ബാങ്കല്ല, എസ്ബിഐ കൊള്ള സംഘം തന്നെ; മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ഇങ്ങനെ

എസ്ബിഐ കൊള്ള സംഘമാണെന്ന് അഭിപ്രായപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമം പത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായ കെഎ സൈഫുദ്ദീനുണ്ടായ അനുഭവമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതിയത്. എസ്ബിഐ എസ്ബിടി ലയനം കഴിഞ്ഞ് ഉണ്ടായ പ്രശ്‌നമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാല്‍ ലയനത്തിന് മുമ്പും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാങ്ക് ലോണുമായി ബന്ധപ്പെട്ട് സാലറി അക്കൗണ്ടില്‍ നിന്നും ലോണ്‍ അക്കൗണ്ടില്‍നിന്നും ഒരുമിച്ച് എസ്ബിഐ പണം ഈടാക്കി. എന്നാല്‍ പിശകിന് തൃപ്തികരമായ മറുപടി നല്‍കാന്‍ എസ്ബിഐ അധികൃതര്‍ നല്‍കിയതുമില്ല എന്നതാണ് കുറിപ്പ്. അദ്ദേഹം എഴുതിയത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ബാങ്കല്ല, എസ്ബിഐ കൊള്ളസംഘം തന്നെ-കെഎ സൈഫുദ്ദീന്‍

അക്കൗണ്ടില്‍ പതിനയ്യായിരത്തിനുമേല്‍ രൂപ ഉണ്ടെന്ന ഉറപ്പോടെയാണ് ഇന്ന് രാവിലെ ഒരു പാന്റ്‌സെടുക്കാന്‍ കടയില്‍ കയറിയത്. ക്യാഷ് പേ ചെയ്യാന്‍ എടിഎം/ഡെബിറ്റ് കാര്‍ഡെടുത്ത് സൈ്വപ്പ് ചെയ്യുമ്പോള്‍ എറര്‍. അക്കൗണ്ടില്‍ മതിയായ പണമില്ല. ഞെട്ടിപ്പോയി.

കുറച്ചുമുമ്പ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ അടിക്കുകയും എടിഎമ്മില്‍ നിന്ന് ക്യാഷായി രണ്ടായിരം എടുത്ത് മറ്റൊരാള്‍ക്ക് കൊടുക്കുകയും ചെയ്തതാണ്. ഇതെന്ത് മറിമായം? പാക്ക് ചെയ്ത സാധനം തിരികെ കൊടുത്ത് നേരേ വീട്ടിലത്തെി എസ്ബിഐ സൈറ്റില്‍ കയറി അക്കൗണ്ട് ഡീറ്റയില്‍സ് പരിശോധിക്കുമ്പോള്‍ കാണാം, 13,300 രൂപ ഡിസംബര്‍ 15ന് അക്കൗണ്ടില്‍നിന്ന് വലിച്ചിരിക്കുന്നു. അത് സംബന്ധമായി യാതൊരുവിധ മെസേജോ മറ്റ് അറിയിപ്പോ ഒന്നും വന്നിരുന്നില്ല. ദോഷം പറയരുതല്ലോ, മാസംതോറും എസ്എംഎസ് സംവിധാനത്തിന്റെ പേരില്‍ അക്കൗണ്ടില്‍നിന്ന് കൃത്യമായി പണം പിടിക്കുന്നുണ്ട്.

നേരേ ബാങ്കിലത്തെി കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും യാതൊരു വിവരവുമില്ല. തുക വിഡ്രോ ചെയ്തിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര് പിന്‍വലിച്ചു എന്ന ചോദ്യത്തിനും മറുപടി ഇല്ല.

വിശദമായ അന്വേഷണത്തില്‍ കാശുപോയ വഴി തെളിഞ്ഞുവരുന്നു.

