ജൂഡിന്റെ ‘കുരങ്ങ് കഥയ്ക്ക്’ പാര്‍വതിയുടെ മറുപടി; സര്‍ക്കസ് മുതലാളിമാരോട് കണ്ടം വഴി ഓടിക്കോളാന്‍ നടി

ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണിക്ക് നടി പാര്‍വതി മറുപടി നല്‍കി. നേരിട്ട് വിമര്‍ശിക്കാതെ ജൂഡ് ഒളിപ്പോര് നടത്തിയപ്പോള്‍ പാര്‍വതിയുടെ മറുപടി കുറച്ചുകൂടി വ്യക്തതയുള്ളതായി. സര്‍ക്കസ് കമ്പനി മുതലാളിമാര്‍ എന്നാണ് ജൂഡിനേയും സമാന ചിന്താഗതിക്കാരായ സംവിധായകരേയും നടി വിശേഷിപ്പിച്ചത്.

“ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ”, ഇങ്ങനെയായിരുന്നു ജൂഡിന്റെ കുരങ്ങ് കഥ. പാര്‍വതിയും അവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനയും സ്ത്രീവിരുദ്ധ ശക്തികള്‍ക്കെതിരെ നീങ്ങുന്നതിനെതിരായാണ് ജൂഡിന്റെ കഥ എന്നത് വായിച്ചെടുക്കാന്‍ പ്രയാസമില്ല.

എല്ലാം സര്‍ക്കസ് മുതലാളിമാരോടും എന്ന് തലക്കെട്ട് കൊടുത്ത് ഒഎംകെവി എന്ന് ആലേഖനം ചെയ്തിരിക്കുന്ന ഒരു തുണിയുടെ ചിത്രമാണ് പാര്‍വതി പങ്കുവച്ചത്. ഫെമിനിച്ചി സ്പീക്കിംഗ് എന്നൊരു ഹാഷ് ടാഗും മറുപടിയിലുണ്ട്. മാന്യമായ ഭാഷയില്‍ ഓടെടാ മലരേ കണ്ടം വഴി എന്നുതന്നെ.

സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍വതിയുടെ മറുപടിക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാല്‍ കുറച്ചുകൂടി ആശയപരമാകാമായിരുന്നു മറുപടി എന്നും അഭിപ്രായമുണ്ട്. ജൂഡ് ആന്റണിയുടെ സോഷ്യല്‍ മീഡിയ പേജിലും ഇരുപക്ഷത്തും നിന്ന് ആരാധകര്‍ പോര്‍വിളി നടത്തുന്നുണ്ട്.

എംഎം മണി വൈദ്യുത മന്ത്രിയാകും എന്നവാര്‍ത്ത പുറത്തുവന്നപ്പോള്‍ സ്‌കൂളില്‍ പോയത് വെറുതെയായി എന്നൊരു അഭിപ്രായം ജൂഡ് പങ്കുവച്ചിരുന്നു. ഇതിനേത്തുടര്‍ന്നും ജൂഡിനെതിരെ പൊതുവികാരം ഉയരുകയും ജൂഡ് ചീത്തകേള്‍ക്കുകയും ചെയ്തിരുന്നു. സദാചാര പൊലീസിംഗിനെതിരെ ചുംബന സമരം നടന്നപ്പോഴും ജൂഡ് പിന്തിരിപ്പന്‍ നിലപാടുകള്‍ പങ്കുവച്ചിരുന്നു. അന്നും അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ പുരോഗമന ചിന്താഗതിക്കാര്‍ പ്രതികരിക്കുകയുണ്ടായി.

DONT MISS
Top