പെണ്‍കുട്ടികള്‍ വഴിയില്‍ വെച്ച് ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന് യുപിയിലെ മഥോര ഗ്രാമ പഞ്ചായത്ത്

പ്രതീകാത്മക ചിത്രം

ദില്ലി: പെണ്‍കുട്ടികള്‍ ഇനിമുതല്‍ വഴിയില്‍ വെച്ച് ഫോണില്‍ സംസാരിക്കരുത്. സംസാരിച്ചാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന് യുപിയിലെ മദോര ഗ്രാമ പഞ്ചായത്ത്. പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നത് മറ്റാരെങ്കിലും കണ്ടാലാണ് 21,000 രൂപ പിഴയായി നല്കേണ്ടി വരിക.

ഉത്തര്‍പ്രദേശിലെ മധുരയില്‍ മദോര ഗ്രാമപഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം ഏര്‍പ്പെടുത്തിയത്. മധുരയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരെയുള്ള മുസ്ലിം ഗ്രാമമാണ് മദോര.

പെണ്‍കുട്ടികള്‍ പരസ്യമായി ഫോണില്‍ സംസാരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ ഫോണില്‍ സംസാരിച്ച് നടന്നാല്‍ 21,000 രൂപ പിഴയായി ഈടാക്കാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.

പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാനുമാണ് ഇങ്ങനെയൊരു നിയമം ഏര്‍പ്പെടുത്തിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ ന്യായീകരണ.

പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തങ്ങള്‍ പൂര്‍ണ്ണമായും തടഞ്ഞിട്ടില്ലെന്നും എന്നാല്‍ ഉപയോഗിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന് അനുസരിച്ച് വേണമെന്നും പഞ്ചായത്തംഗമായ ഗഫര്‍ ഖാന്‍ പറഞ്ഞു. ഗ്രാമത്തിലുള്ള പെണ്‍കുട്ടികളില്‍ അധികവും വിദ്യാഭ്യാസം കുറഞ്ഞവരാണ്. പിന്നെന്തിനാണ് അവര്‍ക്ക് മൊബൈല്‍ ഫോണ്‍? ഗഫര്‍ ഖാന്‍ ചോദിക്കുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിച്ചാല്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരുമായി ഇടപഴകുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും അതുവഴി അവര്‍ തെറ്റായ ബന്ധങ്ങളില്‍ പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

DONT MISS
Top