ഐഎസ്എല്‍; ബംഗളുരു എഫ്‌സി ഇന്ന് ജംഷഡ്പൂരിനെ നേരിടും

ബംഗളുരു എഫ്‌സി

ബംഗളുരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ബംഗളുരു എഫ്‌സി  ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. ബംഗളൂരു ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സീസണിലെ നവാഗതരായ രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടം എറെ ശ്രദ്ധേയമാകും.

ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി ബംഗളുരു എഫ്‌സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുമ്പോള്‍, അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമായി ജംഷഡ്പൂര്‍ എഫ്‌സി ആറാം സ്ഥാനത്താണ്. കഴിഞ്ഞ റൗണ്ട് വരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം വിടാതെ നോക്കിയ ബംഗളുരു എഫ്‌സിക്ക് ഇത് സ്ഥാനം വീണ്ടെടുക്കാനുള്ള അവസരമാണ്. രണ്ടു ടീമുകളും ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ മത്സരങ്ങളില്‍ തോറ്റിരുന്നു. ബംഗളുരു  ചെന്നൈയിന്‍ എഫ്‌സിയോട് 1-2നു തോറ്റു. ജംഷഡ്പൂര്‍ എഫ്‌സിയെ 0-1നു പൂനെ സിറ്റിയും കീഴടക്കി.

ആല്‍ബര്‍ട്ട് റോക്ക

ഹോം ഗ്രൗണ്ട് കാര്യമായി അനുഗ്രഹിക്കാത്ത ടീമാണ് ബംഗളുരു എഫ്‌സി. കോച്ച് ആല്‍ബര്‍ട്ട് റോക്ക ഇന്നലെ ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ സുചിപ്പിച്ചു. ‘ സ്വന്തം ഗ്രൗണ്ടില്‍ കാര്യമായി പോയിന്റ് നോടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ഇതിനോട് പ്രതികരിക്കേണ്ടത് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തിനുശേഷം കളിക്കാര്‍ക്ക് എല്ലാം വിജയവും എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു ബോധ്യമായി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇപ്പോള്‍ സ്ഥിതിഗതി എറെ മെച്ചപ്പെട്ടിട്ടുണ്ട്,’ റോക്ക പറഞ്ഞു.

കഴിഞ്ഞ തവണത്തെ തിരിച്ചടി റോക്ക ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട്. തോല്‍വി നേരിട്ടുവെങ്കിലും, തനിക്ക് കളിക്കാരിലും ടീമിലുമുള്ള വിശ്വാസത്തിനു യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ടീമില്‍ വരുത്തിയ ആറ് മാറ്റങ്ങള്‍ ശക്തമായ ഒരു ടീം കോംമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും റോക്ക വിശദീകരിച്ചു. ‘ഞങ്ങളുടെ ഫുട്‌ബോള്‍ ബ്രാന്‍ഡിലുള്ള വിശ്വാസം ഉറച്ചതാണ്. അതോടൊപ്പം ഞങ്ങള്‍ കളിക്കുന്ന രീതിയെക്കുറിച്ചും യാതൊരു സംശയവുമില്ല.’ റോക്ക പറഞ്ഞു ജംഷെഡ്പൂരിന്റെ കടുത്ത പ്രതിരോധം പൊളിക്കാന്‍ വീണുകിട്ടുന്ന സെറ്റ് പീസുകളില്‍ ഉപയോഗിക്കേണ്ട തന്ത്രങ്ങള്‍ക്കാണ് ബംഗളുരു എഫ്‌സി പ്രത്യേക ഊന്നല്‍ നല്‍കുന്നത്.

സ്റ്റീവ് കോപ്പല്‍

പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണെങ്കിലും ഈ സീസണില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും മികച്ച പ്രതിരോധമാണ് ജംഷഡ്പൂര്‍ എഫ്‌സിയുടേത്. ഒരേ ഒരു ഗോള്‍ മാത്രമെ അവര്‍ ഇതിനകം വഴങ്ങിയട്ടുള്ളു. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. കോച്ച് സ്റ്റീവ് കോപ്പലിനു തന്റെ ടീം ശരിയായ പാതയിലാണെന്ന് നന്നായി അറിയാം. ‘ആദ്യ ദിവസം മുതല്‍ തന്നെ, ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിലാണ് ഞങ്ങള്‍ ഏറെ ശ്രദ്ധ ചെലുത്തിയത്. ഞങ്ങളുടെ പ്രതിരോധം കരുത്തുറ്റതാക്കാന്‍ നന്നായി അധ്വാനിച്ചു. മുന്‍നിരയില്‍ ഞങ്ങള്‍ അത്ര സമൃദ്ധരല്ല. ഞങ്ങള്‍ക്ക് ഇനിയും ഇക്കാര്യത്തില്‍ മുന്നേറേണ്ടതുണ്ട്,’ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ജംഷഡ്്പൂരിന്റെ ലീഗിലെ ഏക തോല്‍വിയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിയോട് നേരിട്ടത്.

ഇന്ന് ബംഗളുരു എഫ്‌സിയോടുള്ള മത്സരം ജംഷഡ്പൂരിനെ സംബന്ധിച്ച് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനുള്ള വഴിയാണ്. ഫുള്‍പോയിന്റ് നേടിയാല്‍ ആദ്യ പകുതിയിലേക്ക് വഴി തുറക്കും. ‘കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി സ്വീകരിച്ച കളി തന്നെ ഞങ്ങളും സ്വീകരിക്കാനാണ് താത്പര്യപ്പെടുന്നത്. ടീമില്‍ ആറോളം പേരെ ഒറ്റയടിക്കു മാറ്റുവാന്‍  പരിശീലകന്‍ കാണിച്ച ആത്മവിശ്വാസം എടുത്തു പറയേണ്ടത് തന്നെയാണ്. ടീമിന്റെ ഗുണനിലവാരം വളരെ ആഴത്തില്‍ മനസിലാക്കിയ ഒരു പരിശീലകന് മാത്രമെ അത്തരം ഒരു നീക്കം നടത്താന്‍ കഴിയൂകയുളളു. ഐഎസ്എല്ലിന്റെ ഈ ഘട്ടത്തില്‍ ഏറ്റവും ശക്തമായ ഒരു ടീമിനെ കൂടി ഉള്‍ക്കൊള്ളുന്ന ടീമാണ് ബംഗളുരു എന്ന് ഇതോടെ വ്യക്തമായി. ഇത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ചെന്നൈയിന്‍ ഇവിടെ വന്നു കളിച്ചു, ജയിച്ചു. അതേപോലെ ചെയ്യാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ജംഷഡ്പൂര്‍ എഫ്‌സി

DONT MISS
Top