ട്രംപിന് തിരിച്ചടി: അമേരിക്കയുടെ ജറുസലേം പ്രഖ്യാപനത്തെ തള്ളി യുഎന്‍

ഡോണള്‍ഡ് ട്രംപ്‌

വാഷിംഗ്ടണ്‍: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം അമേരിക്കയ്‌ക്കെതിരെ കൊണ്ടുവന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു.

വോട്ടെടുപ്പില്‍ പങ്കെടുത്ത അമേരിക്കയും ഇസ്രയേലുമടക്കം ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. യുഎന്‍ തീരുമാനം തങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തിന്റെ വിജയമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു. അതേസമയം യുഎന്‍ ഇസ്രയേലിന് എതിരായി നിലപാട് സ്വീകരിക്കുന്ന സ്ഥലമായി മാറിയെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചത് ലോകത്ത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗവും അമേരിക്കന്‍ തീരുമാനത്തെ തള്ളിയിരുന്നു. ജറുസലേം വിഷയത്തില്‍ തങ്ങളെ പിന്തുണച്ച് വോട്ടുചെയ്യാത്തവരുടെ സാമ്പത്തിക സഹായം പിന്‍വലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തില്‍ വോട്ടുതേടാനാണ് അടിയന്തരമായി ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നത്. ലോകരാഷ്ട്രങ്ങള്‍ എല്ലാം അമേരിക്കയുടെ നിലപാടിനെ തള്ളിയ സാഹചര്യത്തിലാണ് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.

കാലങ്ങളായുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ എരിവേകുന്നതായിരുന്നു ജറുസലേം വിഷയത്തിലുള്ള അമേരിക്കയുടെ നിലപാട്. പ്രതിഷേധം വകവെയ്ക്കാതെയുള്ള പ്രഖ്യാപനം വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്നായിരുന്നു അറബ് രാജ്യങ്ങളുടെ പ്രതികരണം. പലസ്തീനില്‍ ഇപ്പോഴും ട്രംപിനെതിരായ പ്രതിഷേധം അവസാനിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് പ്രഖ്യാപനത്തിനെതിരെ തെരുവിലിറങ്ങിയത്.

DONT MISS
Top