പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ആലപ്പുഴ: പുതുച്ചേരിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതിവെട്ടിച്ച കേസില്‍ ചലച്ചിത്ര താരം ഫഹദ് ഫാസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ ഫഹദിനോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫഹദ് ഹാജരായിരുന്നില്ല. സംഭവം വിവാദമായതോടെ ഫഹദ് കേരളത്തില്‍ നികുതി അടച്ച് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

സമാനമായ കേസില്‍ നടി അമലാ പോളും, നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അമലാ പോളിനോട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടി എത്തിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അമലാ പോള്‍ ഹാജരാകാതിരുന്നത്.

ഫഹദ് ഫാസിലിന്റെയും അമലാ പോളിന്റെയും വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫഹദ് നല്‍കിയ വിലാസത്തില്‍ അഞ്ചുപേരും അമലപോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

സുരേഷ്‌ഗോപി സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ തുടര്‍ന്ന് അദ്ദേത്തിന്റെ അറസ്റ്റ്  ഹെെക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞിരുന്നു.അതേസമയം സുരേഷ് ഗോപിയോട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.സുരേഷ്‌ഗോപി  വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തായിരുന്നു.

DONT MISS
Top