അങ്കമാലി അതിരൂപത ഊരാക്കുടുക്കില്‍; നിലവിലെ സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍

വിശ്വാസികള്‍ക്ക് മതപുരോഹിതന്മാരെ വലിയ വിശ്വാസമാണ്. എന്ത് ചെയ്താലും ചോദ്യം ചെയ്യാതെ പണത്തിന് പണവും അധികാരത്തിന് അധികാരവും നല്‍കി വളരെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ സഭയെ ‘വളര്‍ത്തുകയും പരിപാലിക്കുകയും’ ചെയ്യുന്നത്. എന്നാല്‍ വിശ്വാസികള്‍തന്നെ ചോദ്യം ചെയ്യാനാരംഭിച്ച ഒരു വിഷയം മറ്റേതൊരു പ്രശ്‌നത്തേക്കാളേറെ സഭയെ ഭയപ്പെടുത്തും. അത്തരത്തിലൊന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുനില്‍ക്കുകയാണ് അങ്കമാലി അതിരൂപതയും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും.

ഗുരുതരമായി സാമ്പത്തിക ക്രമക്കേടുകളാണ് ഒരുവിഭാഗം ആളുകള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉന്നയിക്കുന്നത്. കര്‍ദ്ദിനാളും ചില വൈദികരും സഭയുടെ സ്ഥലം തോന്നിയവാസം കൈകാര്യം ചെയ്യുകയും സഭയ്ക്ക് പണ നഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഇത്തരത്തില്‍ നഷ്ടം ഉണ്ടാക്കിയ പണം ചില പ്രത്യേക വ്യക്തികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കുവാനായി പദ്ധതിയിട്ടുവെന്നതാണ് മറ്റൊന്ന്. കള്ളപ്പണമാണ് ലഭിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് ഇടപാടുകള്‍ക്ക് തയാറായി. ഇത്തരത്തില്‍ പൊള്ളുന്ന ആരോപണമാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയരുന്നത്.

എറണാകുളം തൃക്കാക്കരയിലെ നാല് പ്ലോട്ടുകളാണ് സഭ വിറ്റത്. വില്‍പ്പന 100 കോടി രൂപയ്ക്കുവേണ്ടിയായിരുന്നുവെങ്കിലും വെറും ഒമ്പത് കോടി രൂപ മാത്രമാണ് സഭയ്ക്ക് ലഭിച്ചത്. വെറും 27 കോടി രൂപ മാത്രം ലഭിക്കുന്നുവെന്ന് കാട്ടിയാണ് വില്‍പ്പന നടന്നത് എന്നതാണ് കൗതുകകരം. ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നത് ആലഞ്ചേരിക്കും ധനകാര്യ സമിതിയിലെ ചിലര്‍ക്കും മാത്രം. 100 കോടി രൂപയ്ക്കുള്ള വില്‍പ്പനയ്ക്കാണ് സഭാ സമിതികള്‍ അനുമതി നല്‍കിയതും സഭ തീരുമാനിച്ചതും. 100 കോടിയുടെ ഭൂമി വില്‍പ്പനയിലൂടെ നിയമപരമായ 9 കോടി ലഭിച്ചു എന്ന നിലയില്‍ ഇടപാടിനെ ചുരുക്കാം. കാര്യം പുറത്തായതോടെ ബാക്കി 91 കോടി തിരികെ പിടിക്കാന്‍ നിലവില്‍ സഭയ്ക്ക് ഒരുമാര്‍ഗവുമില്ല. ഇനി ലഭിക്കുമെങ്കില്‍തന്നെ അത് നിയമാനുസൃതമല്ലാത്ത പണമാകും.

