ബിജെപി മന്ത്രിയുടെ മക്കള്‍ മര്‍ദ്ദിച്ചു; നിയമ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

മര്‍ദ്ദനത്തില്‍ പരുക്കേറ്റ തേജ് സിംഗ് യാദവ്

അല്‍വാര്‍: രാജസ്ഥാനിലെ ബിജെപി മന്ത്രിയായ ഹേം സിംഗ് ഭാദനയുടെ മക്കളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ നിയമ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. മന്ത്രിയുടെ മക്കളായ സുരേന്ദ്ര ഭാദന, ഹിതേഷ് ഭാദന എന്നിവരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ തേജ് സിംഗ് യാദവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമ വിദ്യാര്‍ത്ഥിയായ തേജ്, ശിവാജി പാര്‍ക്കിനു സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. ഭാദനയുടെ മക്കളും അവരുടെ 12 ഓളം സുഹൃത്തുക്കളും തേജിന്റെ താമസ്ഥലത്തേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയും ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഹേം സിംഗ് ഭാദനയ്ക്കെതിരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞിരുന്നു. ഈ സമയത്ത് തേജും അവിടെ ഉണ്ടായിരുന്നു. തേജും അസഭ്യം പറഞ്ഞവരുടെ കൂട്ടത്തിലുള്ളതാണെന്ന് കരുതി വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്യുകയും പിന്നീട് തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ഹേം സിംഗ് ദാദനയ്ക്കെതിരെ അസഭ്യം പറഞ്ഞവര്‍ ആരൊക്കെയാണ് ചോദിച്ചുകൊണ്ടായിരുന്നു യുവാവിനെ മര്‍ദ്ദിച്ചതെന്ന് തേജിന്റെ പിതാവായ സതീഷ് യാദവ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ ബോധം പോയതായും എന്തിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പോലും അറിയില്ലെന്നും തേജ് പൊലീസിനോട് പറഞ്ഞു. കൈ രണ്ടും കെട്ടിയിട്ട് ദണ്ഡ് കൊണ്ടാണ് തന്നെ മര്‍ദ്ദിച്ചതെന്നും യുവാവ് പറഞ്ഞു. കൂടാതെ തന്റെ കുടുംബത്തിനുനേരെ ഭാദനയുടെ മക്കളുടെ ഭീക്ഷണിയുള്ളതായി തേജ് പൊലീസിന് മൊഴി നല്‍കി.

DONT MISS
Top