്ലബ്ബ് ലോകകപ്പിലെ വിജയങ്ങള്‍ റയലിന്റെ പ്രതാപത്തിന് ഇണങ്ങുന്നതായിരുന്നില്ല. അവിടെ സെമി ഫൈനലില്‍ അല്‍ജസീറയെ 2-1-ന് തോല്‍പ്പിച്ചത് അനായാസമായിരുന്നില്ല. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രമിയോയെ തോല്‍പ്പിക്കാനായത് ഒരു ഗോളിനുമായിരുന്നു.

സ്പാനിഷ് ലിഗ് കിരീടം, കോപ്പാ ഡെല്‍ റേ, യുവേഫാ സൂപ്പര്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിങ്ങനെ അഞ്ചുകിരീടങ്ങള്‍ ഷോക്കേസിലേക്ക് കൊണ്ടു പോയ റയലിന്റെ നടപ്പു സീസണിലെ ലാ ലിഗാ പോരാട്ടങ്ങള്‍ പക്ഷേ ആവേശകരമല്ല. ലാ ലിഗയില്‍ പതിനഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒമ്പതു വിജയവും നാല് സമനിലയും രണ്ടു തോല്‍വിയുമായി ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും വലയന്‍സിയക്കും താഴെ നാലാം സ്ഥാനത്താണവര്‍. നേടാനായത് 31 പോയിന്റും. ബാഴ്‌സയില്‍ നിന്ന് 11 പോയിന്റു താഴെ. അതുകൊണ്ട് തന്നെ എല്‍ ക്ലാസിക്കോ അവരെ സംബന്ധിച്ച് നിര്‍ണായകവുമാണ്. തോറ്റാല്‍ ഒരു പക്ഷേ ലീഗ് കിരീടം തന്നെ അടിയറ വെയ്‌ക്കേണ്ടിവരും. ജയിച്ചാല്‍ അതു നല്‍കുന്ന ഊര്‍ജം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വലിയ കരുത്താവുകയും ചെയ്യും.

കാര്യമായ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും നടപ്പു സീസണില്‍ ബാഴ്‌സയുടെ പ്രകടനങ്ങള്‍ ആവേശകരമാണ്. ലാലിഗയില്‍ പതിനാറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മത്സരവും അവര്‍ തോറ്റിട്ടില്ല എന്നതുതന്നെ പ്രധാനം. പതിനാറില്‍ 13 മത്സരങ്ങളും വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്കിപ്പോള്‍ 42 പോയിന്റാണുള്ളത്. നെയ്മര്‍ ടീം വിട്ടുപോയപ്പോള്‍ അല്‍പ്പമൊന്ന് ഇടറിയെങ്കിലും പൗളീഞ്ഞോ, മെസി, സുവാരസ് കൂട്ടുകെട്ട് ഫലപ്രദമാണെന്ന് തന്നെയാണ് ഒടുവിലെ മത്സരങ്ങള്‍ വ്യക്തമാക്കുന്നത്. ലാ ലിഗയിലെ പതിനാറ് മത്സരങ്ങളില്‍ നിന്ന് അവര്‍ നേടിയത് 42 ഗോളാണ്, വാങ്ങിയത് ഏഴുഗോളും. റയലിന് 36 ഗോള്‍ മാത്രമേ ലാ ലിഗയില്‍ നേടാനായിട്ടുള്ളു. തിരിച്ചു വാങ്ങിയതാകട്ടെ പതിനൊന്നും.

മത്സരഫലങ്ങളും പ്രകടനവും വിലയിരുത്തിയാല്‍ റയല്‍ നിരയില്‍ അനിശ്ചിതത്വങ്ങള്‍ ഏറെയാണെന്നു കാണാം. ബാഴ്‌സയില്‍ പക്ഷേ അത് അത്ര പ്രകടമല്ല. നടപ്പു സീസണില്‍ റയലും ബാഴ്‌സയും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത് കഴിഞ്ഞ ഏപ്രില്‍ 23-നായിരുന്നു. അന്ന് 3-2-ന് ബാഴ്‌സയ്ക്കായിരുന്നു വിജയം. അതിനു മുമ്പ് 2016 ഡിസംബര്‍ മൂന്നിനായിരുന്നു ഇവരുടെ മുഖാമുഖം. അന്ന് മത്സരം 1-1-ന് സമനിലയില്‍ പിരിയുകയായിരുന്നു.