എസ്ബിടിയും എസ്ബിഐയും ലയിക്കുന്നതിനും നാല് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിന് എസ്ബിഐയില്‍നിന്ന് 10 ലക്ഷം രൂപ ലോണെടുത്തിരുന്നു. അതിന്റെ ഇഎംഐ 13,300 രൂപയാണ്. എന്റെയും വൈഫിന്റെയും പേരിലാണ് ലോണ്‍ എടുത്തിരിക്കുന്നത്. കോഴിക്കോട് മാനാഞ്ചിറയിലെ ബ്രാഞ്ചില്‍നിന്നാണ് ലോണ്‍. അതിന്റെ തിരിച്ചടവിനായി ഞങ്ങളുടെ പേരില്‍ അവിടെ തന്നെ ഒരു ജോയന്റ് ടആ അക്കൗണ്ടുമുണ്ട്. 15ാം തിയതിയാണ് ഇഎംഐ അടയ്‌ക്കേണ്ട ദിവസം. എല്ലാ ദിവസവും 15ന് മുമ്പായി ഈ അക്കൗണ്ടിലേക്ക് ക്യാഷ് എത്തിക്കാറുണ്ട്. തിരിച്ചടവ് തുടങ്ങിയ അന്നു മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 15 വരെ ഒരു തവണ പോലും ഇഎംഐ മുടങ്ങിയിട്ടില്ല. (എന്നിട്ടും രണ്ടുതവണ ഇഎംഐ മുടങ്ങിയെന്ന പേരില്‍ 1800 രൂപ പിഴയായി ഈടാക്കിയിരുന്നു. അക്കൗണ്ട് ഡീറ്റയില്‍സിന്റെ പ്രിന്റുമായി ബ്രാഞ്ചിലത്തെി ബോധ്യപ്പെടുത്തിയപ്പോള്‍ അത് തിരികെ ക്രെഡിറ്റ് ചെയ്തു)

കോഴിക്കോട് വെള്ളിമാടുകുന്നിലെ എസ്ബിറ്റി ബ്രാഞ്ചിലാണ് ഞങ്ങളുടെ സാലറി അക്കൗണ്ട്. എസ്ബിഐയില്‍ ലയിക്കുന്നതുവരെ വലിയ കുഴപ്പമില്ലാതെ പോയതാണ്. ലയിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ കഷ്ടകാലവും തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് മാനാഞ്ചിറയിലെ ഞങ്ങളുടെ ജോയന്റ് അക്കൗണ്ടില്‍നിന്നും എന്റെ സാലറി അക്കൗണ്ടില്‍നിന്നും ഒരേ പോലെ 13,300 രൂപ വീതം പിടിച്ചിരിക്കുന്നു. അതാണ് അക്കൗണ്ടിലെ പണം ആവിയായി പോയതിനു കാരണം.

ഇഎംഐ അടയ്ക്കുന്നതില്‍ വീഴ്ചവരുത്താത്ത ഒരാളില്‍ നിന്ന് ഒരേ ദിവസം എങ്ങനെയാണ് രണ്ട് ഇഎംഐ പിടിക്കുക?
മാത്രവുമല്ല, എന്റെ സാലറി അക്കൗണ്ടില്‍നിന്ന് പണം ഇഎംഐ പിടിക്കാന്‍ ഞാന്‍ യാതൊരുവിധ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷനും കൊടുത്തിട്ടില്ലെന്നിരിക്കെ എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ അക്കൗണ്ടിലെ പണം എങ്ങനെയാണ് മറ്റൊരിടത്തേക്ക് മാറ്റുക? അപ്പോള്‍ എന്തു സുരക്ഷയാണ് കസ്റ്റമറുടെ പണത്തിനുള്ളത്?

ഈ ചോദ്യങ്ങള്‍ക്കൊന്നും ബ്രാഞ്ച് മാനേജര്‍ക്ക് മറുപടിയില്ല. നിങ്ങളുടെ പണം ഞങ്ങള്‍ എടുത്തിട്ടില്ല എന്നായി അവര്‍. പിന്നെ ഞാന്‍ വന്നു കുത്തിപ്പൊളിച്ച് എടുത്തോണ്ടു പോയതാണോ എന്നായി ഞാന്‍. എടുത്തിടത്തു പോയി ചോദിക്കൂ എന്നാണ് അവരുടെ ഹുങ്കോടെയുള്ള മറുപടി.

എന്റെ സാലറി നിങ്ങളുടെ ബ്രാഞ്ചിലെ അക്കൗണ്ടിലാണ് എത്തിയത്, നിങ്ങള്‍ ഈ ബ്രാഞ്ചിന്റെ മാനേജറാണ്. ഞാന്‍ ഈ ബാങ്കിലെ കസ്റ്റമറും. ഞാന്‍ വന്നു ചോദിക്കുമ്പോള്‍ എന്റെ പണം തന്നേപറ്റൂ. അതിനു പറ്റില്ലെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് ബ്രാഞ്ച് മാനേജറായിരിക്കുന്നത്? അങ്ങനെ കലഹം മൂര്‍ഛിക്കുന്നതിനിടയില്‍ അവര്‍ പറയുന്നു ഞാന്‍ ഇഎംഐ അടയ്ക്കാത്തതുകൊണ്ട് പിടിച്ചതായിരിക്കും, അല്ലെങ്കില്‍ ഫ്രീസ് ചെയ്തതായിരിക്കും എന്ന്.