കലൂരിലെ ലിസി ആശുപത്രിയുടെ വികസനത്തിനുവേണ്ടിയാണ് പണം എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും കടം തീര്‍ക്കലിനാണ് പണം വിനിയോഗിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നേരത്തേയും ഇടപാടുകള്‍ നടന്നിട്ടും ഒരുചില്ലിക്കാശ് കടം തീര്‍ക്കാനായി ബാങ്കുകളില്‍ അടച്ചിട്ടില്ല എന്നും ഇവര്‍ പറയുന്നു. സഭയ്ക്കുള്ളില്‍നിന്നുതന്നെ അരമന രഹസ്യങ്ങള്‍ പുറത്തുവിട്ടവര്‍ സത്യത്തില്‍ വിശ്വാസികളെ കബളിപ്പിക്കുന്നതില്‍നിന്ന് അവസാന നിമിഷം പിന്‍വാങ്ങിയെന്നോ അല്ലെങ്കില്‍ ആലഞ്ചേരിയെ കുത്താന്‍ തക്ക സമയം കാത്തിരുന്നവരാണെന്നോ പറയാം.

നഗര മധ്യത്തിലെ മൂന്ന് ഏക്കര്‍ വരുന്ന കണ്ണായ സ്ഥലമാണ് വിറ്റത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമായതിനാല്‍ വില കുതിച്ചുയരുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണിത്. ഇവിടെയുള്ള നാല് പ്ലോട്ടുകള്‍ സെന്റിന് 9.05 ലക്ഷത്തില്‍ കുറയാതെ വില്‍ക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ എറണാകുളത്ത് ഉള്‍ഭാഗങ്ങളിലുള്ള ഒരു സ്ഥലത്തിന് പോലും സെന്റിന് 12-15 ലക്ഷം രൂപ വരും. സെന്റിന് 40 ലക്ഷം രൂപവരെ ഇവിടത്തിന് വിലയുണ്ട്. അപ്പോഴാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ പ്ലോട്ടിന് ഇത്രയും കുറഞ്ഞ വില നിശ്ചയിച്ചത്. ഇക്കാര്യം ഉയര്‍ത്തി സഭയ്ക്കുള്ളില്‍തന്നെ പോര് തുടങ്ങിയ ഘട്ടത്തിലാണ് നിശ്ചയിച്ച വില പോലും ലഭിച്ചിട്ടില്ല എന്നുള്ള കാര്യവും വെളിയില്‍ വന്നത്.

എങ്ങനെ 27 കോടി രൂപയ്ക്ക് വിറ്റ സ്ഥലത്തിന് 9 കോടി മാത്രം ലഭിച്ചു? ഇക്കാര്യത്തിലെ വിശദീകരണം കേട്ടാല്‍ ചിരിക്കും. 9 രൂപ ആദ്യ ഗഡുവായി മാത്രമാണ് സഭ കൈപ്പറ്റിയതത്രെ. എന്നാല്‍ ഭൂമി മുഴുവനായും എഴുതിക്കൊടുത്തുകഴിഞ്ഞു. ബാക്കി തുകയ്ക്ക് സ്ഥലം വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കായി ഈടുവച്ചു. തിരികെ ലഭിച്ച സ്ഥലമോ, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലുള്ളവയും. വനയോര മേഖലകളിലും കസ്തൂരിരംഗന്‍ പ്രദേശത്തുമുള്ള സ്ഥലങ്ങള്‍ സഭയുടെ മേല്‍ വിദഗ്ധമായി കെട്ടിവച്ചുവെന്നും ആരോപണമുണ്ട്.

ഇക്കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങിയതോടെ ഉള്‍പ്പോര് ആരംഭിച്ചു. വിശ്വാസികള്‍ പ്രതികരിക്കാനാരംഭിച്ചു. എന്നാല്‍ പരസ്യമായി പ്രതികരിച്ച ചിലരെ സഭാ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ഒരു വിശ്വാസി റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി. വന്‍ ഗുരുതരമായ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് വെളിയില്‍ വന്നതെന്ന് ഇവര്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം പല സ്ഥലങ്ങളിലായി നല്‍കിയിട്ടുള്ള അപേക്ഷകള്‍ക്ക് ഉത്തരം വരുമ്പോള്‍ സംഗതി കൂടുതല്‍ വ്യക്തമാകും. എന്നാല്‍ അതിനുമുമ്പേ ഇക്കാര്യത്തില്‍ ഉത്തരം നല്‍കേണ്ടത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണ്. എന്നാല്‍ ആലഞ്ചേരിക്ക് അതിന് സാധിച്ചില്ല എന്നതിനുള്ള തെളിവാണ് നടന്നുകഴിഞ്ഞ സംഭവവികാസങ്ങള്‍.

