ഐക്യരാഷ്ട്ര സഭ യോഗം ഇന്ന്; ജറുസലേം വിഷയത്തില്‍ പിന്തുണയ്ക്കാത്തവരുടെ സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് ട്രംപ്

ഡോണള്‍ഡ് ട്രംപ്

ലണ്ടന്‍: ഐക്യരാഷ്ട്ര സഭയുടെ അടിയന്തര യോഗം ഇന്ന് ചേരാനിരിക്കെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ജറുസലേം വിഷയത്തില്‍ തങ്ങളെ പിന്തുണച്ച് വോട്ടുചെയ്യാത്തവരുടെ സാമ്പത്തിക സഹായം പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കയുടെ തീരുമാനത്തില്‍ വോട്ടുതേടാനാണ് ഇന്ന് അടിയന്തരമായി ഐക്യരാഷ്ട്ര സഭ യോഗം ചേരുന്നത്. ലോകരാഷ്ട്രങ്ങള്‍ എല്ലാം അമേരിക്കയുടെ നിലപാടിനെ തള്ളിയ സാഹചര്യത്തിലാണ് അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ‘ഞങ്ങളുടെ പണം വാങ്ങി ഞങ്ങള്‍ക്കെതിരെ വോട്ടുചെയ്യാനാണ് ശ്രമമെങ്കില്‍ അവര്‍ അതുചെയ്യട്ടെ. ബാക്കി അപ്പോള്‍ കാണാം.’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്ക, ഏഷ്യന്‍, ലാറ്റിനമേരിക്ക രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ പരാമര്‍ശം. ഇതോടെ അമേരിക്കയുടെ നിലപാടിനെ ലോകരാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമായി. ട്രംപിന്റെ തീരുമാനങ്ങള്‍ക്കെതിരെ നേരത്തെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. അതേസമയം അനുകൂലിച്ച് വോട്ടുചെയ്യാത്തവരുടെ പേരുകള്‍ അമേരിക്ക കുറിച്ചുവെയ്ക്കുന്നുണ്ടെന്ന് യുഎസ് അംബാസിഡര്‍ നിക്കി ഹാലെയും വ്യക്തമാക്കിയിരുന്നു.

കാലങ്ങളായുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ എരിവേകുന്നതായിരുന്നു ജറുസലേം വിഷയത്തിലുള്ള അമേരിക്കയുടെ നിലപാട്. പ്രതിഷേധം വകവെയ്ക്കാതെയുള്ള പ്രഖ്യാപനം വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്നായിരുന്നു അറബ് രാജ്യങ്ങളുടെ പ്രതികരണം. പലസ്തീനില്‍ ഇപ്പോഴും ട്രംപിനെതിരായ പ്രതിഷേധം അവസാനിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് പ്രഖ്യാപനത്തിനെതിരെ തെരുവിലിറങ്ങിയത്.

DONT MISS
Top