കണ്‍ട്രോളു പോകാന്‍ വേറേ വല്ലതും വേണോ!

നിങ്ങളുടെ ബ്രാഞ്ചില്‍നിന്ന് ഞാന്‍ ലോണെടുത്തിട്ടുണ്ടോ..?’
ഇല്ല
മറ്റൊരിടത്തുനിന്ന് എടുത്ത ലോണിന് ഇവിടുത്തെ അക്കൗണ്ടില്‍നിന്ന് പണമെടുക്കാന്‍ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ തന്നിട്ടുണ്ടോ
ഇല്ല
പിന്നെ എന്റെ പണം എവിടെപ്പോയി..
അതെനിക്കറിയില്ല
ഞാന്‍ പുറത്തുപോയി രണ്ട് അക്കൗണ്ടിന്റെയും ആറുമാസത്തെ സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റെടുത്ത് അവരുടെ മുന്നില്‍ കൊണ്ടുപോയി കാണിച്ചു. അതില്‍ രണ്ട് അക്കൗണ്ടില്‍ നിന്നും ഒരേ ദിവസം 13,300 രൂപ ഇഎംഐ പിടിച്ചിരിക്കുന്നു.

ഒടുവില്‍ അവര്‍ പറയുകയാണ് നിങ്ങള്‍ ഒരു പരാതി എഴുതിത്തരൂ, മുകളിലേക്ക് അയക്കാം, ഞങ്ങള്‍ അന്വേഷിക്കാം എന്ന്.
ഞാന്‍ പറഞ്ഞു പരാതി നിങ്ങള്‍ എഴുതി മോളില്‍ കൊടുത്താല്‍ മതി. എന്റെ ബ്രാഞ്ചിലെ കസ്റ്റമറുടെ പണം കാണുന്നില്ല, തിരികെ തരണമെന്ന്.

അവസാനം, 24 മണിക്കൂറിനുള്ളില്‍ പണം എന്റെ അക്കൗണ്ടില്‍ എത്തിച്ചില്ലെങ്കില്‍ നാളെ ബാങ്കിന്റെ നടയില്‍ കുത്തിയിരിക്കുമെന്ന് അന്ത്യശാസനം കൊടുത്തിരിക്കുകയാണ്.

മുമ്പും ഇതേപോലെ ഇഎംഐ തിയതിക്കു മുമ്പായി എന്റെ സാലറി അക്കൗണ്ടില്‍നിന്ന് പണം പിടുങ്ങിയപ്പോള്‍ അത് ബാങ്ക് ലയിപ്പിച്ചതുകൊണ്ട് സര്‍വറിലുണ്ടായ ആശയക്കുഴപ്പമാണ്, ഇനിയുണ്ടാവില്ല എന്നു പറഞ്ഞതാണ്. നാളെ മിക്കവാറും കലാപം നടത്തേണ്ടിവരുമെന്നാ തോന്നുന്നത്.

പ്രത്യേക ശ്രദ്ധയ്ക്ക്

കണക്കും കാര്യവും സൂക്ഷ്മമായി നോക്കി പോകുന്നതുകൊണ്ടും അതിനു മാത്രമുള്ള പണമേ നമ്മുടെ കൈയില്‍ ഉള്ളൂ എന്നതിനാലുമാണ് ഇങ്ങനെ അക്കൗണ്ട് ആവിയായി പോകുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞത്. അങ്ങനെയല്ലാത്തവരുടെ അക്കൗണ്ടുകളില്‍ എന്തു നടക്കുന്നു പണം എങ്ങോട്ടു പോകുന്നു എന്നൊക്കെ ഇടയ്ക്കിടെ പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും. കാരണം, മൂത്രമൊഴിക്കാനുള്ള കാശടയ്ക്കല്‍ പോലും അക്കൗണ്ട് വഴിയേ നടക്കൂ എന്ന് നിയമം പാസാക്കിയിരിക്കെ പ്രത്യേകിച്ചും.

DONT MISS
Top