ശാന്തികൃഷ്ണയെ തിരിച്ചറിയാന്‍ ഗൂഗിള്‍ നോക്കേണ്ടി വന്നുവെന്ന് നടി അപര്‍ണ; അതൊരു മോശം കാര്യമാണോയെന്ന് ശാന്തികൃഷ്ണ

ശാന്തികൃഷ്ണ, അപര്‍ണ ഗോപിനാഥ്‌

തന്നെ തിരിച്ചറിയാന്‍ യുവനടി അപര്‍ണ ഗോപിനാഥിന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു നോക്കേണ്ടി വന്നുവെന്ന് നടി ശാന്തികൃഷ്ണ. എന്നാല്‍ അതൊരു മോശം കാര്യമായി താന്‍ കരുതുന്നില്ലെന്നും ശാന്തികൃഷ്ണ പറഞ്ഞു.

നേരത്തെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ചിത്രത്തിലെ നായകനായ നിവിന്‍ പോളി ആരാണെന്നറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നു എന്ന ശാന്തികൃഷ്ണയുടെ വാക്കുകള്‍ വിവാദമായിരുന്നു. ഇന്ന് അപര്‍ണ ചെയ്തത് തന്നെയാണ് അന്നും താനും ചെയ്തതെന്ന് വിശദീകരിക്കുകയായിരുന്നു ശാന്തികൃഷ്ണ.

സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കവെയാണ് ചേച്ചിയെക്കുറിച്ച് കൂടുതലറിയാന്‍ താന്‍ ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നുവെന്ന് അപര്‍ണ പറഞ്ഞത്. തനിക്കത് വലിയ കാര്യമായി തോന്നിയില്ലെന്ന് ശാന്തികൃഷ്ണ പറയുന്നു. വേണമെങ്കില്‍ എന്നെ അറിയില്ലെന്ന് പറഞ്ഞുവല്ലോ എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ താനത് തമാശയായേ എടുത്തുള്ളുവെന്നും ശാന്തികൃഷ്ണ പറഞ്ഞു.

എന്നാല്‍ നേരത്തെ താന്‍ നിവിനെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് വിവാദമാക്കി. നിവിനെ അറിയില്ലെന്ന് പറഞ്ഞത് മാത്രം തലക്കെട്ടുകള്‍ നല്‍കി വിഷയം വളച്ചൊടിച്ചുവെന്നും ശാന്തികൃഷ്ണ പറഞ്ഞു.

എന്നാല്‍ അതൊരു നിസ്സാര സംഭവമായിരുന്നുവെന്നും കുറേക്കാലം സിനിമയില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് പുതിയ താരങ്ങളെ പരിചയമില്ലെന്നും നിവിന്റെ മുഖം കാണാന്‍ വേണ്ടിയായിരുന്നു ഗൂഗിള്‍ ചെയ്തതെന്നും ശാന്തികൃഷ്ണ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ വിവാദമാക്കിയെങ്കിലും നിവിന്‍ ഈ സംഭവം തമാശയായിട്ടാണ് എടുത്തതെന്നും ശാന്തികൃഷ്ണ പറഞ്ഞു.

DONT MISS
Top