ഇവരാകും പ്ലേയിംഗ് ഇലവനില്‍

ബാഴ്‌സലോണ: ടെര്‍സ്റ്റീഗന്‍ (ഗോള്‍കീപ്പര്‍), സെര്‍ജിയോ റോബര്‍ട്ടോ, പിക്യു, വെര്‍മലേന്‍, ജോര്‍ഡി ആല്‍ബ, റാക്കിട്ടച്ച്, ഇനിയസ്റ്റ, പൗലീഞ്ഞോ, മെസി, സുവാരസ്.

റയല്‍ മാഡ്രിഡ്: കീലര്‍ നവാസ് (ഗോള്‍കീപ്പര്‍), കാര്‍വജാല്‍, വരാനേ, റാമോസ്, മാര്‍സലോ, കാസിമിറോ, ക്രൂസ്, ഇസ്‌കോ, കരിം ബെന്‍സേമ, റൊണാള്‍ഡോ.

എല്‍ ക്ലാസിക്കോയില്‍ കനത്ത സുരക്ഷ

എല്‍ ക്ലാസിക്കോയ്ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ സ്‌ഫോടനാത്മകമാണ് മാഡ്രിഡും പരിസരവും. കാറ്റലോണിയന്‍ രാഷ്ട്രത്തിനായുള്ള സംഘര്‍ഷാത്മകമായ സമരങ്ങള്‍ക്ക് ശേഷം അരങ്ങേറുന്ന ആദ്യത്തെ എല്‍ ക്ലാസിക്കോയാണിത്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാറ്റലോണിയന്‍ ദേശീയതയുമായി ബന്ധപ്പെട്ട പ്ലക്കാഡുകള്‍ ഉയര്‍ത്തുന്നതിന് ഗ്യാലറിയില്‍ നിയന്ത്രണങ്ങളുണ്ടാകും.

നേരത്തെ സംഘര്‍ഷം കനത്തു നിന്ന സന്ദര്‍ഭത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാന്‍ ബാഴ്‌സലോണ മാഡ്രിഡില്‍ എത്തിയിരുന്നു. അപ്പോള്‍ കൂക്കിവിളിച്ചുകൊണ്ടാണ് അവരെ മാഡ്രിഡുകാര്‍ വരവേറ്റത്. ഗ്യാലറിയില്‍ സ്‌പെയിനിനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നു. കാറ്റലോണിയ സ്വതന്ത്രമാക്കപ്പെട്ടാല്‍ ബാഴ്‌സലോണയെ ലാ ലിഗയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ലാ ലിഗ പ്രസിഡന്റ് സാബയര്‍ ടെബാസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാറ്റലോണിയ സ്വതന്ത്രമായാലും ഇല്ലെങ്കിലും ലാ ലിഗയില്‍ കളിക്കാനാണ് താത്പര്യമെന്ന് ബാഴ്‌സയുടെ പ്രസിഡന്റ് ജോസഫ് മരിയിയും പറഞ്ഞിരുന്നു. റയല്‍ പ്രസിഡന്റ് ഫോറന്റീന പെരസിന്റെ അഭിപ്രായവും ഇതുതന്നെ. രാഷ്ട്രീയച്ചൂടും കളിയുടെ ചൂടും ഒത്തുചേരുമ്പോള്‍ ചരിത്രത്തിലെ അസാധാരണമായ ക്ലാസിക്കിനായിരിക്കും സാന്റിയാഗോ ബെര്‍ണാബു വേദിയാകുക.

ഫലപ്രവചനങ്ങള്‍

ആര്‍ക്കാണ് വിജയമെന്ന് പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ഇരു ടീമുകളുടേയും കരുത്തും പ്രതിഭാബലവും റെക്കോര്‍ഡുകളും സമീപകാലത്തെ പ്രകടനങ്ങളും. എങ്കിലും പ്രവചനങ്ങള്‍ക്ക് കുറവൊന്നുമില്ല. ഭൂരിപക്ഷം പേരും പക്ഷെ ബാഴ്‌സയ്ക്കാണ് വിജയം പ്രവചിക്കുന്നത്. ഒരു ഗോളിന് ബാഴ്‌സ ജയിക്കുമെന്നാണ് അത്തരക്കാരുടെപക്ഷം. 3-2-ന്റെ വിജയം റയലിന് പ്രവചിക്കുന്നവരുമുണ്ട്. സമനിലയാണ് മറ്റു ചിലരുടെ പ്രവചനം. വിജയം ആര്‍ക്കായിരുന്നാലും ഒരു കാര്യം തീര്‍ത്ത് പറയാനാകും. ലോകം കണ്ട മികച്ച മത്സരങ്ങളില്‍ ഒന്നായിരിക്കുമിത്.

DONT MISS
Top