ആഷസ് തിരിച്ച് പിടിച്ച് ഓസീസ്; ജയം ഇന്നിംഗ്‌സിനും 41 റണ്‍സിനും

ഓസിസ് താരങ്ങള്‍

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസീസിന് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 41 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്നാം ടെസ്റ്റും വിജയിച്ചതോടെ ആഷസ് പരമ്പര തിരിച്ച് പിടിക്കാനും ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ഓസീസിന്റെ പരമ്പര നേട്ടം.

സ്കോര്‍: ഇംഗ്ലണ്ട്-403, 218; ഓസീസ്-ഒന്‍പതിന് 662 ഡിക്ലയേഡ്. 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് സമനില പിടിക്കണമെങ്കില്‍ അവസാനദിനം മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു. എന്നാല്‍ മഴമൂലം വൈകി ആരംഭിച്ച കളിയില്‍ 218 റണ്‍സിന് എല്ലാവരും പുറത്തായി. ജോസ് ഹെയ്‌സല്‍വുഡിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ലയോണ്‍, കുമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

ഇരട്ട സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് കളിയിലെ താരം. സ്മിത്തിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ചുറിയുടെ ബലത്തില്‍ 662 റണ്‍സായിരുന്നു ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ അടിച്ചെടുത്തത്. നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 403 റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് വേണ്ടി 55 റണ്‍സുമായി ജയിംസ് വിന്‍സും 54 റണ്‍സുമായി ഡേവിഡ് മലാനും പൊരുതിനോക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. അടുത്ത മത്സരം 25ന് മെല്‍ബണില്‍ വെച്ചുനടക്കും. നേരത്തെ നടന്ന ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 120 റണ്‍സിനുമായിരുന്നു ഓസീസിന്റെ വിജയം.

DONT MISS
Top