ചില മെത്രാന്മാര്‍ മാര്‍പ്പാപ്പയ്ക്ക് ഇക്കാര്യങ്ങള്‍ വിശദമായിക്കാണിച്ച് പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഭയ്ക്കുള്ളില്‍ ഈ വിഷയം ഒതുക്കാന്‍ ഇവര്‍ തയാറല്ല എന്നത് മാതൃകാപരമാണ്. ആരോപണങ്ങളെക്കുറിച്ച് അതിരൂപത കമ്മീഷന്‍ അന്വേഷിക്കുകയാണെന്ന് സഭാ വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ട് റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇതിലപ്പുറം ഒരു പ്രതികരണം നടത്താന്‍ സഭ തയാറല്ല. വിശ്വാസികളും ഒരുവിഭാഗം വൈദികരും ഇടപാടില്‍ പരാതിക്കാരായുള്ളതിനാല്‍ സംഭവത്തെ പാടേ തള്ളിക്കളയാനും സാധിക്കുന്നില്ല എന്നത് വ്യക്തം.

ജനുവരിയില്‍ ചേരുന്ന സഭാ സിനഡ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകഴിഞ്ഞു. ഇക്കാര്യം തെളിഞ്ഞുകഴിഞ്ഞാല്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വത്തിക്കാന് നല്‍കിയിരിക്കുന്ന പരാതിയുടെ കാര്യത്തില്‍ യാതൊരു സംഗതിയും നടന്നേക്കില്ല. സീറോ മലബാര്‍ സഭയുടെ മേല്‍ വത്തിക്കാന് യാതൊരു പിടിപാടുമില്ല എന്നത് പരസ്യമായ കാര്യമാണ്. മാര്‍പാപ്പ പുറപ്പെടുവിച്ച സ്ത്രീകളുടെ കാല്‍കഴുകല്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സീറോ മലബാര്‍ സഭ തള്ളുകയായിരുന്നു.

കേന്ദ്ര ഗവണ്‍മെന്റിനും സഭയ്ക്കും ഇടയിലുള്ള അല്‍ഫോന്‍സ് കണ്ണന്താനം എന്ന ‘പാലത്തിലാണ്’ പിന്നെ സഭ പ്രതീക്ഷിക്കേണ്ടത്. കാഞ്ഞിരപ്പള്ളി മെത്രാന്റെ മോദി പുകഴ്ത്തല്‍ നാം കേട്ടതാണ്. എന്നാല്‍ സഭയ്ക്കുളളില്‍തന്നെയുള്ളവര്‍ (ഒരു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍) നിലവിലെ കര്‍ദ്ദിനാളിനെ പ്രതിക്കൂട്ടില്‍ കയറ്റും എന്ന് ഉറപ്പിച്ച് നീങ്ങുന്നതാണ് പശ്‌നം മൂടിവയ്ക്കാനും ഒതുക്കാനും നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാത്തതും.

അങ്ങനെ പ്രതികരിച്ചവരിലാണ് പ്രതീക്ഷവയ്‌ക്കേണ്ടത്. തെറ്റ് ആര് ചെയ്താലും തെറ്റുതന്നെ. അത് മതങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ ഗുരുതരം. ആടുകളെ നയിക്കുന്നവരാണ് ഇടയന്മാര്‍ എന്നാണ് അവകാശവാദം. എന്നാല്‍ ഇടയന്മാര്‍ ഉപജീവനം കഴിക്കുന്നതും ആടുകളിലൂടെത്തന്നെയാണ്. പരസ്പരം ഇത്തരത്തിലൊരു ഒത്തുതീര്‍പ്പില്‍ നീങ്ങുമ്പോള്‍ അതിന് വിലങ്ങുതടിയുമായി ചിലര്‍ വരുന്നത് എന്തൊരു കഷ്ടമാണ്!

DONT MISS
Top